പ്രതിപക്ഷ ഐക്യം മലർപ്പൊടിക്കാരന്റെ സ്വപ്നമോ?

ബി.ജെ.പി.യുടെ പൊളിറ്റിക്കൽ വാർ റൂമിൽ ആനയുടെ ബലവും കുറുക്കന്റെ ബുദ്ധിയും രാകി മിനുക്കിയ രാഷ്ട്രീയ തന്ത്രങ്ങളുമാണ് ഉള്ളത്. ഹിന്ദുത്വ അജണ്ടയും ഓരോ സംസ്ഥാനത്തിനും യോജിച്ചതായ രാഷ്ട്രീയ തുറുപ്പു ചീട്ടുമാണ് കേന്ദ്ര ഭരണകൂടം ആവിഷ്ക്കരിക്കുന്നത്. ബി.ജെ.പിയുടെ അരങ്ങിലും അണിയറയിലും ബുദ്ധി രാക്ഷസന്മാർ ഏറെയുണ്ട് . അധികാര മോഹമുള്ളവരെയും ദ്രവ്യാസക്തിയുളളവരെയും അവർ വല വീശിപ്പിടിക്കുന്നു. . ക്രൈസ്തവ സഭകളെ കൈയ്യിലെടുക്കാൻ പതിനെട്ടടവും പ്രയോഗിക്കുന്നു. എതിർപക്ഷത്തു ശക്തന്മാരെന്നു കാണുന്നവരെ വെട്ടി നിരത്താൻ ഇൻകം ടാക്സ്, സി.ബി.ഐ, ഈ.ഡി തുടങ്ങിയ സർക്കാർ ഏജൻസികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നദികളുടെ ഏകോപനവും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും ദേശീയ നേതാക്കളുടെ പ്രതിമകളുടെ അനാച്ഛാദനവും നാൾക്കു നാൾ നടത്തി അവർ വമ്പൻ പ്രചരണങ്ങൾ നടത്തുന്നു. വാർത്താ മാദ്ധ്യമങ്ങളും ഐ.റ്റി വിദഗ്ദ്ധരും ഈവന്റ് മാനേജുമെന്റുകളും ബി.ജെ.പിയ്ക്കു വേണ്ടി രാപകൽ പ്രവർത്തിക്കുകയാണ്. വമ്പൻ സ്രാവുകളായ കോർപ്പറേറ്റുകൾക്കു വൻ ഇളവുകൾ വാരിക്കോരി കൊടുക്കുന്നു.

പ്രതിപക്ഷ പാർട്ടികളെ പിളർക്കാനും ജന പ്രതിനിധികളെ ചാക്കിട്ടു പിടിക്കാനും ബി.ജെ.പി അനുവർത്തിക്കുന്ന കൗശലങ്ങൾ പലതാണ്. എന്തിനും പോരുന്ന ആർ.എസ്സ്.എസ്സ്. എന്ന സുസംഘടിത സംഘടന ബി.ജെ.പി.യ്ക്കു പിന്നിൽ പാറപോലെ ഉറച്ചു നില്ക്കുന്നു. ഭിന്നിപ്പിച്ചു ഭരിക്കുന്ന ബ്രിട്ടീഷ് നയം തന്നെയാണ് ബി.ജെ.പി.യും പിന്തുടരുന്നത്. എങ്കിലും അവർ തുറക്കുന്ന വികസനത്തിന്റെ പുതിയ മുഖത്തിന് ജന സ്വീകാര്യത ഏറി വരുന്നു,. വന്ദേ ഭാരത് ട്രെയിൻ തന്നെ ഉദാഹരണം.

ജനസംഖ്യയിൽ പകുതിയിലധികം വരുന്ന യുവാക്കൾക്കു ജോലി കൊടുക്കാനും അവരെ ആകർഷിക്കാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. നോട്ടു നിരോധനം പോലെയുള്ള വിനാശകരമായ നടപടികളും വമ്പൻ സ്രാവുകൾക്ക് ബാങ്കു വായ്പകൾ എഴുതി തള്ളുകയും ചെയ്തിട്ടും കേന്ദ്ര സർക്കാർ കുലുക്കമില്ലാതെ നില നില്ക്കുന്നു.

കാക്കത്തൊള്ളായിരം പാർട്ടികളാണ് ഇൻഡ്യയിലുളളത്. പ്രാദേശിക പാർട്ടികളും ജാതിപ്പാർട്ടികളും മോരും മുതിരയും പോലെ ചിതറി നില്ക്കുന്നു. മമതയും റെഡ്ഡിയും നിതീഷും കേജ്‌രിവാളും പ്രധാന മന്ത്രിയാകാൻ ഗദയേന്തി നിൽപ്പാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് പ്രതിപക്ഷ ഐക്യത്തെക്കുറിച്ചാലോചിക്കാമെന്നു യച്ചൂരി പറയുന്നു. അതിനിടയ്ക്ക് രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കാൻ പലരും വിമുഖത കാണിക്കുന്നു.

“ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു” എന്ന മട്ടിൽ പാർട്ടികൾ ഞെളിഞ്ഞു നടപ്പാണ്. പ്രതിപക്ഷ കക്ഷികൾ പരസ്പരം എതിർത്തു നിന്നാൽ, ഭിന്നിച്ചു മത്സരിച്ചാൽ,വോട്ടു ചിതറിയാൽ ബി.ജെ.പി. തന്നെ അധികാരത്തിൽ വീണ്ടും വരാനാണ് സാധ്യത. എതിർ ചേരിയിലുള്ള സംസ്ഥാന സർക്കാരുകളെ കത്രികപ്പൂട്ടുപയോഗിച്ച് ഒതുക്കി നിർത്തുന്നു. മുസ്ലിം സമുദായം ഭൂരിപക്ഷമുള്ള ഇടങ്ങളിൽ പോലും ബി.ജെ.പി. മൃഗീയ ഭൂരിപക്ഷത്തോടെ ജയിക്കുന്നു. അതൊരു ജാലവിദ്യ തന്നെ.

പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി വികസന മന്ത്രങ്ങൾ പറഞ്ഞ് യുവാക്കളെ ഇളക്കിമറിക്കുകയാണ്.

കർണ്ണാടക തെരഞ്ഞെടുപ്പ് മോഡി പ്രഭാവത്തിൻ്റെ രാഷ്ട്രീയ ചൂണ്ടു പലകയാണോ? കണ്ടറിയാം.

പുനർചിന്തനവും പ്രായോഗിക തന്ത്രങ്ങളും കൊണ്ടു മാത്രമേ ഒരു പ്രതിപക്ഷ നിര ഇന്ത്യയിൽ സാക്ഷാത്ക്കരിക്കപ്പെടൂ.

ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഇന്ത്യ മുന്നോട്ടു കുതിക്കുകയാണ്. അതിന്റെ കുളമ്പടി ശബ്ദം അകലെയല്ല; അടുത്താണ്

” കുഴിവെട്ടി മൂടുക വേദനകൾ

കുതി കൊൾക ശക്തിയിലേക്ക് “

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