താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക ചരിത്ര ഫ്രെയ്മിൽ സ്വന്തം ജീവിതകഥ രൂപപ്പെടുത്താം. നുറ്റാണ്ടുകളായി പ്രചാരത്തിലുള്ള ഒരു സാഹിത്യ രൂപമാണ് ആത്മകഥ. സംഭവങ്ങളുടെ നേരേ ചോവ്വേയുള്ള രേഖീയ ശ്യംഖലയായിട്ടാണ് മിക്ക ആത്മകഥകളും രൂപപ്പെട്ടിട്ടുള്ളത്. എന്നാൽ, ആത്മകഥാസാഹിത്യത്തിൽ ഇന്ന് വിവിധവും വ്യത്യസ്തവുമായ രൂപശില്പങ്ങൾ നിഷ്പന്നമാവുന്നുണ്ട്. താത്വികാചാര്യൻ റൂസ്സോയുടെ Confessions(1782) ആണത്രെ ഇന്നു കാണുന്ന വിധത്തിലുള്ള ചിന്താഭരിതവും വൈകാരികവുമായ ആത്മകഥയുടെ മുന്നോടി. കാലക്രമികമായ ജീവിതസംഭവങ്ങളുടെ മുന്നോടി. കാലാക്രമികമായ ജീവിതസംഭവങ്ങളുടെ ആഖ്യാനം എന്ന അവസ്ഥ വിട്ട്, സർഗ്ഗാത്മക കഥാഖ്യാനത്തിൻ്റെ ഉദാത്തരീതി കൈക്കൊള്ളുന്ന ആത്മകഥകളും ഉണ്ടാവുന്നുണ്ട്. വിശ്വാസത്തിൻ്റെ വഴിയിലൂടെയുള്ള ജീവിത യാത്രകളും ആത്മീയ ത്വരകളും ആത്മകഥകളായി സാക്ഷാൽകരിക്കപ്പെടുന്നുണ്ട്. എന്നാൽ, എന്താണ് ആത്മകഥയുടെ ധർമ്മം?
സ്വന്തം ജീവിതത്തിൻ്റെ യാഥാർത്ഥ്യം പറയാൻ എഴുത്തുകാരൻ അവസരമുണ്ടാക്കുന്നു. കാലത്തേയും ഇടത്തേയും രേഖപ്പെടുത്താൻ അവസരമുണ്ടാക്കുന്നു. ആത്മ- വ്യക്തി സ്വപക്ഷത്തെ കാണുന്നതുപോലെത്തന്നെ എതിർ പക്ഷത്തേയും കാണാൻ ബാധ്യസ്ഥനാണ്. അപ്പോൾ മാത്രമേ ആത്മകഥ സത്യസൗന്ദര്യങ്ങളുടെ അന്വേഷണമാവൂ.തന്നെ കാണുന്നതോടൊപ്പം തനിക്കെതിരായ അപരനേയും അവൻ്റെ/അവളുടെ ഹൃദയഭാവങ്ങളേയും കാണാൻ കഴിയണം. അപരത്വത്തെയോർത്ത്, പശ്ചാത്താപം കണക്കെ തപിക്കാനും കഴിയണം. വായനക്കാരെ സാംസ്കാരികമായി പ്രചോദിപ്പിക്കുക, വൈകാരികമായി ഉദാത്ത തലങ്ങളിലേയ്ക്കുയർത്തുക എന്ന മഹത്തായ ഉദ്യമമാണ് ആത്മകഥ. കവിയുടെ കാൽപാടുകൾ (പി.കുഞ്ഞിരാമൻ നായർ), ജീവിത പാത (ചെറുകാട്), കണ്ണീരും കിനാവും (വി.ടി. ഭട്ടതിരിപ്പാട്), ധ്വനിപ്രകാരം (ഡോ. എം. ലീലാവതി) മുതലായ ആത്മ നിർദ്ധാരങ്ങൾ വായിക്കുക – കൃതികൾ മനുഷ്യ കഥാനിയാഗികൾ’ തന്നെയെന്നു പറയാൻ തോന്നും. കാലങ്ങളേയും മനുഷ്യകർമ്മങ്ങളേയും കർമ്മവിപികങ്ങളേയും മനുഷ്യകർമ്മങ്ങളേയും കർമ്മവിപാകങ്ങളേയും കുറിച്ച് നമ്മളിൽ അഗാധമായ അവബോധം പകരുകയാണ് ആ സുകൃതികൾ.
സംഭവ ബഹുലമായി ജീവിച്ചവർക്ക് ഒരു അത്യന്തിക ഘട്ടത്തിൽ കാലൊച്ചകൾ ചിലപ്പോൾ കേൾക്കാൻ കഴിഞ്ഞക്കോം.
വിരാമത്തിൻ്റെ അദൃശ്യസൂചനകൾ വന്ന് പിടിച്ചുകുലുക്കുന്ന ഒരു ഘട്ടത്തിൽ പൊയ്പോയ കാലങ്ങളിലേയ്ക്കു തിരിഞ്ഞുനോക്കാൻ വെമ്പലുണ്ടാവും. ആത്മാവിൻ്റെ തുലികകൊണ്ട് എഴുതാൻ വെമ്പലുണ്ടാവും ഓർമ്മകൾ ഒരു പുസ്തകമായിത്തീരുന്നതു സ്വപ്നം കാണും. അങ്ങനെയുള്ള ഒരു സ്വപ്നത്തിൻ്റെ സാക്ഷാൽക്കാരങ്ങൾ മലയാളത്തിൽ കുറേ ഉണ്ടായിട്ടുണ്ട്. അവയിലൊന്നാണ് പ്രൊഫ. ജി.ബാലചന്ദ്രൻ്റെ ‘ഇന്നലെയുടെ തീരത്ത്’ ഏഴര പതിറ്റാണ്ടുകാലത്തെ ജീവിതാനുഭവങ്ങളുടെ സമ്പുടമാണിത്. ഇന്നലെയുടെ തീരത്തേക്കു മടങ്ങിച്ചെന്ന് എഴുതിയതാണിത്. സ്വത്വം അറിഞ്ഞു കൊണ്ട് കൈകൾ കളങ്കപ്പെടാതെ ജീവിക്കാൻ ശ്രമിച്ച ഒരു അദ്ധ്യാപകനും രാഷ്ട്രീയ നേതാവുമാണ് ബാലചന്ദ്രൻ. സാത്വികതയ്ക്കായുള്ള യത്നത്തിൽ അനുഭവിക്കേണ്ടിവന്ന കഷ്ടനഷ്ടങ്ങളേയും കുടുംബ വീട്ടിലെ ആധികളേയും കുറിച്ചുള്ള ഭവവിഭാവങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ ആത്മകഥ. ‘കവിതകളോട് എന്തോ കമ്പം തോന്നിയില്ല’ എന്ന് തൻ്റെ അഭിരുചിലോപത്തെപ്പറ്റി ആത്മകഥാകാരൻ പറയുന്നുണ്ട്. എന്നാൽ, വസ്തുനിഷ്ഠമായ ആഖ്യാനത്തിലും ആത്മാർത്ഥതയുടെ കവിത സ്ഫുരിക്കുന്ന വിധത്തിലാണ് ജീവന രചന. മന്ത്രവാദത്തിൻ്റെ രഹസ്യച്ചരട് തൻ്റെ കുരുട്ടുബുദ്ധികൊണ്ട് പൊളിച്ചടുക്കിയതിനെപ്പറ്റി ആത്മ രചയിതാവ് പറയുന്നുണ്ട്. അങ്ങനെയുള്ള ‘അവിശ്വാസിയായ ഒരു വിശ്വാസി’ യുടെ ബാല്യകൗമാര യൗവന കാലങ്ങളാണ് ഇവിടെ അപോദ്ഗ്രഥനം ചെയ്യുന്നത്. തൻ്റെ കുടുംബ-രാഷ്ട്രീയ-കലാസാംസ്കാരികാനുഭവങ്ങളുടെ തിളച്ചുമറിയലുകൾക്കൊപ്പം ആലപ്പുഴ എന്ന തട്ടകത്തിൻ്റെ ചരിത്രനാൾവഴികളിലൂടെയും ബാലചന്ദ്രനോടൊപ്പം നാം സഞ്ചരിക്കുന്നു.
ബാല്യമാണ് ഏത് ആത്മകഥയുടേയും ഉല്പത്തിസ്ഥാനവും ബലതന്ത്രവും. ബാലചന്ദ്രനും ജീവിതമെഴുത്ത് ആരംഭിക്കുന്നത് ശൈശവത്തിൽ നിന്നാണ്. നിങ്ങളുടെ ബാല്യം അനുഭവസന്നമാണെങ്കിൽ എഴുത്തിൽ മുന്നേറാൻ മറ്റൊന്നും വേണ്ട” എന്ന ഗബ്രിയേൽ ഗാർഷ്യേ മാർക്കേസിൻ്റെ വാക്കുകൾ ഈ ഗ്രന്ഥകാരനെ പ്രചോദിപ്പിച്ചിട്ടുണ്ട്.” മാന്ത്രികക്കുടം തുറക്കുന്നതുപോലെയാണ് പുസ്തകങ്ങളിലെ ഉള്ളറകൾ” എന്ന ആത്മകഥാരേഖ ശ്രദ്ധേയമാണ്. തിരുവിതാംകൂറിൻ്റെ പല ദശകളിലെ സ്ഥലകാലങ്ങൾ, സ്വാനുഭവചിത്രണത്തിൻ്റെ ഊടും പാവുമായി വർത്തിക്കുകയാൽ, ഇത് ഒരു ദേശത്തിൻ്റെ കഥ’ കുടിയാവുന്നു. എഴുത്തുകാരൻ ദേശത്തെ എഴുതുന്നു എന്ന ഹോമിഭാഭായുടെ വീക്ഷണം, എസ്.കെ. പൊറ്റെക്കാടിനു മുമ്പേ ഉണ്ടായി എന്നു ഞാൻ കരുതുന്നില്ല. അഥവാ ഉണ്ടായെങ്കിൽത്തന്നെ അതൊരു മനുഷ്യവംശ ചരിത്രത്തിൻ്റെ സാഹിതീയ അഭിജ്ഞാനമായി നേരിട്ടനുഭവിക്കാൻ കഴിഞ്ഞത് ദേശത്തിൻ്റെ കഥാകാരനു തന്നെയാണ്.
യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലം കെ.എസ്.യു. രാഷ്ട്രീയം, കോൺഗ്രസ് പ്രവർത്തനം, എ.കെ ആൻ്റണിയോടെപ്പമുള്ള ഗതിവിഗതികൾ, മഹാകവി വള്ളത്തോളിൻ്റെ കേസു വാദിച്ച വക്കീലും കവിയും പുതുനാടകക്കളരിക്കാരനുമായ കാവാലം, ജ്ഞാനപീo ജേതാവായ തകഴി – അങ്ങനെ എത്രയോ വിശ്രുതരുമായുള്ള സഹവാസം, ആലപ്പുഴ എസ്.ഡി. കോളേജിലെ അദ്ധ്യാപകവൃത്തി, നാലരപതിറ്റാണ്ടുകാലത്തെ സനാതന ധർമ്മസ്ഥലിയോടുള്ള മമത, സമന്വയം സാംസ്കാരിക മാസികയുടെ നടത്തിപ്പ്, ലീഡർ എന്ന ‘കോൺഗ്രസ്സിൻ്റെ പെരുന്തമ്മൻ, കയർത്തൊഴിലാളി ക്ഷേമനിധി ചെയർമാനായി പ്രവർത്തിച്ച കാലം, ഇലക്ഷൻ ഓർമ്മകൾ .. ഇങ്ങനെ തിങ്ങിവിങ്ങി നിൽക്കുന്നു കർത്താവും ക്രിയകളും കർമ്മങ്ങളും. ഇവയ്ക്കിടയിൽ, രണ്ടു ദുരന്ത ദൃശ്യങ്ങൾ കൂടിയുണ്ട്.
ഒരു കൂട്ടത്തല്ലിനിടയിൽ ഓരാളെ മറ്റൊരാൾ കുത്തിക്കൊന്നു. ആൾക്കൂട്ടത്തിൽപ്പെട്ട. തൻ്റെ ചേട്ടൻ തങ്കപ്പായി നിരപരാധിയായിട്ടും ശിക്ഷിക്കപ്പെട്ടു. സാഹചര്യത്തെളിവുകൾ അങ്ങേർക്ക് എതിരിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. “തങ്കപ്പായിയുടെ ആത്മാവിൻ്റെ മുറിപ്പാടിൽ നിന്നൊഴുകിയ രക്തം നീതിന്യായ വ്യവസ്ഥയുടെ മനസ്സാക്ഷി കണ്ടില്ലെന്നു നടിച്ചു പ്രി- യൂണിവേഴ്സിറ്റി പരീക്ഷ നന്നായെഴുതാൻ കഴിയാതെപോയ ആ ഇരുണ്ടനാളുകളിൽ, പാഴ് പാടത്തേയ്ക്കു കോരിയെറിഞ്ഞ ചെളിക്കട്ടപോലായിരുന്നു പിന്നീടുള്ള ജീവിതം ” – എത്രയും സ്തോഭജനകമാണ് ആ വാക്കുകൾ.
മറ്റൊരു ദുരന്തദൃശ്യം: ആൻഡമാനിൽ പ്രസവത്തിനിടയിൽ മരിച്ച പെങ്ങളെ അടക്കം ചെയ്ത ശ്മശാനത്തിൽ താൻ ചെന്നുനിൽക്കുന്നു അവിടെ എവിടെയെങ്കിലും ഒരിടത്ത് തൻ്റെ പെങ്ങൾ ഉണ്ടാകമെന്ന അനുമാനത്തിൽ ധ്യാനിച്ചു നിൽക്കുന്നു: ഈ ആത്മകഥയുടെ ധൂസര കാലങ്ങൾക്കുള്ളിൽ നിതാന്തമായി ത്രസിക്കുന്നത് മുദ്രാവാക്യമല്ല. രാഷ്ട്രീയത്തിൻ്റെ ധ്വനിപ്രകാരങ്ങളല്ല ദുരന്തവിയോഗങ്ങളെക്കുറിച്ചുള്ള സ്മരണകളാണ് ഫലശ്രുതി

I have dreamt
that all my teeth fell out
but my tongue lived
to tell the tale
എന്ന് അമേരിക്കൻ ട്രാജിക്കോമിക് കവിലാറൻസ് ഫെളിഞ്ജറ്റി ‘ആട്ടോ ബയോഗ്രഫി’ എന്ന കവിതയിൽ പറയുന്നുണ്ടല്ലോ – നാക്ക് അറ്റുപോകുവോളം പറഞ്ഞു കൊണ്ടിരിക്കുക: ആത്മകഥകൾ! ‘

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക