ഗാന്ധിയുടെ ബാല്യവും ബാരിസ്റ്ററായ ഗാന്ധിയും

സുദാമ പുരി എന്ന വിശുദ്ധ ഭൂമിയിലാണ് മോഹൻ ദാസ് ഭൂജാതനായത്. 1869 ഒക്ടോബർ 2 ന്. കുചേലന്റെ ദുഃഖം മാറ്റാൻ വേണ്ടി ശ്രീകൃഷ്ണൻ നിർമ്മിച്ചു നൽകിയ പട്ടണമാണത്രേ സുദാമപുരി. ബാല്യത്തിൽ പോലും കള്ളം പറയാതെ ഈശ്വര ഭക്തിയോടെ പ്രാഥമിക പഠനം പൂർത്തിയാക്കി. പന്ത്രണ്ട് വയസ്സായപ്പോൾ ഹൈസ്ക്കൂൾ പഠനത്തിനുള്ള അർഹത നേടി. ക്ലാസ്സിൽ വച്ച് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ കേട്ടെഴുത്തിൽ Kettle എന്ന വാക്ക് തെറ്റിച്ചപ്പോൾ അടുത്തിരുന്ന കുട്ടിയുടെ നോട്ടുബുക്കിൽ നോക്കിയെഴുതാൻ ടീച്ചർ ആംഗ്യഭാഷയിൽ നിർദേശിച്ചെങ്കിലും അതിന് ഗാന്ധിയുടെ മനസ്സാക്ഷി അനുവദിച്ചില്ല.

തന്നെക്കാൾ ആറു മാസം പ്രായക്കൂടുതലുളള കസ്തൂർ ബായെ 13-ാം വയസ്സിൽ കല്യാണം കഴിച്ചു. 16ാം വയസ്സിൽ പിതാവായി. കുട്ടിത്തം മാറാത്ത ആ ഭാര്യാ ഭർത്താക്കന്മാർ ബാലലീലകളുമായി കഴിഞ്ഞു.

കൂട്ടുകാരുമൊത്ത് ചങ്ങാത്തം കുടി മോഹൻദാസ് അപഥ സഞ്ചാരത്തിലേക്കു തിരിഞ്ഞു. ശക്തിയുണ്ടാകാൻ സുഹൃത്തിന്റെ നിർദ്ദേശാനുസരണം മാംസം ഭക്ഷിച്ചു. പ്രായമായവർ വലിച്ചുപേക്ഷിച്ച സിഗററ്റു കുറ്റികൾ ശേഖരിച്ച് പുകവലി തുടങ്ങി. ചില്ലറ നാണയങ്ങൾ വീട്ടിൽ നിന്ന് മോഷ്ടിച്ചു. ഏറെത്താമസിയാതെ തെറ്റുകൾ മനസ്സിലാക്കിയ മോഹൻ ദാസ് തെറ്റുകൾ ഏറ്റു പറഞ്ഞ് പിതാവിനോട് മാപ്പപേക്ഷിച്ചു. ആദ്യ ശിശുവിന്റെ ജനനവും മരണവും സ്വന്തം പിതാവിന്റെ മരണവും മോഹൻ ദാസിനെ അതീവ ദുഃഖാകുലനാക്കി.

ജേഷ്ഠന്റെ നിർദ്ദേശമനുസരിച്ച് ബാരിസ്റ്റർ പരീക്ഷ പഠിക്കാൻ മോഹൻ ദാസ് ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടു. മാംസവും മദ്യവും തൊടുകയില്ലെന്ന് അമ്മയോട് സത്യം ചെയ്തിട്ടാണ് മോഹൻദാസ് പുറപ്പെട്ടത്.

വലിയ പ്രതീക്ഷയോടെയാണ് നിയമം പഠിക്കാൻ ഇംഗ്ലണ്ടിലേക്കു കപ്പൽ കയറിയത് . ‘ബനിയാ’വംശത്തിലാരും മോഹൻ ദാസിന്റെ യാത്രയിൽ പങ്കെടുക്കരുതെന്നു ഗ്രാമത്തലവൻ കല്പിച്ചു. ഇതിനു വിപരീതമായി ആരെങ്കിലും പ്രവർത്തിച്ചാൽ ഒരു രൂപാ നാലണ പിഴയിടുമെന്നും താക്കീത് ചെയ്തു. അതൊന്നും വക വയ്ക്കാതെ മോഹൻദാസ് മൂന്നു വർഷത്തെ ബാരിസ്റ്റർ പഠനത്തിനു പുറപ്പെട്ടു.

കപ്പൽ യാത്രയിൽ സഹായിക്കാനും ഇംഗ്ലണ്ടിലെത്തിയാൽ സഹായിക്കാനു മുതകുന്ന ചിലരുടെ മേൽ വിലാസവും കൈയ്യിൽ കരുതിയിരുന്നു. പക്ഷേ ഇംഗ്ലീഷു ഭാഷയിലുളള അല്പജ്ഞാനം ആശയ വിനിമയത്തിന് ഒട്ടും മതിയായില്ല. എന്നാലും അദ്ദേഹം കടിച്ചു പിടിച്ചു വിദ്യാഭ്യാസം പൂത്തിയാക്കാൻ തന്നെ നിശ്ചയിച്ചു. തന്റെ സസ്യാഹാരം വളരെയേറെ ക്ലേശമുണ്ടാക്കി. ബ്രിട്ടീഷുകാരുടെ ഒരു സാധനവും തൊടരുതെന്നും അങ്ങോട്ടു കയറി ഒരു ചോദ്യവും ചോദിക്കരുതെന്നും ഉച്ചത്തിൽ സംസാരിക്കരുതെന്നുമാണ് ഡോക്ടർ മെഹ്ത്ത ഉപദേശിച്ചത്.

പാശ്ചാത്യ സംസ്കാരത്തോടും വേഷത്തോടും യോജിച്ചു പോകാതെ തരമില്ല. ചിലതു കൂടി വേണമെന്ന് മുതിർന്ന വിദ്യാർത്ഥികൾ നിർദ്ദേശിച്ചു. പാന്റസ്, കോട്ട്, ടൈ, ഷൂസ്,സോക്സ് എല്ലാം വാങ്ങി. ഒന്നരയടി നീളമുള്ള രണ്ടറ്റത്തും വെള്ളികെട്ടിയ ‘സ്റ്റിക്ക്’ എന്ന വടിയും സംഘടിപ്പിച്ചു. ബോൾ റൂം ഡാൻസു ചെയ്യാനും പാടാനും പിയാനോ വായിക്കാനും ശ്രമമാരംഭിച്ചു. ബാരിസ്റ്റർ പരീക്ഷ പാസാകുന്നതിന് മൂന്നു വർഷത്തെ അദ്ധ്യയനമാണ് വേണ്ടത്. ഒരു വർഷം നാലു ടേം. അങ്ങനെ പന്ത്രണ്ടു ടേം. ഓരോ ടേമിലും ഇരുപത്തിനാലു ഡിന്നർ പാർട്ടികൾ . നാലു പേർ വീതമായി തിരിച്ചതാണ് ഡിന്നർ പാർട്ടി. ഓരോ ബാച്ചിനും രണ്ടു കുപ്പി മദ്യവും അനുസാരികളും നിർബ്ബന്ധമായിരുന്നു. വെറും ആറു ഷില്ലിംഗേ ഡിന്നർപ്പാർട്ടിക്കു കൊടുക്കേണ്ടതുള്ളു. അതിന് വലിയ സാമ്പത്തിക ഭാരമില്ലായിരുന്നു. സാധാരണ ഡിന്നർ പാർട്ടിക്കു കൊടുത്തിരുന്ന രണ്ടു കുപ്പി വിസ്കിയും ഒരു കുപ്പി ഷാംപെയിനും മൂന്നുപേർ പങ്കു വച്ചാൽ മതി. മോഹൻദാസ് മദ്യപിക്കുകയില്ലല്ലോ. പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചക്കാരറ്റും രണ്ടോ മൂന്നോ അണ്ടിപ്പരിപ്പും കഴിച്ച് മോഹൻ ദാസ് തൃപ്തിയടഞ്ഞിരുന്നു.

