വി കമലാസനൻ,

പാർവ്വതി,തത്തംപള്ളി:

‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള വ്യഗ്രതമൂലം വന്നുചേരാനിടയുള്ള അലങ്കാരങ്ങളുടെ എല്ലാ ആലഭാരങ്ങളും ഗ്രന്ഥകര്‍ത്താവ് വര്‍ജിച്ചിരിക്കുന്നു. ബോധപൂര്‍വ്വം കൃതിക്കൊരു ചെറുകു റിപ്പെഴുതണമെന്ന എന്റെ ഉള്‍പ്രേരണ പ്രാവര്‍ത്തികമാക്കാനുള്ള ധൈര്യം എനിക്ക് നല്കിയിട്ടില്ല. ‘സാരസ്വതം എന്റെ ക്ഷേത്രമല്ല എന്ന തിരിച്ചറിവാണ് കാരണം. എന്റെ ഇന്നലെകളില്‍ സതീര്‍ത്ഥ്യനായിരുന്ന ബാലചന്ദ്രന്റെ കൃതി ഒരു പോലെ വിളക്കും വിലക്കുമായി മുന്‍പറഞ്ഞ കാരണത്താല്‍ മുന്നിലെത്തുന്നു : “വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍.” എങ്കിലും പ്രേരണയുടെ ശക്തി ഉദ്യമത്തില്‍ വിജയിച്ചിരിക്കുന്നു!

ഡയറി എഴുതുന്ന ശീലം തനിക്കില്ലെന്നും, ജീവിതത്തിലുണ്ടാവുന്നതും അനുഭവിക്കുന്നതുമായ രംഗങ്ങളൊന്നും ക്രമമായി എഴുതി സൂക്ഷിക്കുന്നതില്‍ വിമുഖനാണെന്നും ബാലചന്ദ്രന്‍ ആമുഖമായി പറയുന്നുണ്ട്. അതിനെ നിഷേധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ രചനയുടെ പരപ്പും വൈവിദ്ധ്യവും ആ ഏറ്റുപറച്ചിലിനെ അവിശ്വസിക്കത്തക്കതരത്തില്‍ അമ്പരപ്പിക്കുന്നതാണ്. അത്രയേറെ വൈവിദ്ധ്യപൂര്‍ണ്ണമാണ് രചനയുടെ വിഷയലോകം. താന്‍ ജനിച്ചുവളര്‍ന്ന ഭൂമികയെക്കുറിച്ച് ഒരു ബഷീറിയന്‍ ശൈലിയാണദ്ദേഹം കൈക്കൊണ്ടിട്ടുള്ളത്. വരേണ്യതയുടെ മണിപ്രവാളകിലുക്കം എങ്ങും കേള്‍ക്കാനില്ല. ഇരുണ്ടതും സങ്കീര്‍ണ്ണവുമായ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ശ്രേഷ്ഠവത്ക്കരിക്കാനുള്ള, പലരിലും പലകാലങ്ങളിലും കണ്ടിട്ടുള്ള വ്യഗ്രതയുടെ കപടമുഖം അണിയാന്‍ അവസരമേറെയുണ്ടായിട്ടും നേരിയ ശ്രമം പോലും ഗ്രന്ഥകര്‍ത്താവ് കാട്ടിയിട്ടില്ല. മോഷ്ടാവും, കൂട്ടിക്കൊടുപ്പുകാരനും, പന്നിമലത്തും, കള്ളുവാറ്റും, വ്യഭിചാരവും എല്ലാമുള്ള ഒരു പാർശ്വവത്കൃതസമൂഹത്തിന്റെ നിലീനപ്രാകൃതത്വം, ഒരു നിരീക്ഷകന്റെ നിരാപേക്ഷ ദര്‍ശനത്തെളിമയോടെ, ഒഴുക്കോടെ പറഞ്ഞുപോകുന്നു. അകുലീനതയ്ക്കുനേരെ, അസഹിഷ്ണുതയുടെ ഒരക്ഷരശരംപോലും പായുന്നില്ല : അചഞ്ചലമായ സ്വത്വബോധത്തോടെ, പറയാതെ പറയുന്നു : ഈ പറഞ്ഞതില്‍ നിന്നൊക്കെയാണ് ബാലചന്ദ്രനെന്ന ”ഞാന്‍” ഉരുവംകൊണ്ടത്; അതിജീവിച്ചത്! ഈ നിലപാടുതറയില്‍ അധമബോധത്തിന്റെ ഒരിറ്റുകണ്ണീര്‍പോലും വീണു നനവാര്‍ന്നിട്ടില്ല. വന്നുഭവിച്ചതെല്ലാം അനിവാര്യമായ, ഈ നിര്‍മ്മിതിക്കുവേണ്ട, വിഹിതവിഭവങ്ങള്‍ മാത്രമെന്നും ഋഷിതുല്യമായ നിസ്സംഗതയോടെയുള്ള നില.

