ഭൂലോക ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖം പുതിയ അദ്ധ്യായം എഴുതിച്ചേർക്കും. ചരിത്രത്തിൽ ഏഴാം നൂറ്റാണ്ടു മുതൽ വിഴിഞ്ഞം നഗരതുറമുഖം പ്രവർത്തിച്ചിരുന്നു. ഒടുവിൽ കാലത്തിൻ്റെ ഒഴുക്കുത്തിൽ നശിച്ചു പോയി. ആ ചരിത്രശേഷിപ്പിനെ വീണ്ടെടുത്ത് പുതിയ സ്വപ്നത്തിന് സാക്ഷാത്ക്കാരമായി.
ഉമ്മൻ ചാണ്ടിയും എം.വി. രാഘവനുമാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ വീണ്ടെടുപ്പിനു കളമൊരുക്കിയത്. പ്രകൃതി ദത്തമായ, ദൈവം കനിഞ്ഞനുഗ്രചിച്ച ആഴമേറിയ വിഴിഞ്ഞം കപ്പൽച്ചാൽ ലോകത്തിൻ്റെ വൻ ശ്യംഖലയുള്ള തുറമുഖമായിത്തീരും. ഇപ്പോൾ ഒന്നാം ഘട്ടമേ ആയിട്ടുള്ളു. ഇനി അതിൻ്റെ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. അതിനു പിണറായി സർക്കാർ മുൻകൈയ്യെടുക്കുന്നുണ്ട്. തുറമുഖത്തിൻ്റെ പിതൃത്വത്തെച്ചൊല്ലി ഇനി തർക്ക വിതർക്കങ്ങൾ ഉർത്തുന്നത് ശരിയല്ല. എല്ലാത്തിനേയും ആദ്യം എതിർക്കുന്ന, ഒടുവിൽ തങ്ങളുടെ ഭരണം വരുമ്പോൾ യോജിക്കുന്ന പ്രവണത എല്ലാക്കാര്യത്തിലും കേരളം സാക്ഷ്യം വഹിക്കുന്നതാണ്.
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഹൈവേയും, വിഴിഞ്ഞം മുതൽ ബാലരാമപുരം വരെയുള്ള റെയിൽവേ ലൈനും ഉടനെ നിർമ്മാണം പൂർത്തിയാക്കണം. തിരുവനന്തപുരത്തിനും കേരളത്തിനും അനന്തവികസന സാദ്ധ്യതയും തൊഴിലാവസരങ്ങളും സൃഷ്ടിക്കാനുതകുന്ന ഈ വിഴിഞ്ഞം പദ്ധതി സാമ്പത്തിക നേട്ടമുണ്ടാക്കും.
രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ് മെൻ്റാണ് വിഴിഞ്ഞം തുറമുഖം 849344 കോടി രൂപയാണ് മൊത്തം ചെലവ്. 15-ാം വർഷം മുതലേ ലാഭവിഹിതത്തിൻ്റെ 1% കേരളത്തിനു കിട്ടൂ. കേന്ദ്രം ആകെ മുടക്കിയിരിക്കുന്നത് 9.76% മാത്രമാണ്. എന്നാൽ മഹാരാഷ്ട്രയിലെ വാധ്വാൻ പോർട്ടിൽ ശതകോടികളാണ് കേന്ദ്രം ചെലവിട്ടത്. അതിലെത്രയോ വലുതാണ് വിഴിഞ്ഞം തുറമുഖം. മദർഷിപ്പുകൾക്ക് അടുക്കാൻ സൗകര്യമുള്ള തരത്തിലാണ് വിഴിഞ്ഞം തുറമുഖം സജ്ജീകരിച്ചിട്ടുള്ളത്.
സാൻ ഫെർണാണ്ടോ കപ്പൽ ഇന്ന് ബർത്തിൽ അടുത്തപ്പോൾത്തന്നെ അഹ്ലാദത്തിൻ്റേയും അഭിമാനത്തിൻ്റേയും കേളി കൊട്ടാരംഭിച്ചു. തുടർന്നും വമ്പൻ കമ്പനികളുടെ കപ്പലുകളും വിഴിഞ്ഞത്ത് നങ്കുരമിടും മലയാ, സിങ്കപ്പൂർ, കൊളംബോ തുറമുഖങ്ങളേക്കാൾ സീമാതീതമായ സാദ്ധ്യതയുണ്ട് വിഴിഞ്ഞത്തിന്.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്തി തദ്ദേശവാസികൾക്കു തൊഴിലവസരം കൊടുക്കണം. ചരക്കു കയറ്റിറക്കു മാത്രമല്ല വിനോദയാത്രയ്ക്കുള്ള ഗതാഗത സൗകര്യവും വർദ്ധിക്കുന്നതോടെ വരും കാലങ്ങളിൽ പണത്തിൻ്റെ ഒഴുക്ക് കേരളത്തിലേക്കു കുമിഞ്ഞു കൂടും.
പ്രൊഫ.ജി.ബാലചന്ദ്രൻ