ക്ലാസ്സിൽ അദ്ധ്യയനം കാര്യമായി ഒന്നും നടന്നിരുന്നില്ല. എന്നാലും വിജയ ശതമാനം ഏറ്റവും കുടുതലായിരുന്നു. രണ്ടു തരത്തിലായിരുന്നു നിയമ പഠനം. ഒന്നു റോമൻ ലാ, രണ്ട് കോമൺ ലാ. കോളേജ് ലൈബ്രറിയിൽ ആവശ്യത്തിലധികം പുസ്തകങ്ങളുണ്ടായിരുന്നു. പക്ഷേ മുന്നൂറു വർഷം ഇന്ത്യയെ അടക്കി ഭരിച്ച ഇംഗ്ലീഷുകാരുടെ ലൈബ്രറിയിൽ ഇന്ത്യൻ നിയമങ്ങളെക്കുറിച്ചുള്ള ഒറ്റ പുസ്തകം പോലും ഉണ്ടായിരുന്നില്ല. മോഹൻ ദാസ് കരുതി താൻ ഇന്ത്യയിൽ മടങ്ങിച്ചെല്ലുന്നത് “ഒരു ഡിന്നർ ബാരിസ്റ്റാറായിട്ടാവും”

ആൾ പ്രേമോഷനാണ്. എല്ലാവരും റാങ്കുകാർ. തോറ്റവരാരുമില്ല. പഠിപ്പിക്കുന്ന പ്രൊഫസറന്മാർക്കും വിഷയങ്ങളെക്കുറിച്ച് വലിയ ഗ്രാഹ്യമില്ലെന്നാണ് മോഹൻദാസ് രേഖപ്പെടുത്തിയത്. 1891 ജൂൺ പത്താം തീയതി ബാരിസ്റ്റർ സർട്ടിഫിക്കറ്റു കിട്ടി. പിറ്റേന്നു തന്നെ ലണ്ടൻ കോടതിയിൽ ബാരിസ്റ്ററായി രജിസ്റ്റർ ചെയ്തു . മടങ്ങി വന്നപ്പോൾ അമ്മ വേർപിരിഞ്ഞു പോയിരുന്നു.

ബാരിസ്റ്ററായി വരുന്ന തന്റെ അനുജനു വേണ്ടി മോടി പിടിപ്പിച്ച ഒരു വക്കീലാഫീസും മറ്റുപകരണങ്ങളും ജ്യേഷ്ഠൻ സജ്ജീകരിച്ചിരുന്നു. വലിയ കേസൊന്നും കിട്ടാതിരുന്നതു കൊണ്ടും ജ്യേഷ്ഠന് സാമ്പത്തിക ബുദ്ധിമുട്ടായതു കൊണ്ടും മൂന്നാലു മാസം കഴിഞ്ഞപ്പോൾ വക്കിലാഫീസ് പൂട്ടേണ്ടി വന്നു.

പിന്നെ വരുമാനത്തിനു വേണ്ടി നെട്ടോട്ടമായി. മോട്ടിലാൽ നെഹ്റുവിനെപ്പോലുള്ള വക്കീലന്മാർ ഗർജ്ജിക്കുന്ന സിംഹങ്ങളായിരുന്നു അപ്പോൾ പിന്നെ മൂന്നാംകിട വക്കീലന്മാരുടെ ഗതികേട് പറയേണ്ടതില്ലല്ലോ. അങ്ങനെയാണ് ബാരിസ്റ്റർ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്കു കപ്പൽ കയറിയത്. അവിടെ കേസു നടത്തുകയല്ല. കേസിന്റെ കടലാസുകൾ ഗുജറാത്തിയിൽ നിന്ന് ഇംഗ്ലീഷിലാക്കിക്കൊടുക്കുന്ന ഒരു ഗുമസ്തപ്പണി മാത്രമാണു ചെയ്യേണ്ടിയിരുന്നത്. കോടതികളിലെ മജിസ്ട്രേട്ടന്മാരെല്ലാം ഗർവ്വിഷ്ഠരും ഇന്ത്യൻ വക്കീലന്മാരെ പുച്ഛത്തോടെ നോക്കുന്നവരുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ വച്ച് ഒരു ഇന്ത്യാക്കാരനു വേണ്ടിയാണ് ഗാന്ധി വക്കീൽക്കോട്ടണിഞ്ഞത്. ഇതാണ് ബാരിസ്റ്റർ ഗാന്ധിയുടെ കഥ.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