ചിന്തയുടേയും പ്രവര്‍ത്തനത്തിന്റേയും രംഗവേദിയില്‍ ബാലചന്ദ്രന്‍ ചാര്‍ത്തിനില്ക്കുന്ന വ്യതിരിക്തത എന്താണ് എന്ന് ഞാനാലോചിച്ചിട്ടുണ്ട്: സൗമ്യവും സാത്വികവുമായ അന്തരീക്ഷത്തേക്കാള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനോര്‍ജ്ജത്തെ ഉദ്ദീപിപ്പിക്കുന്നത് പ്രതിസന്ധികളാണ് എന്നു തോന്നുന്നു. ഒരുപക്ഷേ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നതുപോലും അതാണെന്ന് തോന്നിപ്പോകും. ഒരു പ്രതിയോഗിയുടെ സാന്നിദ്ധ്യമാണ് അദ്ദേഹത്തെ വര്‍ദ്ധിതവീര്യനാക്കുന്നത്; അത് വ്യക്തിനിഷ്ഠമല്ല. വിഷയനിഷ്ഠമാണ്. ലക്ഷ്യവേധിയായ ആ പ്രയാണത്തിന്റെ ആവേഗം, പ്രതിയോഗിയുടെ പ്രതിപ്രവര്‍ത്തനത്തിന് ആനുപാതികമായി കുതിച്ചുയരും. ഇത് പ്രണയത്തില്‍പ്പോലും ദൃശ്യമാണ്. സാനുമാഷ് എഴുതിയപ്പോലെ ഏതു മനുഷ്യന്റേയും ജീവിതത്തെ കരിച്ചു കളയുന്ന ദുരന്തങ്ങളുടെ വേലിയേറ്റമായിരുന്നു ആ ജീവിതത്തില്‍ : നിരപരാധിയായ ജ്യേഷ്ഠസഹോദരന്റെ ദാരുണാന്ത്യം, പ്രസവത്തോടുകൂടിയുള്ള പ്രിയ സഹോദരിയുടെ വിയോഗം, വാത്സലപിതാവിന്റെ അതിദാരുണ മരണം – തീയില്‍ ദഹിച്ച് ഇതെല്ലാം ചുട്ടുപൊള്ളുന്ന മനസ്സുമായിട്ടേ നമുക്കു വായിച്ചുപോകാന്‍ സാധിക്കൂ! നടുക്കുന്ന പദാവലികളാല്‍ അദ്ദേഹം അതെല്ലാം കോറിയിടുന്നു; അപ്പോഴും ആ മനസ്സ് ദുരന്തമുഹൂര്‍ത്തങ്ങളെ ഒരു കാമ്യപ്രതിയോഗിയായി തന്നെയാണ് കാണുന്നത്: താനിതു നേരിടുമെന്ന ഇളക്കമേതുമില്ലാത്ത പ്രജ്ഞയോടെ! പ്രഥമപ്രണയപരാജയവും, രണ്ടാമത്തെ പ്രണയത്തിന്റെ വിജയപര്യവസാനവുമെല്ലാം ഓരോ യുദ്ധത്തിന്റെ അന്ത്യമാണ്. വിപരീതത്തിന്റെ വെല്ലുവിളിയെ വിലോഭനീയമായ അവസരംപോലെയാണ് കൊണ്ടാടുന്നത്. രാഷ്ട്രീയവേദിയില്‍ തനിക്കെതിരെ ഉന്മൂലനത്തിന്റെ രക്താട്ടഹാസം ഉയര്‍ത്തിയ വീരന്റെ പുലിമടയില്‍ ചെന്ന് ”എന്നെതൊട്ടാല്‍ തന്നെയും ഞാന്‍ തീര്‍ത്തുകളയും” എന്ന് വാള്‍ത്തലപോലെ പറയുമ്പോഴും, പ്രസംഗിച്ചു നില്‍ക്കുമ്പോള്‍ തനിക്കുനേരെ അസഭ്യാക്രോശം നടത്തിയ വ്യക്തി ആരെന്നു നോക്കാതെ ”ആരാടാ, നീ” എന്നു തിരിച്ചു ഗര്‍ജ്ജിച്ചപ്പോഴും തനിക്കു നിതാന്തമായ പ്രവര്‍ത്തനവീര്യം തരുന്ന ആ വിപരീതത്തെ അദ്ദേഹം നേരിടുകയായിരുന്നു. കൈവെച്ച മേഖലയിലെല്ലാം അനന്യമായ നേട്ടം കൈവരിക്കാനും, നിത്യ ശത്രുത സുഹൃത്തുക്കള്‍ എന്നു നടിച്ചവരില്‍ നിന്നുപോലും അനായാസമായി നേടിയെടുക്കാനും ഉതകിയത് ഈ മുന്‍പിന്‍ നോക്കാതെയുള്ള ലക്ഷ്യവേധപ്രയാണം തന്നെ! പത്രപ്രവര്‍ത്തനം, അച്ചടിശാല നടത്തല്‍, സാംസ്‌കാരികമാസികയുടെ പ്രസിദ്ധീകരണം ഇങ്ങനെ നിരവധിയായ വ്യഗ്രപൂര്‍ണ്ണമായ വേദികളെല്ലാം അദ്ദേഹത്തിന് പടനിലങ്ങളായിരുന്നു; ഒരിക്കലും നികുംഭിലയിലേക്ക് പിന്‍മാറാതെ നിന്നുള്ള പൊരുതല്‍ തന്നെ! അങ്ങനെയുള്ളവര്‍ക്കുള്ള അനിവാര്യഫലങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ തേടിയെത്തിയതും.

