സമന്വയത്തിൻ്റെ പിറവി

.അരനൂറ്റാണ്ടിനു മുമ്പ് മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു ഉന്നത നിലവാരമുള്ള ഒരു സാഹിത്യ സാംസ്കാരിക മാസിക. അതില്‍ രാഷ്ട്രീയം വേണ്ട എന്നും നിശ്ചയിച്ചു. അതേക്കുറിച്ച് പല സാഹിത്യകാരന്മാരുമായി ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാവരും സഹകരിക്കാമെന്ന് ഏറ്റു. ഒരു പേരു വേണം. അധികം ആലോചിക്കേണ്ടിവന്നില്ല. സമന്വയം പേരും നിശ്ചയിച്ചു. തിരുവനന്തപുരത്തുള്ള ആര്‍ട്ടിസ്റ്റ് കെ. ദേവദത്തനെ എനിക്കു നേരത്തെ അറിയാം. സ്വയംവരത്തില്‍ പ്രവര്‍ത്തിച്ചിരുന്നതാണ്. പല ദിവസത്തെ ചര്‍ച്ചയ്ക്കൊടുവില്‍ ഒരു വ്യത്യസ്ത രൂപഭാവം څസമന്വയچത്തിനു വരുത്തി. അച്ചടി കറുത്ത മഷിയില്‍ തന്നെ. കളറേ പാടില്ല. സമന്വയത്തിനു ആകര്‍ഷകമായ ഒരു തലവാചകം അദ്ദേഹം ഉണ്ടാക്കി. ڇഭ്രാന്താലയത്തിനു പുറത്തെ ഭ്രാന്തന്‍മാര്‍ സമരത്തിലേക്ക്.ڈ അതിലല്‍പ്പം പുതുമയും വികൃതിയും ഉണ്ട്. പോസ്റ്ററും ദത്തന്‍തന്നെ ഡിസൈന്‍ ചെയ്തു. ഒരു പഴയ ഫിയറ്റ് കാറില്‍ ഞാന്‍ കേരളത്തിലാകെ ചുറ്റിയടിച്ചു. രാത്രിയില്‍ പോസ്റ്റര്‍ പ്രധാന കവലകളില്‍ ഒട്ടിച്ചു. ഒന്നാമത്തെ കോപ്പി തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. കുറിക്കുകൊള്ളുന്ന എഡിറ്റോറിയലായിരുന്നു. പ്രൗഢമായ രചനകള്‍ മാത്രമേ പ്രസിദ്ധീകരിച്ചുള്ളു. സ്നേഹമുള്ള ചിലര്‍ ചെറിയ പരസ്യങ്ങള്‍ തന്നു. ചിട്ടിപിടിച്ച പണം മൂലധനമായി കൈയ്യില്‍ കരുതി. ഒരു വര്‍ഷം എങ്ങനെയും സമന്വയം പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചു. കറുത്ത സൂര്യന്‍ എന്നാണ് എം. കൃഷ്ണന്‍ നായര്‍ സമന്വയത്തെ വിശേഷിപ്പിച്ചത്. പല പ്രമുഖരായ എഴുത്തുകാരും പ്രതിഫലം കൂടാതെ സമന്വയത്തില്‍ എഴുതാന്‍ തയ്യാറായി. പ്രൊഫസര്‍ ജി. കുമാരപിള്ള, തമ്പുരാന്‍ സാര്‍, പ്രൊഫസര്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവരുടെ രചനകള്‍ സമന്വയത്തില്‍ പ്രസിദ്ധീകരിച്ചു. കാവാലം നാരായണപ്പണിക്കരുടെ അഗ്നിവര്‍ണ്ണന്‍റെ കാലുകൾ എന്ന ലഘു നാടകവും ഡി. വിനയചന്ദ്രന്‍റെ പൊടിച്ചി എന്ന ചെറു നോവലും സമന്വയത്തിലാണ് പ്രസിദ്ധീകരിച്ചത്. സുകുമാര്‍ അഴീക്കോട്, എം.കെ. സാനു, ജി.എന്‍. പണിക്കര്‍, മേലേത്തു ചന്ദ്രശേഖരന്‍, വി.പി. ശിവകുമാര്‍, ജിതേന്ദ്രവര്‍മ്മ, ഐ. ഇസ്താക്, ഭട്ടതിരി തുടങ്ങിയവരുടെ രചനകള്‍ മികച്ച നിലവാരം പുലര്‍ത്തി സമന്വയത്തിന്‍റെ പ്രസിദ്ധീകരണ കാര്യത്തില്‍ ഭാര്യ ഇന്ദിരയായിരുന്നു പ്രധാന സഹായി. പോസ്റ്റില്‍ വരുന്ന രചനകള്‍ തെരഞ്ഞെടുക്കുക, പ്രൂഫ് നോക്കുക, റാപ്പര്‍ ഒട്ടിക്കുക, മേല്‍വിലാസമെഴുതുക എല്ലാം ഞങ്ങള്‍ തന്നെ. ഒരു വര്‍ഷം മുടങ്ങാതെ നടത്തി. പണം തീര്‍ന്നു. കമ്മീഷന്‍ കഴിച്ചുള്ള മാസികയുടെ വില ഏജന്‍റന്മാര്‍ തരാതായി. പല പ്രാവശ്യം ആവശ്യപ്പെട്ടു. ചിലര്‍ വണ്ടിച്ചെക്കു തന്നു. സമന്വയം മാസികയും അകാല ചരമമടഞ്ഞു.അതിൽ പല്ലിശ്ശേരി എന്ന പേരിൽ എഴുതിയിരുന്ന രത്നകുമാർ ഇടയ്ക്ക് വിളിച്ച് പഴയ ഓർമകൾ പങ്കിട്ടപ്പോൾ വലിയ സന്തോഷം തോന്നി. സമന്വയം ഓൺലൈനിലൂടെ പുനരാരംഭിക്കണം . ഉടനെ യാഥാർത്ഥ്യമാമാവുമെന്നു തന്നെയാണ് പ്രതീക്ഷ. .

( പ്രൊഫ ജി ബാലചന്ദ്രൻ ,

*ഇന്നലെയുടെ തീരത്ത്* )

Share Post

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക