ഒരു ഇടവേളക്ക് ശേഷം പിണറായി വിജയൻ ഉൾപ്പെട്ട എസ്.എൻ.സി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണനയ്ക്ക് എടുക്കുകയാണ്. മുപ്പതിലധികം തവണ മാറ്റി വച്ച കേസ് ഇന്നും പരിഗണിക്കരുത് എന്ന് പ്രതിഭാഗം അഭിഭാഷകരിൽ ഒരാൾ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീണ്ടും മാറ്റിവെയ്ക്കുമോ എന്ന് കണ്ടറിയാം. ഹരീഷ് സാൽവെയും മുകുൾ റോത്തഗിയും ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന അഭിഭാഷകർ തന്നെയാണ് സർക്കാർ ചിലവിൽ പിണറായിക്ക് വേണ്ടി ഇതുവരെ ഹാജരായിരുന്നത്. 1996 ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസൽ -ചെങ്കുളം – പന്നിയാർ ജലവൈദ്യുത പദ്ധതികൾ നവീകരിക്കാൻ കനേഡിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാവലിൻ കമ്പനിയുമായി പിണറായി കരാർ ഉണ്ടാക്കിയത് മുതൽ തുടങ്ങിയതാണ് ലാവലിൻ വിവാദം’. എസ്. എൻ.സി ലാവലിൻ കമ്പനിയുടെ ആതിഥ്യം സ്വീകരിച്ചുള്ള തൻ്റെ കനേഡിയൻ സന്ദർശനത്തിനിടെ ഒപ്പിട്ട കരാർ വഴി സംസ്ഥാനത്തിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്നാണ് സി.ബി.ഐ. കേസിൻ്റെ ആധാരം. 1995 ൽ കെ.എസ്.ഇ.ബി – ലാവലിനുമായി എം.ഒ.യു. ഒപ്പുവയ്ക്കുന്നതോടുകൂടിയാണ് കരാറിൻ്റെ ചരിത്രം തുടങ്ങുന്നത്. സർക്കാർ 1996 ൽ ലാവലിന് ഏകദേശം 25 കോടി രൂപ കൺസൽറ്റൻസി ചാർജ് നൽകാമെന്നും പദ്ധതി നവീകരണം 3 വർഷത്തിനകം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു. 1996 ഒക്ടോബർ മാസത്തിൽ പിണറായിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം ക്യാനഡ സന്ദർശിക്കുകയും കരാറിൻ്റെ അനുബന്ധമായി മലബാർ കാൻസർ സെൻ്ററിൻ്റെ രൂപീകരണത്തിന് വേണ്ടി നിർദ്ദേശം സമർപ്പിക്കുകയും ചെയ്തു. അവിടെയാണ് വിവാദങ്ങൾ തുടങ്ങുന്നതും. 150 കോടി രൂപ മുടക്കി പള്ളിവാസൽ ഉൾപ്പെട്ട മൂന്ന് പദ്ധതികൾക്കുമായി പുതിയ യന്ത്രസാമഗ്രികൾ വാങ്ങാമെന്ന ലാവലിൻ നിർദ്ദേശത്തെ ഇ ബാലാനന്ദൻ കമ്മറ്റി എതിർക്കുകയും പകരം അവശ്യം വേണ്ട യന്ത്രസാമഗ്രികൾ വാങ്ങിക്കാമെന്ന നിർദ്ദേശം സമർപ്പിക്കുകയും ചെയ്തിരുന്നു. ലാവലിനുമായി അന്നത്തെ വൈദ്യുത ബോർഡ് ചെയർമാൻ ഡോ വി രാജഗോപാൽ സപ്ളൈ കരാർ ഒപ്പിടുകയും 1998 ൽ വൈദ്യുത ബോർഡ് അന്തിമ കരാർ അനുവദിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കരാർ പ്രകാരം മലബാർ കാൻസർ സെൻ്ററിന് 100 കോടിയോളം രൂപ ലാവലിൻ നൽകേണ്ടതായിരുന്നു. എന്നാൽ നൽകിയതാവട്ടെ ഏകദേശം 9 കോടിയും.! അപ്പോഴാണ് കരാറിലെ അജാഗ്രത വഴി സർക്കാരിന് 375 കോടിയോളം നഷ്ടം വന്നു എന്ന് സി.എ.ജി. കണ്ടെത്തുന്നത്. തുടർന്ന് വിജിലൻസ് അന്വേഷിക്കുകയും സി ബി ഐ അന്വേഷണം വേണ്ടെന്ന ഒരു ശുപാർശ വിജിലൻസ് തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ബഹളങ്ങൾക്കിടെ ലാവലിനിൽ നായനാർ മന്ത്രിസഭ അനാവശ്യ ധൃതികാട്ടി സംസ്ഥാനത്തിന് നഷ്ടം ഉണ്ടാക്കി എന്ന സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ലാവലിൻ വൈസ് പ്രസിഡണ്ടും, കെ.എസ്.ഇ ബിയുടെ മൂന്ന് മുൻ ചെയർമാൻമാരും ഉൾപ്പെടെ എട്ട് പേരെ പ്രതിയാക്കി വിജിലൻസ് കോടതിയിൽ പ്രാഥമിക റിപ്പോർട്ട് നൽകി. 2006 ൽ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഉമ്മൻ ചാണ്ടി മന്ത്രിസഭ കേസ് സി.ബി.ഐക്ക് കൈമാറി. എന്നാൽ തുടർന്ന് വന്ന വി.എസ് സർക്കാർ കേസ് സി.ബി ഐക്ക് വിടേണ്ടെന്ന് തീരുമാനിച്ചു. തുടർന്ന് വീണ്ടും കോടതി ഇടപെടലുകളിലൂടെ കേസ് സി.ബിഐ ഏറ്റെടുക്കുകയും 2008ൽ കേസ് ഡയറി ഹൈക്കോടതി മുമ്പാകെ സി ബി ഐ സമർപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി കൊടുത്തു.ലാവലിൻ അഴിമതികേസിലെ ഏഴാം പ്രതിയായി പിണറായി ചേർക്കപ്പെട്ടു. നിയമ യുദ്ധങ്ങൾ വീണ്ടും മുറുകി.. പാർട്ടിക്കുള്ളിൽ ശക്തനാവുമ്പോഴും കളങ്കിതൻ എന്ന പേര് പിണറായിയെ വേട്ടയാടി. വി.എസും പിണറായിയും പലതവണ ഏറ്റുമുട്ടി. പോര് മുറുകിയ ഒരു ഘട്ടത്തിൽ ഇരുവരും പിബിയ്ക്ക് പുറത്തായി. എന്നാൽ 2012 ൽ കരാർ വഴി പിണറായി വ്യക്തിഗതമായ നേട്ടമുണ്ടാക്കിയില്ല എന്ന് സി.ബിഐ ഹൈക്കോടതിയെ അറിയിച്ചു. 2013 നവംബർ 5ന് തിരുവനന്തപുരം സി.ബി.ഐ സ്പെഷൽ കോടതി പിണറായിയെയും ആറു പേരെയും കേസിൽ നിന്നൊഴിവാക്കി. സി.പി.എം ആ വിധി വൻതോതിൽ ആഘോഷിച്ചു. പിണറായി മിന്നൽപ്പിണറായി എന്ന് പലരും വാഴ്ത്തി. വിധിക്കെതിരെ നന്ദകുമാർ ഉൾപ്പെടെ പലരും അപ്പീൽ പോയെങ്കിലും 2017ൽ കേരള ഹൈക്കോടതിയും പിണറായിക്ക് അനുകൂലമായി വിധി നൽകി . അന്നത്തെ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഉബൈദിനെ സർക്കാർ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചുവെന്ന ആരോപണവും ഉയർന്നു. 2018 ൽ വീണ്ടും സി.ബി.ഐ സുപ്രീം കോടതിയെ സമിപ്പിച്ച് കേസിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. ആ കേസ് ഇന്നും നിയമ വഴിയിലൂടെ ഇഴയുകയാണ്. ഇന്നും കേസ് കോടതി പരിഗണിക്കില്ല എന്നാണ് വാർത്തകൾ വരുന്നത്. വിധി എന്തായാലും പിണറായി ആണ് വിജയി എന്ന് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ കാലേകൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി എന്ന കളങ്കമായി ഇന്നും ലാവലിൻ കേസ് തുടരുന്നു.
ലാവ് ലിൻ കേസിൽ നിന്നു സുപ്രിം കോടതി ജഡ്സ്റ്റിസ് പിൻമാറി. കേസ് വീണ്ടും മാറ്റി ഇതിലെന്ത് മറിമായം സംശയവും ദൂരുഹതയും മാത്രം ബാക്കി.നീതി പീഠത്തിന്റെ തുലാസിന്റെ തുല്യതയ്ക്കു പിഴവ് വീണാൽ എന്തും തകരില്ലേ.
പ്രൊഫ ജി ബാലചന്ദ്രൻ