ആലപ്പുഴയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത് ചെമ്പകശ്ശേരിയില്‍ നിന്നാണ്. ആലപ്പുഴക്കാര്‍ ചെമ്പകശ്ശേരി രാജാവിന്റെ പ്രജകളുമാണ്. ചെമ്പകശ്ശേരി ബ്രാഹ്‌മണ രാജവംശമാണ് ഇവിടെ വാണിരുന്നത് അവരുടെ പൂര്‍വ്വ ചരിത്രം ഇങ്ങനെ – പണ്ട് യുദ്ധവിദഗ്ധരായ ഒരു സംഘം ആളുകള്‍ കുടമാളൂരെത്തി. വിശപ്പു കൊണ്ടു വലഞ്ഞ അവര്‍ ഭക്ഷണം തേടി വന്നതാണ്. ഇതുകണ്ട ചില കുബുദ്ധികള്‍ അവരെ ചെമ്പകശ്ശേരി ഇല്ലത്തേക്കു പറഞ്ഞയച്ചു. നിത്യ ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു ഉണ്ണി നമ്പൂതിരിയും വിധവയായ അമ്മയും മാത്രമേ ഇല്ലത്തുള്ളു. ദയാലുവായ ഉണ്ണി നമ്പൂതിരി തന്റെ ഏക ആഭരണമായ പുലിനഖം കെട്ടിയ മാല ഊരിക്കൊടുത്തു. അത് വിറ്റുകിട്ടുന്ന പണംകൊണ്ട് ആഹാരം വാങ്ങി കഴിക്കാന്‍ പറഞ്ഞു. സത്യാവസ്ഥ മനസ്സിലാക്കിയ ആ യോദ്ധാക്കള്‍ പ്രഭുക്കന്മാരെ തോല്‍പ്പിച്ചു നേടിയ പണ്ടവും പണവും ചെമ്പകശ്ശേരി ഇല്ലത്തെ ഉണ്ണിനമ്പൂതിരിക്കു കൊടുത്തു. അങ്ങനെ ഉണ്ണി നമ്പൂതിരി ചെമ്പകശ്ശേരി രാജാവായി. വിടര്‍ന്ന ചെന്താമരപ്പൂവായിരുന്നു രാജാവിന്റെ ചിഹ്നം. ‘ചെമ്പകം’ എന്നു പേരുള്ള ഒരു വഞ്ചിയാണ് രാജ്യകാര്യങ്ങള്‍ക്കുപയോഗിച്ചിരുന്നത്. മുപ്പതിനായിരംപേരുടെ ഒരു വഞ്ചിപ്പട തന്നെ രാജാവിനുണ്ടായിരുന്നു. ചെമ്പകശ്ശേരിയുടെ വാണിജ്യ തലസ്ഥാനം പുറക്കാടാണ്. പോര്‍ട്ടുഗീസുകാരുടേയും ഡച്ചുകാരുടേയും പായ്കപ്പലുകള്‍ നങ്കൂരമിട്ടത് പുറക്കാട് തുറമുഖത്താണ് .യുദ്ധക്കപ്പലുകളായ ചുണ്ടന്‍വള്ളങ്ങള്‍ നിര്‍മ്മിച്ചത് ചെമ്പകശ്ശേരി രാജാവാണ്. അതിലുള്ളവര്‍ക്ക് ആഹാരം പാചകം ചെയ്യാനായി വെപ്പു വള്ളങ്ങളും നിര്‍മ്മിച്ചു. കൊല്ലവര്‍ഷം പത്താം നൂറ്റാണ്ടോടുകൂടി ചെമ്പകശ്ശേരി രാജ്യത്തിന്റെ പ്രാമാണിത്തം കുറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മയുടെ ചാരന്മാര്‍ ചെമ്പകശ്ശേരിയില്‍ അന്തഃഛിദ്രമുണ്ടാക്കാന്‍ പദ്ധതിയിട്ടു. രാമയ്യന്‍ ദളവ തന്നെ വേഷപ്രച്ഛന്നനായി വന്ന് രാജാവിന്റെ പല വിശ്വസ്തരേയും പാട്ടിലാക്കി. അതില്‍ മന്ത്രിമാരും മാത്തൂര്‍ പണിക്കരുമൊക്കെ ഉള്‍പ്പെട്ടതായി പറയപ്പെടുന്നു. പടത്തലവനായ മണക്കാടം പള്ളി മേനോനെ ചതിയില്‍ കുടുക്കി. അതു പാറയില്‍ മേനോനെയാണെന്നും രണ്ടു പക്ഷമുണ്ട്. സ്വാമി ഭക്തനും വിശ്വസ്തനും കര്‍മ്മകുശലനുമായ മേനോന്‍ രാജ്യദ്രോഹിയാണെന്ന് രാജാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. പത്തുപറ കണ്ടം കുളംതോണ്ടി അതില്‍ ഇരുമ്പഴികളിട്ട പെട്ടിയിലാക്കി മേനോനെ മുക്കിക്കൊല്ലാന്‍ രാജാവ് ഉത്തരവിട്ടു. ഇരുമ്പു പേടകം വെള്ളത്തിലാഴ്ത്തിയപ്പോള്‍ കൃഷ്ണഭക്തനായ മേനോന്‍ ക്ഷേത്രത്തിനു നേരെ നോക്കി ‘നേരും നേരുകേടും കൃഷ്ണനറിയട്ടെ’ എന്നു നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ പടിഞ്ഞാറെ നട താനേ അടഞ്ഞുപോയത്രേ. ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവത്തിനു മാത്രമേ ഇന്നും ആ നട തുറക്കാറുള്ളു.
ഒരു കൊച്ചു രാജ്യമായിരുന്നു ചെമ്പകശ്ശേരി. മാര്‍ത്താണ്ഡവര്‍മ്മ ചെറിയ രാജ്യങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്തു തന്റെ അധികാരപരിധിയിലാക്കി. ചെമ്പകശ്ശേരി രാജാവ് തോറ്റോടാന്‍ നില്‍ക്കാതെ കൊട്ടാരത്തിന്റെയും ഭണ്ഡാരത്തിന്റെയും താക്കോല്‍ ക്ഷേത്രനടയ്ക്കല്‍ വച്ച് രാജ്യം തൃപ്പടിദാനം ചെയ്തു. തിരുവിതാംകൂറിന്റെ ഭാഗമായിത്തീര്‍ന്നു ചെമ്പകശ്ശേരി. മേല്‍പ്പത്തൂരും എഴുത്തച്ഛനുമെല്ലാം ഈ ദേശത്ത് വന്ന് താമസിച്ചിരുന്നു. മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ ഏറെക്കാലം ഇവിടെയാണ് ജീവിച്ചത്: (ദേശ പൈതൃകത്തെ പറ്റി സവിസ്തരം ” ഇന്നലെയുടെ തീരത്ത് ” എന്ന ആത്മകഥയിൽ ചേർത്തിട്ടുണ്ട്. )
പ്രൊഫ ജി ബാലചന്ദ്രൻ.