ഇന്ത്യയിൽ പ്രചരിക്കുന്ന ഒരു നാടൻ കഥ ഇങ്ങനെ : ഒരു നരവംശ ശാസ്ത്രജ്ഞൻ കടൽത്തീരത്തുകൂടി നടക്കുന്നതിനിടയിൽ ഒരു തലയോട്ടി കരയിൽ അടിഞ്ഞു കിടക്കുന്നതു കണ്ടു. അയാൾ ആ തലയോട്ടി എടുത്തു പരിശോധിച്ചു. അയാൾക്ക് തലയിലെഴുത്തു വായിക്കാനറിയാം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ” ഇനിയും ഇവനെക്കൊണ്ട് പലരും കഷ്ടതയനുഭവിക്കും”. നരവംശ ശാസ്ത്രജ്ഞനു ജിജ്ഞാസയായി. അയാൾ ആ തലയോട്ടിയെടുത്ത് രഹസ്യമായി ഒരു വൃക്ഷപ്പൊത്തിൽ ഒളിച്ചുവച്ചു. ദിവസവും അയാൾ വൃക്ഷത്തിന്റടുത്തു ചെന്നു വല്ലതും സംഭവിച്ചോ എന്നു നോക്കും. അയാളുടെ ശത്രുവായ അയൽക്കാരൻ ഇതു കണ്ടു. എന്താണെന്നറിയാനുളള വ്യഗ്രതയിൽ പരിശോധിച്ചു നോക്കിയപ്പോൾ ഒരു തലയോട്ടി വൃക്ഷപ്പൊത്തിൽ ഭദ്രമായി ഇരിക്കുന്നു.
അയാൾ നരവംശ ശാസ്ത്രജ്ഞന്റെ ഭാര്യയെ കണ്ട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഭർത്താവിന് ഒരു കാമുകിയുണ്ടായിരുന്നു. അവൾ മരിച്ചു പോയി, അവളോടുള്ള സ്നേഹം കൊണ്ട് കാമുകിയുടെ തലയോട്ടി വൃക്ഷപ്പൊത്തിൽ വച്ച് ദിവസവും കണ്ട് ആസ്വദിക്കുന്നുണ്ട്. ഇതു കേൾക്കേണ്ട താമസം ഭാര്യ കലിതുള്ളി വൃക്ഷപ്പൊത്തിൽ പോയി നോക്കിയപ്പോൾ സംഗതി സത്യം. അവൾ ആ തലയോട്ടി എടുത്ത് തല്ലിപ്പൊട്ടിച്ച് ചുട്ടു കരിച്ച് കടലിലൊഴുക്കി.
ഭർത്താവിനെ പൊതിരെ തല്ലി. വിവാഹ ബന്ധം വേർപെടുത്തി.
ശിരോ ലിഖിതം ആർക്കും മായ്ക്കാൻ കഴിയുകയില്ലെന്ന് ഈ കഥ സാക്ഷ്യപെടുത്തുന്നു.
തെറ്റോ ശരിയോ?
കഥയിൽ ചോദ്യമില്ല.
പ്രൊഫ. ജി. ബാലചന്ദ്രൻ.