നൂറു വർഷത്തിനു മുൻപ് അതായത് 1924 ജൂലൈ 14 ന് പതിനഞ്ചു ദിവസം രാപകൽ തോരാതെ പെയ്ത മഴ സൃഷ്ടിച്ച പ്രളയത്തിൽ മലബാർ കൊച്ചി തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കണക്കില്ലാതെ ആളുകളും ജന്തുക്കളും വെള്ളത്തിൽ ഒഴുകിപ്പോയി. കുന്നും, മലയും കാടും വയലും കായലും എല്ലാം വെള്ളത്തിൽ മുങ്ങി. പത്രങ്ങളും വാർത്താ വിതരണവും മുടങ്ങി. പൊയ്പോയ കാലത്തിൻ്റെ നോവുകൾ മാത്രം ബാക്കിയായി. ആ വെള്ളപ്പൊക്കത്തിൻ്റെ കണക്കെടുപ്പു പോലും നടത്തിയിട്ടില്ല. കരയേത് കായലേത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലത്രേ. തകഴി ക്ഷേത്രത്തിലെ ഊട്ടുപുരയിൽ അളുകൾ ഭയന്നു വിറച്ച് തിങ്ങിക്കുടിയതായി ചരിത്രം പറയുന്നു. അന്നത്തെ വെള്ളപ്പൊക്കത്തിൻ്റെ ഭയാനകത വരച്ചു കാണിച്ചു കൊണ്ട് കുട്ടനാട്ടിലെ സാഹിത്യകാരനായ തകഴി ” വെള്ളപ്പൊക്കത്തിൽ” എന്ന ഹൃദയസ്പൃക്കായ കഥയെഴുതിയിട്ടുണ്ട്. കിട്ടിയ വള്ളങ്ങളിൽ കയറി ആളുകൾ രക്ഷപ്പെട്ടു. ഒരു പട്ടി മാത്രം അവശേഷിച്ചു. സ്വന്തം യജമാനൻ തന്നെ ഉപേക്ഷിച്ചു പോയതിൻ്റെ വ്യസനവും വേദനയും കൊണ്ട് ഞരങ്ങിയും ഓലിയിട്ടും പുരപ്പുറത്തിരിക്കുന്ന ആ ശ്വാനൻ്റെ നിസ്സഹായത ‘വെള്ളപ്പൊക്കത്തിൽ ‘ വിവരിച്ചിട്ടുണ്ട്. എത്രയോ മനുഷ്യരും വളർത്തു മൃഗങ്ങൾ ഒലിച്ചു പോയി. വെള്ളം കയറിയ കെട്ടിടത്തിനകത്തു കിടന്നു പോലും മനുഷ്യർ അന്ത്യശ്വാസം വലിച്ചു. അതൊക്കെ പേടി സ്വപ്നം പോലെ മനസ്സിൽ ഉരുകിക്കിടക്കുന്നു. തേയിലത്തോട്ടങ്ങളും തേയില ഫാക്ടറികളും റെയിൽവേ ലൈനുമൊക്കെയുണ്ടായിരുന്ന മൂന്നാർ പോലും 99 ലെ വെള്ളപ്പൊക്കം നക്കിത്തുടച്ചുകൊണ്ടു പോയി. സമുദ്ര നിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലുള്ള മൂന്നാറിനെയാണ് വെള്ളപ്പൊക്കം തുത്തെറിഞ്ഞത്. പുത്തൻകാവ് കുരിശു പള്ളിയിൽ വരെ വെള്ളം കുത്തിയൊലിച്ചു വന്ന കഥ പുത്തൻകാവ് മാത്തൻ തരകൻ്റെ ആത്മകഥയിൽ വരച്ചു വച്ചിട്ടുണ്ട്.
2018 ലുണ്ടായ കേരളത്തിലെ പ്രളയമാണ് നമ്മുടെ ഓർമ്മയിലുള്ളത്. പതിന്നാലര ലക്ഷം ആളുകളാണ് അന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്. 4 ലക്ഷം കുടുംബങ്ങൾ വേരറ്റുപോയി. ജാതിയും മതവും രാഷ്ട്രീയവും മറന്ന് ജനങ്ങൾ പരസ്പരം സഹായിച്ചു. 450 പേരെ പ്രളയം അപഹരിച്ചു. വീടും കുടുമില്ലാതെ പതിനായിരക്കണക്കിനാളുകൾ ദുരിതക്കയത്തിലായിരുന്നു. 2018 ലുണ്ടായ വെള്ളപ്പൊക്കത്തേക്കാൾ ഭീകരമായിരുന്നു 99 ലേത്. ജല സമൃദ്ധി അനുഗ്രഹവും പ്രളയം സർവ്വനാശവുമാണ്. ഇപ്പോൾ കാലവർഷം കലികൊണ്ട് പെയ്യുകയാണ്. ഇനിയുമെരു പ്രളയക്കെടുതി ഉണ്ടാകാതിരിക്കട്ടെ. ഇപ്പോഴിതാ ആസാമിൽ, ബോംബെയിൽ യൂ.പി യിൽ ഡൽഹിയിൽ എന്നു വേണ്ട നാടിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രളയം സൃഷ്ടിക്കുന്ന കെടുതികൾ ദിനംപ്രതി നാം കാണുകയും കേൾക്കുകയും ചെയ്യുന്നു. ഇതൊക്കെ കലികാലത്തിൻ്റെ ദുഃസ്സുചനകാളാണോ?
പ്രൊഫ. ജി.ബാലചന്ദ്രൻ