കർണ്ണാടക തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ജനതാദളും അവരുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്തു പ്രയോഗിച്ചു. തന്ത്രങ്ങളും കുതന്ത്രങ്ങളും വാഴാനും വീഴ്ത്താനും പശ്ചാത്തലം ഒരുക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നടന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ രാഷ്ട്രീയത്തിലെ വിസ്മയമായി മാറുന്നു. തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രവചനത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ ജ്യോത്സ്യന്മാരുടെ വിലയിരുത്തൽ. പത്തോളം എക്സിറ്റ് പോൾ ഫലങ്ങളിൽ ചിലർ ബി.ജെ. പിക്കും മറ്റു ചിലർ കോൺഗ്രസിനും മുൻതൂക്കം കല്‌പ്പിക്കുന്നു.
224 മണ്ഡലങ്ങളിൽ 2175 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 4 കോടിലധികം സമ്മതിദായകർ വോട്ട് ചെയ്തു. കനത്ത പോളിംഗ് .ഒപ്പത്തിനൊപ്പം വന്നാൽ ലോട്ടറി അടിക്കുന്നത് ദൾ നേതാവ് കുമാരസ്വാമിക്കായിരിക്കും’ എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് അർത്ഥമുണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. അരിയിട്ട് വേവിച്ച കലത്തിൽ തവിയിൽ കോരി എടുത്ത് ചോറിൻ്റെ വേവ് രണ്ടു വിരലിൽ നുള്ളിയെടുത്ത് പരിശോധിക്കുന്നതു പോലെയേ ഇതിനെ പരിഗണിക്കാനാവൂ. എന്നാലും മേഖല തിരിച്ച്,ഗ്രാമ- നഗര പ്രദേശങ്ങളെയും ജാതി മത സമവാക്യങ്ങളെയും ഭരണാനുകൂലവും എതിരായുമുള്ള വികാരത്തെയും ശാസ്ത്രീയമായി പരിശോധിച്ചാണ് ഇവർ പ്രവചനം നടത്തുന്നത്. അത് ശരിയാകാനും തെറ്റാകാനും വഴിയുണ്ട്. എന്നാലും ഈ തിരഞ്ഞെടുപ്പിൻ്റെ ഗതിവിഗതികൾ ഒരു തൂക്കു മന്ത്രി സഭയിലേക്കാണോ വിരൽ ചൂണ്ടുന്നത്?
കർണാടകത്തിലും കേന്ദ്രത്തിലും ഭരണത്തിൽ ഇരിക്കുന്ന ബി.ജെ.പിക്ക് അട്ടിമറി വിജയം നേടാൻ കഴിയുമെന്നാണ് ഒരു വാദം. ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ മാത്രമാണ് ബി.ജെ.പിക്ക് ഭരണം ഉള്ളത്. അതു കൊണ്ട് എന്ത് അടവ് പ്രയോഗിച്ചും ചാക്കിട്ടു പിടുത്തം നടത്തിയും ബി.ജെ.പി അധികാരമുറപ്പിക്കാൻ ശ്രമിക്കും എന്ന് തീർച്ച.
113 എന്ന മാന്ത്രിക സംഖ്യ മറികടന്നാൽ കോൺഗ്രസിന് അധികാരം ഉറപ്പിക്കാം.
ഇനി മണിക്കൂറുകൾ മാത്രമാണ് ഫലപ്രഖ്യാപനത്തിനുള്ളത്. അതു വരെ കൂട്ടിയും കിഴിച്ചും ചാനലുകൾ ഫലം വിശകലനം ചെയ്യട്ടെ.
പ്രൊഫ ജി ബാലചന്ദ്രൻ