ഭാരതത്തിന്റെ ഭാവി നിർണ്ണയിക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പ്

കർണാടക ജനവിധി തേടുകയാണ്. 224 അംഗ സഭയിൽ കോൺഗ്രസിന് 120 ൽ പരം സീറ്റുകളിൽ വിജയിക്കാനാവുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് പ്രചരണത്തിന് നേതൃത്വം നൽകിയ രാഹുൽ – ഖാർഗെ – ശിവകുമാർ കൂട്ടുകെട്ട് അക്ഷരാർത്ഥത്തിൽ ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. പ്രധാനമായും മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്. എങ്കിലും 25 സീറ്റുകളിൽ കുമാരസ്വാമിയുടെ ജനതാദളും, ഒരു സീറ്റിൽ സി.പി.എമ്മും നല്ല മത്സര പ്രതീതി ഉയർത്തിയിട്ടുണ്ട്. വികസനവും, വർഗീയതയും, വിഭാഗീയതയും പണവും തന്നെയാണ് കർണാടകയിലും വിധിയെഴുതുക. ഭരണ കക്ഷിയായ ബി.ജെ.പിയിൽ മുമ്പെങ്ങുമില്ലാത്ത വിധം തമ്മിൽ തല്ല് രൂക്ഷമാണ്. ജഗദീഷ് ഷെട്ടാർ ഉൾപ്പെടെയുള്ള ഒട്ടനവധി പ്രമുഖർ കൂറുമാറി കോൺഗ്രസ് പക്ഷത്തേക്ക് വന്നിട്ടുണ്ട്. അത് ലിംഗായത്ത് വോട്ടുകൾ ഒരു പരിധിവരെ കോൺഗ്രസിന് അനുകൂലമാക്കി മാറ്റി. ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ ഏകീകരിക്കപ്പെടും എന്നും ഏറെക്കുറെ ഉറപ്പാണ്. ലീഗ് നേതൃത്വം സ്ഥാനാർത്ഥികളെ നിർത്താതെ സ്വാധീന മേഖലകളിലൊക്കെ പ്രചരണം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കാടിളക്കിയ പ്രചരണത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.

കർണാടക തിരഞ്ഞെടുപ്പ് ബി.ജെ.പിയേക്കാൾ കോൺഗ്രസിനാണ് പ്രധാനപ്പെട്ടത്. രാജ്യത്ത് കോൺഗ്രസ് വേണോ എന്ന ചോദ്യം വരെ ഈ ജനവിധി ഉയർത്തും. സർക്കാർ വിരുദ്ധ വികാരം കോൺഗ്രസിനു തന്നെയാവും തുണയാവുക. എങ്കിലും എൻ്റെ ഭയം കോൺഗ്രസിലെ തന്നെ കുതികാൽ വെട്ടുകാരെയും കാലുവാരികളെയും ആണ്. അവർ കെണിവച്ചാൽ പ്രതീക്ഷകൾ താളം തെറ്റും . വോട്ടർ പട്ടിക സംബന്ധിച്ച് ശിവകുമാർ ഉന്നയിച്ച കാര്യങ്ങൾ ഏറെ ആശങ്കയുയർത്തുന്നതാണ്. കോൺഗ്രസ് സീറ്റുകൾ 120 കടന്നില്ലെങ്കിലും പ്രശ്നമാണ്. ചാക്കിട്ടുപിടുത്തത്തിൽ കോൺഗ്രസ് എം.എൽ.എ മാരെ വീഴ്ത്താൻ സകലകലകളും ബി.ജെ.പി. പുറത്തെടുക്കും. പല സംസ്ഥാനങ്ങളിലും കൂറുമാറ്റത്തിലൂടെ അധികാരം തിരിച്ചുപിടിച്ച കാഴ്ചകൾ നമ്മൾ കണ്ടതാണ്. എങ്കിലും 40 ശതമാനം വോട്ടും ഭൂരിപക്ഷം സീറ്റും കോൺഗ്രസ് നേടും എന്നാണ് എന്റെ പ്രതീക്ഷ. എന്നാലും മുഖ്യമന്ത്രിയെച്ചൊല്ലി കലഹമുണ്ടാകുമോ? കണ്ടറിയാം.

തെരഞ്ഞെടുപ്പ് ഫലം വരും വരെ ജനങ്ങൾ ഉല്ക്കണ്ഠയുടെ മുൾ മുനയിലാണ്.

…………കാത്തിരിക്കാം.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക