പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം

ഇന്ത്യയെ ജനാധിപത്യത്തിൻ്റെ നേർവഴികളിലൂടെ കൈപിടിച്ചു നടത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലെ 142 കോടി ജനങ്ങളെവച്ച് പന്താടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞുവെങ്കിലും നമ്മുടെ ജനാധിപത്യം തന്നെയാണ് ശ്രേഷ്ഠം. ജനങ്ങളുടെ മനോഭാവം ക്ഷണപ്രഭാചഞ്ചലമായതുകൊണ്ട് തന്നെ ജനാധിപത്യത്തിൽ ഭരണവും ഭരണാധികാരികളും മാറിയും മറിഞ്ഞുമിരിക്കും. അതിനായി ജാതിയും മതവും ദേശവും ഭാഷയുമെല്ലാം അവരവരുടെ ഇംഗിതത്തിന് അനുസരിച്ച് ഉപയോഗിക്കും.

രാഷ്ട്രീയം അവസരങ്ങളുടെയും പ്രയോഗികതയുടെയും കലയാണ്. ഇന്ത്യയിലെ രാഷ്ട്രീയ ചതുരംഗത്തിൽ ഇന്ന് ബി.ജെ.പി ഏറെ മുന്നിലാണ്. യു.പിയിലെ വെടിവെയ്പ്പും, കാശ്മീരിലെ പുൽവാമ സംഭവ വികാസങ്ങളെ പറ്റിയുള്ള മുൻഗവർണറുടെ കുമ്പസാരവും, യു പിയിൽ യോഗിയുടെ ഏറ്റുമുട്ടൽ നാടകങ്ങളും, കർണാടകയിലെ കൂറുമാറ്റവും ജനാധിപത്യത്തിന് കളങ്കമാണ്.

രാഹുലിൻ്റെ അയോഗ്യതയും ഭവനം പിടിച്ചെടുത്തതും. കാരഗൃഹത്തിലടക്കാനുള്ള തിരക്കഥയും അനുബന്ധമായി വന്ന കോടതി വിധിയും, ഉർവ്വശീശാപം ഉപകാരമെന്നോണം കോൺഗ്രസിൻ്റെ പുനരുജ്ജീവനത്തിന് അഗ്നി പകരുന്നുണ്ട്.

ചത്തു ചാമ്പലാകുന്ന ഫീനിക്സ് പക്ഷി ഉയർത്തെഴുന്നേൽക്കുന്ന ഒരു കഥ ഗ്രീക്ക് മിത്തോളജിയിലുണ്ട്. അതു പോലെ രാഹുൽ ഗാന്ധി ഇന്ത്യയിൽ ഉയർത്തെഴുന്നേറ്റിരിക്കുന്നു. കോടതി വിധികളിൽ തളച്ചിടാനാണ് ശ്രമിക്കുന്നത്. ഇനി അവസരം പാഴാക്കരുത് , ബി.ജെ.പി.യെ നേരിടാൻ തന്ത്രങ്ങൾ മെനയണം.

കർണ്ണാടക തിരഞ്ഞെടുപ്പാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉരകല്ല്. അതിൽ സ്വത്വം തെളിയിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസ്സിനും നിലനിൽപ്പുണ്ട്. ഷെട്ടാർ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ പലരും തിരിച്ചെത്തിക്കഴിഞ്ഞു. മുന്നോട്ടുള്ള പ്രയാണം കർണാടകയിൽ നിന്നു തന്നെ തുടങ്ങണം.

കോൺഗ്രസിലും ആഭ്യന്തര പ്രതിസന്ധികൾ ഇപ്പോഴുമുണ്ട്. ഭാരത വംശം മുടിയക്കാൻ ഇറങ്ങിയ ചില അഭിനവ ശകുനിമാർ ചിലരെ ഒഴിവാക്കാനും വേണ്ടപ്പെട്ടവർക്ക് പ്രാമുഖ്യം നല്കാനും ശ്രമിക്കുന്നു. ബഹുസ്വര സമൂഹത്തിൽ പാലിക്കപ്പെടേണ്ട ജാതി മത സമവാക്യങ്ങൾ പലപ്പോഴും പാലിക്കപ്പടുന്നില്ല . .അതുകൊണ്ടു തന്നെ ഇതര മത വിഭാഗങ്ങളിലേക്ക് ബി.ജെ.പി കടന്നുകയറുന്നു. ബി.ജെ.പി രാഹുലിനെ ഭയപ്പെടുന്നതു പോലെ ശശി തരൂരിനെപ്പോലുള്ള പ്രതിഭാധനരെ ഒരു പറ്റം കോൺഗ്രസ്സുകാർ ഭയപ്പെടുന്നു.

എത്ര പേരാണ് കോൺഗ്രസ്സ് വിട്ടു പോയത്? സച്ചിൻ അതൃപ്തനായി തുടരുന്നു. ഗുലാം നബി ആസാദ്, ജോതിരാതിത്യ സിന്ധ്യ, ജിതിൻ പ്രസാദ് , എസ്.എം.കൃഷ്ണ തുടങ്ങിയവർ കൂടു വിട്ടു കൂടുമാറി. അച്ചടക്കത്തിന്റെ വാൾ ഫലം കാണുന്നില്ല. അനുരഞ്ജനത്തിന്റെ പാതയാണ് അഭിലഷണീയം. കോൺഗ്രസ്സിന്റെ അടിത്തറ ശിഥിലമാകാതെ സൂക്ഷിക്കണം.

ഇനി വേണ്ടത് പ്രതിപക്ഷ ഐക്യം സാക്ഷാത്ക്കരിക്കുകയാണ്.

എന്ത് വിട്ടുവിഴ്ച ചെയ്തും ഇടതു പാർട്ടികളെ ഒപ്പം നിർത്തി പൊതു ശത്രുവിനെ നേരിടണം. കോലാറിലെ ഒരു പ്രസംഗത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ട രാഹുലിന് ഇനിയും വേട്ടയാടൽ നേരിടേണ്ടി വരും. അത് ചെറുക്കാൻ കോൺഗ്രസിലെ ഐക്യമാണ് പ്രധാനം. ശശീ തരൂരിനെ പോലെയുള്ളവരെ മുൻ നിർത്തി പട നയിക്കണം.

അതിന് വേണ്ടത് സത്യബോധത്തിൻ്റെ വിദുരോപദേശമാണ്. ശകുനിമാർക്ക് കുലം മുടിക്കാനേ കഴിയൂ. കോൺഗ്രസ് പ്രസ്ഥാനം ജയിലറയ്ക്കു മുന്നിൽ പതറി നിന്നു പോവും എന്നത് വ്യാമോഹം മാത്രമാണ്. പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാണ്.

സത്യമേവ ജയതേ

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക