കാട്ടിലെ മൃഗങ്ങളുടേയും സസ്യങ്ങളുടേയും ആവാസ വ്യവസ്ഥ ആർത്തിപ്പണ്ടാരങ്ങളായ മനുഷ്യർ തകർക്കുന്നു. ആനകളും, കടുവയും കരടിയും പന്നിയും പട്ടിണി കൊണ്ടു പൊറുതി മുട്ടിയിട്ടാണ് കാടു വിട്ട് നാടു കയറുന്നത്. വനം വകുപ്പു എല്ലാ കള്ളത്തരത്തിനും കൂട്ടു നില്ക്കുന്നു. മരങ്ങൾ മുറിച്ച് കാടു മുടിക്കുന്നു. കുശാഗ്ര ബുദ്ധികൾ വനഭൂമി കയ്യേറുന്നു. വന പാലനത്തിനുള്ള ആയിരക്കണക്കിനു ഉദ്യോഗസ്ഥർക്ക് വനത്തിൽ ശാസ്ത്രീയ ക്രമീകരങ്ങൾ നടത്തവുന്നതേയുള്ളു. ആനകൾക്ക് ആവശ്യമുള്ള പട്ടയും മറ്റു ഭക്ഷണ സാധനങളും വച്ചു പിടിപ്പിക്കണം. വറ്റി വരണ്ടു പോകുന്ന ജലാശയങ്ങൾ പുഷ്ടിപ്പെടുത്തണം. ഗതികെട്ടാലാണ് മൃഗങ്ങൾ നാടുകയറി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്. മൃഗങ്ങളും മനുഷ്യ സ്നേഹികൾ തന്നെ. അവർക്കു ആവാസയോഗ്യമാക്കണം കാടുകൾ.
അരിക്കൊമ്പൻ മനുഷ്യ ജീവനും വീടിനും നാശനഷ്ടങ്ങളുണ്ടാക്കി നാടു വിറപ്പിച്ചു. പക്ഷേ ആ ആനയെ കാടു കടത്താനുളള സമരങ്ങളും മുറവിളികളുമുയർന്നപ്പോൾ, അരിക്കൊമ്പനെ കാടു കടത്താൻ ശ്രമിച്ചപ്പോൾ പാവപ്പെട്ട മനുഷ്യർ കരച്ചിലടക്കാനാവാതെ തേങ്ങുന്നത് ടെലിവിഷനിൽ കണ്ടു. കുങ്കിയാനകൾക്കു നേരെയും അരിക്കൊമ്പൻ കൊമ്പുകോർത്തു. അരിക്കൊമ്പനെ നാടു കടത്താനുള്ള സമരവും തങ്ങളുടെ പരിസരത്തുളള കാട്ടിൽ അരിക്കൊമ്പനെ ഇറക്കി വിടരുതെന്ന് പറഞ്ഞുള്ള മറു സമരവും അരങ്ങേറി. വിചിത്ര ലോകം. പാവം മൃഗങ്ങൾക്കും നാട്ടിലെ പട്ടികൾക്കും ജീവിക്കാനാശ്യമായ ഭക്ഷണം കൊടുക്കണം. അരി മോഷ്ടിക്കുന്നവൻ അരിക്കൊമ്പൻ, ചക്ക മോഷ്ടിക്കുന്നവൻ ചക്കക്കൊമ്പൻ. അമിത മാലിന്യങ്ങൾ തിന്നു കൊഴുത്താലും പട്ടികൾ ക്രൂരത കാണിക്കും. മൃഗസ്നേഹികൾക്കും വേണം വക തിരിവ്.
ശാസ്ത്രീയ പുരോഗതിക്കനുസരിച്ച് വൃക്ഷങ്ങളെയും കാട്ടു മൃഗങ്ങളേയും പരിപാലിക്കാൻ കഴിയണം. കാട്ടുകള്ളന്മാരിൽ നിന്ന് വനത്തെ സംരക്ഷിക്കണം. കാട്ടിൽക്കഴിയുന്ന ആദിവാസികളേയും ഗോത്രവർഗ്ഗക്കാരെയും വിശ്വാസത്തിലെടുത്ത് അവരെ ചില ചുമതലകൾ ഏല്പിക്കാവുന്നതാണ്.
