കൂടോത്രത്തെക്കുറിച്ചും കോൺഗ്രസ്സിനെക്കുറിച്ചും ഇല്ലാക്കഥകൾ പുറത്തു വിട്ട് കോൺഗ്രസ്സിന് അവമതിപ്പുണ്ടാക്കിയ വിരുതൻ ആരാണ്. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം പേട്ടയിലെ വസതിയിലും കെ. പി.സി.സി ഓഫീസിൽ പ്രസിഡൻ്റ് ഇരിക്കുന്ന മേശക്കടിയിലും ഡൽഹിയിലെ എം.പി ഫ്ലാറ്റിലും ഏതോ ശത്രു കൂടോത്ര സാമഗ്രികൾ വച്ചു എന്നാണ് കഥ, ഇതൊക്കെ ഒന്നര വർഷം മുൻപ് നടന്നതാണത്രേ! എല്ലായിടത്തും CCTV ക്യാമറകൾ ഉള്ളതുമാണ്. കൂടോത്രം കണ്ടു പിടിക്കുന്ന ആചാര്യ ശ്രേഷ്ഠനെ വരുത്തിയാണ് ഇതൊക്കെ കണ്ടുപിടിച്ചതത്രേ! ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉപഗ്രഹങ്ങൾ തൊടുത്തു വിടുന്ന ഇക്കാലത്തും ഇത്തരം ശുദ്ധ വിഡ്ഢിത്തത്തിൻ്റെ പിന്നാലെ ജനശ്രദ്ധ തിരുച്ചു വിടാനുള്ള ശ്രമമാണിപ്പോൾ. കെ.പി.സി.സി പ്രസിഡൻ്റിനെ ഉന്നം വച്ചാണ് ഈ ആഭിചാരങ്ങളൊക്കെ നടത്തുന്നതെന്നാണ് ഭാഷ്യം.
സത്യത്തിൽ ഇത് സുധാകരൻ്റെ ഭാഗ്യ കാലമാണ്. അദ്ദേഹം കെ.പി.സി.സി പ്രസിഡൻ്റായി. ലോക് സഭയിലേക്കു മത്സരിച്ചു, ജയിച്ചു. മാത്രമല്ല ഉപ തെരഞ്ഞെടുപ്പുകളിലും 18 സീറ്റിലും മിന്നുന്ന ജയം ഉണ്ടായി. ഇത് സുധാകരൻ്റെ ശുക്ര കാലമാണ്.
പിന്നെ കൂടോത്രം കൊണ്ടാണ് സുധാകരൻ്റെ ആരോഗ്യം കൂടുതൽ വഷളാകുന്നതെന്നാണ് കണ്ടുപിടുത്തം. സുധാകരൻ ഇപ്പോഴും പ്രസരിപ്പോടെ വ്യായാമം ചെയ്യുന്ന ആളാണ്. മാത്രമല്ല ശരീര പുഷ്ടിക്കാവശ്യമായ ആയുർവേദ ചികിത്സയും ചെയ്യുന്നുണ്ട്. ഏതു പ്രതിസന്ധികളേയും നേരിടാനുള്ള ചങ്കുറ്റവുമുണ്ട്. പ്രായമാകുമ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികം. മാത്രമല്ല സുധാകരന് ഇത്തരം കൂടോത്രത്തിൽ വിശ്വാസ മുണ്ടാകാനും ഇടയില്ല. ഇല്ലാത്ത കറുത്ത പൂച്ചയെ രാത്രിയിൽ ഇരുട്ടു മുറിയിൽ തപ്പുന്നതു പോലെ കൂടോത്രത്തിൻ്റെ പിന്നാലെ പോകുന്നത് ശുദ്ധ അസംബന്ധമാണ്. കൂടോത്രം കേവലം അന്ധവിശ്വാസം മാത്രം.
കോൺഗ്രസ്സിനെ വഴി തെറ്റിക്കാനുള്ള അടവായിരിക്കാം ഇത്.
പ്രൊഫ.ജി.ബാലചന്ദ്രൻ