ചീട്ടു കൊട്ടാരം പോലെ തകർന്നു വീണ മാർക്സിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രം പശ്ചിമ ബംഗാളിലും ത്രിപുരയിലും മാത്രം ഒതുങ്ങുന്നതല്ല. ഹംഗറിയിലും സോവിയറ്റു യൂണിയനിലും കമ്മ്യൂണിസം കുപ്പുകുത്തി വീണു. കേരളത്തിൽ അവശേഷിക്കുന്ന മാർക്സിസ്റ്റു പാർട്ടി ഇപ്പോഴിതാ കുമ്പസാരം നടത്തിയിരിക്കുന്നു. 2024 ലെ തോൽവി വിലയിരുത്താനും ഭരണ വിരുദ്ധ വികാരവും കരിവണ്ണൂരിലേയും കണ്ടലയിലേയും തീവെട്ടിക്കൊള്ളയും പോലീസിലും സർക്കാരാഫിസിലും അഴിഞ്ഞാടുന്ന കൈക്കൂലിയും അഴിമതിയും സെൽ ഭരണത്തിൻ്റെ അതിപ്രസരവും ഭരണ വിരുദ്ധ വികാരവുമാണ് ജനങ്ങളിൽ ഉണ്ടാക്കിയത്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത മാർക്സിസ്റ്റു പാർട്ടി തിരിച്ചു വരവിനുള്ള സ്വപ്നത്തിലാണ്.
SFI യുടെ കോളേജിലെ ഇടിമുറിയും, വിദ്യാർത്ഥികൾക്കും പ്രിൻസിപ്പലിനും ക്രൂരമർദ്ദനവും. മാർക്സിസ്റ്റു കൊലപ്പുള്ളികൾക്കു വേണ്ടി പുറത്തു നിന്നുള്ള അഭിഭാഷകർക്ക് നൽകിയത് 10 കോടി രൂപ. ഭരണം പാർട്ടിക്കു വേണ്ടിയോ ജനങ്ങൾക്കു വേണ്ടിയോ?
”ബോംബു നിർമ്മാണവും കരിമണൽ അഴിമതിയും മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള ആരോപണവും റോഡുകളിലുണ്ടാക്കിയ കുഴികൾ മുതൽ പോലീസിൻ്റെ കൊള്ളരുതായ്മകൾ വരെ തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമായി. മുസ്ലിം പ്രീണന നയം മൂലം മറ്റു ജന സമുദായങ്ങളെ പാർട്ടിയിൽ നിന്നകറ്റി. മധുവിൻ്റെ മരണം മുതൽ സിദ്ധാർത്ഥൻ്റെ കൊലപാതകം വരെ മാർക്സിസ്റ്റു പാർട്ടിക്കേറ്റ തിരിച്ചടിയാണ്. പ്രീണനത്തിൻ്റെയും ഭയപ്പെടുത്തലിൻ്റേയും മുൾമുനയിൽ നിർത്തി അധിക നാൾ വാഴാനാവുകയില്ലെന്നു കാലം തെളിയിച്ചു. ആലപ്പുഴ എന്ന വിപ്ളവ ഭൂമിയിൽ പോലും മാർക്സിസ്റ്റു പാർട്ടി മൂന്നാമതായി. നിയമം കൈയ്യിലെടുത്തു കൊണ്ട് യുവജന സംഘടനകളും ട്രേഡു യൂണിയനുകളും പോലീസു സംഘടനകളും നടത്തിയ അതിക്രമങ്ങൾ കൂടിയിട്ടേയുള്ളു. ഇനിയിതാ പഞ്ചായത്തു- മുൻസിപ്പൽ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വാരാനിരിക്കുന്നു.
കടമെടുത്തും ധൂർത്തടിച്ചും മാർക്സിസ്റ്റു ഭരണം ഖജനാവ് കാലിയാക്കി. വിലക്കയറ്റം,തൊഴിലില്ലായ്മ, കർഷക ആത്മഹത്യ ഇതെല്ലാം തിരിച്ചടിച്ചു. ലഹരി മാഫിയാകളുടെ വിളയാട്ടമാണ്. മോഷണം പെരുകി, പോക്സോ കേസ് പ്രതികളും ക്രിമിനൽ ഗുണ്ടകളും ജയിൽപ്പുള്ളികളും മാർക്സിസ്റ്റു പാർട്ടിയുടെ തണലിൽ വിലസി നടക്കുന്നു. നേതാക്കളിൽ പലരും കോടികൾ സ്വന്തമാക്കി. CPI പോലും മാർസിസ്റ്റു പാർട്ടിയെ കൈയ്യൊഴിഞ്ഞു. സപ്ലൈക്കോയിലെ സാധനങ്ങളുടെ ഇല്ലായ്മയും ജനങ്ങളെ വെറുപ്പിച്ചു. മച്ചിപ്പശുവിനെ തൊഴുത്തു മാറ്റിക്കെട്ടാനുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. കോഴി കോട്ടുവായിടുന്നതു പോലെ അതെല്ലാം തുടരട്ടെ.
മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും കയറി ഇറങ്ങുന്ന മുതലാളിമാരുടെ അവതാരങ്ങളെക്കുറിച്ച് തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയിൽ രൂക്ഷമായ വിമർശനമാണുണ്ടായത്. എല്ലാ വിഭാഗം ജനങ്ങളും എന്തിനു പാർട്ടിക്കാർ പോലും കൂറും കുടൂം മാറുന്നു. പാർട്ടിയുടെ കുമ്പസാരം കൊണ്ടൊന്നും മാർസിസ്റ്റു പാർട്ടി മെച്ചപ്പെടാൻ പോകുന്നില്ല. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും
ഫലം തഥൈവ.
പ്രൊഫ. ജി.ബാലചന്ദ്രൻ