പക്ഷേ മദ്യവും കഞ്ചാവും കൊടുത്ത് അവരെ പ്രലോഭിപ്പിച്ച് സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുന്നവരെ എന്തു ചെയ്യണം. മൃഗങ്ങൾ പോലും നാണിച്ചു പോകുന്ന മൃഗീയതയാണ് ചില ഇരുകാലി മൃഗങ്ങൾ കാണിക്കുന്നത്.
ഒരു ത്രീല്ലർ സിനിമയെ വെല്ലുന്ന തരത്തിലാണ് അരിക്കൊമ്പനെ കൊമ്പുകുത്തിച്ചത്. ചിന്നക്കന്നാലിനെ വിറപ്പിച്ച അരിക്കൊമ്പനെ നാല്പത്തിരണ്ടു മണിക്കൂർ നീണ്ട മാരത്തോൺ ദൗത്യത്തിന്നൊടുവിലാണ് ആ മൃഗരാജനെ തളച്ചത്. ആറു ഡോസ് മയക്കു വെടിവച്ചിട്ടും മയങ്ങാത്ത വീരകേസരിയ്ക്കു കോടമഞ്ഞും മഴയും ആണ് തുണച്ചത്. ഇതിനിടയ്ക്കു ചക്കക്കൊമ്പനും പിടിയും അരിക്കൊമ്പനു പിന്തുണയുമായി നിലയുറപ്പിച്ചു. അരിക്കൊമ്പൻ ചില്ലറക്കാരനല്ല. അവന്റെ തലയെടുപ്പും ഗർവ്വും, ഗരിമയും വീര്യവും അന്യാദൃശം തന്നെ.
ഭഗീരഥ പ്രയത്നത്തിനെടുവിലാണ് ആനിമൽ ആംബുലൻസു എന്ന പേരിട്ട ലോറിയിൽ കയറ്റിയത്. പലപ്പോഴും ചിറഞ്ഞു. കാലിലെ വടം കുടഞ്ഞെറിഞ്ഞു. മാസ്ക് പറിച്ചെടുത്തു. രാവിലെ മുതൽ എല്ലാ ചാനലുകളും അരിക്കൊമ്പന്റെ ദൃശ്യങ്ങൾ നിമിഷം പ്രതി പങ്കുവച്ചു. ശ്വാസം അടക്കിപ്പിടിച്ചാണ് പ്രേക്ഷകർ അരിക്കൊമ്പനെ തളയ്ക്കുന്നത് വിക്ഷിച്ചത്. രാത്രി പത്തരയോടെയാണ് അരിക്കൊമ്പനെ പെരിയാർ സീനിയറോട എന്ന കടുവാ സങ്കേതത്തിലെത്തിച്ചത്. ആ ദൗത്യസംഘത്തിന് ഒരു ബിഗ് സല്യൂട്ട്. പെരിയാറിൽ പൂജ ചെയ്താണ്. അരിക്കൊമ്പനെ വരവേറ്റത്. റേഡിയോ കോളർ പ്രവർത്തിച്ചു തുടങ്ങിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃശൂർ പൂരം അരങ്ങേറിയത്. അതിൽ മുപ്പതു ഗജവീരന്മാർ നെറ്റിപ്പട്ടം കെട്ടി ഗംഭീര്യത്തോടെ,പ്രൗഢിയോടെ കുടമാറ്റത്തിന് നിന്ന കാഴ്ച എന്നെ അത്‌ഭുതപ്പെടുത്തി. അരിക്കൊമ്പൻ മെരുങ്ങിയിരുന്നെങ്കിൽ, വരും കാലങ്ങളിൽ ഉത്സവ മേളങ്ങളിൽ പങ്കാളിയായേനെ.
പ്രൊഫ.ജി.ബാലചന്ദ്രൻ