”പ്രവേശനകവാടത്തില്‍ നീതിക്കുവേണ്ടി വിധിപ്രസ്താവന നടത്തിയവനെ നിങ്ങള്‍ ദ്വേഷിക്കുന്നു; സത്യപ്രവര്‍ത്തനം നടത്തിയവനെ നിങ്ങള്‍ വെറുക്കുന്നു. ഉപവനത്തിലെ വിശ്രാന്തിയേക്കാള്‍, രണവ്യഗ്രമായ പടനിലത്തിലെ കാഹളം ഇഷ്ടപ്പെടുന്നവര്‍ക്ക് കാലം കരുതുന്ന വില്‍പ്പത്രമാണത്! സത്യവും നീതിയും സ്ഥൈര്യനിലയാകുമ്പോള്‍ കാലം അവര്‍ക്ക് ഗോപുരങ്ങളുയര്‍ത്തുന്നില്ല; അന്ത്യവിശ്രമസ്ഥലത്തും മുന്‍നിരയില്‍ വരിഷ്ഠമായ സ്ഥാനം അടയാളപ്പെടുത്തുന്നില്ല; പിന്നാമ്പുറത്ത്, പുല്ലും പാഴ്‌ച്ചെടികളും നിറഞ്ഞ അവഗണിതഭൂമിയില്‍ വിലയം! എങ്കിലും മനുഷ്യന്‍ എന്നും അന്ത്യവിധിനാളിലെ പ്രത്യാശാപൂര്‍ണ്ണമായ വാഗ്ദാനത്തില്‍ മനമൂന്നി നില്ക്കുന്നു: ആത്മത്തില്‍ ഐക്യം പ്രാപിച്ചവനെ, അന്ത്യവിധിനാളില്‍ അവന്‍ തന്റെ വലതുവശം ചേര്‍ത്തുനിര്‍ത്തും.

മറ്റൊരു ചരിത്രമുഹൂര്‍ത്തവും ഒരു ചരിത്രപുരുഷനും എന്റെ സ്മൃതിയില്‍ ഓടിയെത്തുന്നുണ്ട്: 1964-ല്‍ സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം പിന്നില്‍ നിന്നു കുത്തിവീഴ്ത്തിയപ്പോള്‍, പ്രശാന്തഗംഭീരമായ പുഞ്ചിരിയോടെ സെക്രട്ടറിയേറ്റിന്റെ പടിയിറങ്ങിയ മഹാപ്രതിഭ : തന്റെ പതനത്തില്‍ ഇളകിയാടിയവരോട് അന്ന് ആർ ശങ്കർ പറഞ്ഞു : ”നിവര്‍ന്ന നട്ടെല്ല് എന്റെ നിര്‍മ്മിതിയിലുള്ളതാണ്, അതിനുള്ള പരാതി ബ്രഹ്‌മാവിനോട് പറഞ്ഞാല്‍ മതി!” ആ ദാര്‍ശനിക മുന്‍ഗാമിയെ ബാലചന്ദ്രന് ആഖ്യാനഘട്ടത്തില്‍ സ്മരിക്കേണ്ട ആവശ്യമില്ലായിരിക്കാം. എന്നാല്‍ നേരിട്ട അനുഭവസമാനതകള്‍, വായനക്കാരനെ ഓര്‍മ്മിക്കുന്നതില്‍ വിമുഖനാക്കുകയില്ല. ഇന്ന് ഏറെക്കുറെ അമ്പതുകൊല്ലമെത്തുമ്പോള്‍, വികാരങ്ങളുടെ കുത്തൊഴുക്കാണ്. അല്ലെങ്കിലും ആണ്ടുദിനത്തില്‍ മീസാന്‍ കല്ലിനു മുന്‍പില്‍ സുഗന്ധം പുകയ്ക്കലാണല്ലോ നമുക്കറിയാവുന്ന ഏറ്റവും വലിയ അനുഷ്ഠാനകല !

കെ.ജി.എസ്. എഴുതിയതുപോലെ

”അരുണാചലമിപ്പോഴും

ആദിപൊക്കത്തില്‍ രമണാ,

നീതിപോല്‍ ആദിദൂരത്തില്

രമണാ

ദൂരമെത്ര ഞാന്‍ കടന്നിട്ടും

നിലയെയ്യാംനിലത്ത് രമണാ.”

ഗ്രന്ഥകര്‍ത്താവിന് ഭാവുകങ്ങള്

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