കുട്ടിക്കാലത്തു വായിച്ച ഒരു നോവൽ എന്നെ അഗാധമായി സ്പർശിച്ചു. അത് ആരാണെഴുതിയതെന്ന് ഓർക്കുന്നില്ല. അമ്മയും മകനും. അമ്മ കൊട്ടാരത്തിലെ തൂപ്പുകാരിയാണ്. മകൻ വഴിതെറ്റിപ്പോയി. അക്രമവും മോഷണവും. ഒരിക്കൽ മോഷണ ശ്രമത്തിനിടയിൽ അവൻ പിടിക്കപ്പെട്ടു. രക്ഷപ്പെടാൻ ഒരാളെ കൊന്നു. പോലീസു പിടിച്ചു. കേസായി.വധശിക്ഷയ്ക്ക് വിധിച്ചു.
കൊട്ടാരത്തിന്റെ എതിർ വശത്താണ് ജയിൽ. തൂക്കിക്കൊല്ലപ്പെടാൻ പോകുന്ന മകനെ കാണാൻ അമ്മ എത്തി. മകന് പശ്ചാത്താപമുണ്ട്. ഇനിയൊരിക്കലും തെറ്റ് ചെയ്യില്ലെന്ന് അവൻ ആണയിട്ടു പറഞ്ഞു. അവനു ജീവിക്കണം. അമ്മ വിചാരിച്ചാൽ രക്ഷപ്പെടുത്താം. അമ്മ കൊട്ടാരത്തിലെ അടിച്ചുതളിക്കാരിയല്ലേ. റാണിയോട് ശുപാർശ ചെയ്യണം. രാജ്ഞി പറഞ്ഞാൽ രാജാവ് കേൾക്കും , ശിക്ഷ ഇളവു ചെയ്യും.
അമ്മയുടെ മൗനം സമ്മതമാണെന്ന് മകൻ വിശ്വസിച്ചു. അങ്ങനെ സംഭവിക്കും എന്ന് അവൻ വിശ്വസിച്ചു. കാണാൻ വരുമ്പോഴൊക്കെ മകൻ അമ്മയോടു ചോദിക്കും. “അമ്മ പറഞ്ഞോ? എന്തായി.” ‘പറയാം – അമ്മ’.
തൂക്കിക്കൊല്ലുന്ന ദിവസം പ്രഖ്യാപിച്ചു. പെറ്റമ്മയല്ലേ. മകൻ എന്തു തെറ്റു ചെയ്താലും സ്നേഹമില്ലാതെ വരുമോ? മകനെക്കാളധികം ആ അമ്മ മനോവേദനയനുഭവിച്ചു.
” രാജ്ഞിയോടു പറഞ്ഞിട്ടുണ്ട്. അവർ രാജാവിനോട് പറഞ്ഞ് നിന്നെ മോചിപ്പിക്കും ” അമ്മ പറഞ്ഞു. ഞാനെങ്ങനെ അറിയും? മകൻ ചേദിച്ചു. രാജ്ഞി രാജാവിനെകൊണ്ടു സമ്മതിപ്പിച്ചു കഴിഞ്ഞാൽ ഞാനറിയിക്കാം. ജയിലിനുള്ളിൽ കിടക്കുന്ന നിനക്ക് കൊട്ടാരത്തിന്റെ മട്ടുപ്പാവു കാണാമല്ലോ. അതിന്റെ മുകളിൽ നിന്ന് ഞാൻ വെള്ളത്തൂവാല വീശിക്കാണിക്കും. നിന്നെ വിടുമെന്നുള്ളതിന്റെ സൂചനയാണത്. മകൻ പ്രതീക്ഷയോടെ മട്ടുപ്പാവിലേക്ക് എന്നും നോക്കും. വധശിക്ഷ നടപ്പിലാക്കുന്ന ദിവസം മകന് വേവലാതിയായി. രാജാവ് സമ്മതിച്ചില്ലേ? അവൻ ആശയോടെ മട്ടുപ്പാവിലേക്ക് നിർന്നിമേഷനായി നോക്കി. ഇനി മണിക്കൂറുകൾ മാത്രമേയുള്ളു. അപ്പോൾ മട്ടുപ്പാവിന്റെ മുകളിൽ അമ്മ പ്രത്യക്ഷപ്പെട്ടു. വെള്ളത്തു വാല വീശിക്കാണിച്ചു. ഓ രക്ഷപെട്ടു. അവൻ ആശ്വസിച്ചു. പക്ഷെ മകനെ തൂക്കുമേടയിലേക്കു തന്നെ കൊണ്ടുപോയി. അപ്പോഴും അവൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല.
കഥ അത്രയേയുള്ളു. അമ്മ എന്തിനങ്ങനെ കള്ളം പറഞ്ഞുവെന്നു ഗ്രന്ഥകർത്താവ് സൂചിപ്പിച്ചിട്ടില്ല. അവസാന നിമിഷത്തിലും മകന് പ്രതീക്ഷ കൊടുത്ത അമ്മ എന്താണർത്ഥമാക്കിയത്. അതൊരു വിശ്വാസ വഞ്ചനയാണോ? അവന് പ്രതീക്ഷയുടെ ഇത്തിരി വെട്ടം അന്ത്യ നിമിഷത്തിലും നൽകിയതെന്തിന്………
നിങ്ങൾ പറയൂ….
പ്രൊഫ.ജി.ബാലചന്ദ്രൻ