പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക് സഭയിൽ ആഞ്ഞടിച്ചത് നാടകീയമായിട്ടായിരുന്നു. കഴിഞ്ഞ പത്തുവർഷമായി മോദിസർക്കാർ ഏക പക്ഷീയമായി ലോകസഭ അടക്കി വാഴുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട പ്രതിപക്ഷ നേതാവിൻ്റെ നാനാ വിഷയങ്ങളെ സ്പർശിച്ചുകൊണ്ടുള്ള പ്രസംഗം അക്ഷരാർത്ഥത്തിൽ ലോക്‌സഭയിൽ കൊടുങ്കാറ്റുയർത്തി. കഴിഞ്ഞ ദശ വർഷത്തിനിടയിൽ പ്രധാനമന്ത്രി പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗത്തിന്നിടയിൽ ഇടപെട്ടത് ശ്രദ്ധേയമായി. ഇതുവരെ ലോക് സഭയ്ക്കു പുറത്തു ഉന്നയിച്ചിരുന്ന വിഷയങ്ങൾ മൂർച്ച വരുത്തി അവതരിപ്പിച്ചപ്പോൾ ലോകം മുഴുവൻ അതു ശ്രദ്ധിച്ചു. ഹിന്ദുത്വ അജൻ്റയേയും ബി.ജെ.പി സർക്കാരിൻ്റെ മത വിദ്വേഷത്തേയും, നീറ്റു പരീക്ഷയിൽ ഉണ്ടായ അഴിമതിയേയും ഒരു ദിവസം കൊണ്ടു തീർക്കാമായിരുന്ന മണിപ്പൂർ കലാപം വഷളായിട്ടും പ്രധാനമന്ത്രി അവിടം സന്ദർശിക്കാതിരുന്നതിനെക്കുറിച്ചും അഗ്നി വീറിൻ്റെ ദോഷത്തെക്കുറിച്ചും രാഹുൽ ഗാന്ധി ശക്തമായി പ്രതികരിച്ചു. കർഷകരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെയെത്രമാത്രം വിഷമിപ്പിക്കുന്നു എന്ന് തുറന്നുകാട്ടി. ഭരണപക്ഷം എതിർപ്പുമായി സടകുടഞ്ഞ് എഴുന്നേറ്റപ്പോൾ അതിന് അവർക്ക് വഴങ്ങാതെ രാഹുൽ നിർഭയനായി തനിക്ക് പറയാനുള്ളത് വെട്ടിത്തുറന്ന് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഉറച്ച ശബ്ദവും നേതൃപാടവവും ലോക് സഭയിൽ പുതിയ രാഷ്ട്രീയമാനമുണ്ടാക്കി.
ഒരു പ്രതിപക്ഷ നേതാവില്ലാതെ ഭരണപക്ഷം ഏകപക്ഷീയമായി എത്രയെത്ര നിയമ നിർമ്മാണമാണ് നടത്തിയത്.
മതന്യൂനപക്ഷങ്ങളുടെയും ദരിദ്രരുടേയും പ്രശ്നങ്ങൾ ഇനിയാർക്കും കാണാതിരിക്കാനാവുകയില്ല. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത രാമക്ഷേത്ര ഭൂമിയായ അയോധ്യയിൽ പോലും ബി.ജെ.പി തോറ്റത് രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടി.
മതേതരത്വമാണ് ഇന്ധ്യൻ ഭരണഘടനയുടെ ചൂണ്ടുപലക.
കഴിഞ്ഞ ദിവസം ഇന്ധ്യൻ ജനാധിപത്യത്തിൻ്റെ ഒരു പുതിയ സൂര്യോദയമാണ് ലോക് സഭയിൽ നാം കണ്ടത്.
പ്രൊഫ.ജി. ബാലചന്ദ്രൻ