1980 നവംബര്‍ 20- ഒരിക്കലും മറക്കാനാവാത്ത ദുരന്ത ദിനം. കെ.പി.സി.സി. ഫണ്ടു പിരിവിനുവേണ്ടി ലീഡര്‍ കെ., കരുണാകരനും കെ.എം. ചാണ്ടിയും ചേര്‍ന്നുള്ള പര്യടനം. ഷാളുകള്‍ക്ക് പകരം നോട്ടുമാലകള്‍ ഇടണമെന്നാണ് മണ്ഡലം കമ്മിറ്റികള്‍ക്കു കൊടുത്ത നിര്‍ദ്ദേശം. ഓരോ മണ്ഡലം കമ്മിറ്റിയും അയ്യായിരം രൂപയുടെ ഫണ്ട് കൊടുക്കണം. ഞാനന്ന് ആലപ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റാണ്. വളരെ വൈകിയാണ് നേതാക്കള്‍ എത്തിയത്. ഗംഭീര സ്വീകരണം നല്‍കി. അതുകഴിഞ്ഞ് സമ്മേളനം വിജയിച്ചതിന്റെ സന്തോഷത്തില്‍ ഞങ്ങളവിടെ സംസാരിച്ചിരുന്നുപോയി. അന്ന് തോണ്ടൻകുളങ്ങരയിലുള്ള ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത് . രാത്രി വൈകി വീട്ടിലെത്തിയപ്പോള്‍ വലിയ ആള്‍ക്കൂട്ടം. വീട്ടിലാരും ഇല്ല, ആകെ ഇരുട്ട്. . അച്ഛനും അമ്മയും ഇന്ദിരയും ജീവനും റാണിയും എവിടെ? ഞാന്‍ പരിഭ്രമിച്ചു. അപ്പോഴാരോ പറഞ്ഞു ‘ഒരു തീപിടിത്തമുണ്ടായി, അമ്മയും ഇന്ദിരയും കുഞ്ഞുങ്ങളും അടുത്തുള്ള കനകമ്മയുടെ വീട്ടിലുണ്ട്.’ . ഇന്ദിര കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കുഞ്ഞുങ്ങളെ മാറോടടുക്കിപ്പിടിച്ചിരിക്കുന്നു. അമ്മ അടുത്തുണ്ട്. ‘അച്ഛനെവിടെ’ ഞാന്‍ തിരക്കി. ‘അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോയി’, ഞാന്‍ നേരെ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോള്‍ കാഷ്വാലിറ്റിയില്‍ ഒരു മേശമേല്‍ അച്ഛന്‍ നിശ്ചലനായി കിടക്കുന്നു. എനിക്ക് ശബ്ദിക്കാനായില്ല. നിലത്തിരുന്നുപോയി. കുറച്ചു കഴിഞ്ഞ് ഞാന്‍ തിരിച്ച് വീട്ടിലെത്തി. രാത്രി . ഇന്ദിര വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. . കുട്ടികള്‍ ജീവനും റാണിയും ഉറങ്ങിപ്പോയി. അമ്മയും ഉറക്കം പിടിച്ചു. അപ്പോഴാണ് അച്ഛന്റെ മുറിയില്‍ ഒരു തീഗോളം പോലെ പൊട്ടിത്തെറിയും തീ ആളിപ്പടരലും ഉണ്ടായത്. ലൈറ്റും പോയി. ഇന്ദിര ഞെട്ടിപ്പിടഞ്ഞ് നിലവിളിച്ചുകൊണ്ട് റോഡിലേക്കോടി. മക്കളെക്കുറിച്ചുപോലും ഓര്‍ത്തില്ല. തീ ആളിപ്പടരുന്നതുകണ്ട് അടുത്ത വീട്ടിലെ കനകമ്മ ഓടിവന്ന് കുഞ്ഞുങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി കിടത്തി. അതുവഴി വന്ന വിശ്വനും എന്റെ വിദ്യാര്‍ത്ഥി കൂടിയായ സി.ഐ.സോമനും വീട്ടിനുള്ളിലേക്ക് ഓടിക്കയറി അമ്മയെ കൂടി കസേരയിലിരുത്തി വീടിനു പുറത്തെത്തിച്ചു. ആളുകള്‍ കുടത്തിലും ചെരുവത്തിലുമൊക്കെയായി വെള്ളം കോരിയൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. ഒരു മുറി മുഴുവന്‍ കത്തി ചാമ്പലായി. മറ്റു ഭാഗങ്ങളിലേക്ക് തീ പടരുകയാണ്. ഫയര്‍ എഞ്ചിനും നാട്ടുകാരും ചേര്‍ന്ന് തീ ഒരുതരത്തില്‍ അണച്ചു. മണിക്കൂറുകള്‍ കഴിഞ്ഞെത്തിയ ഞാൻ അഗ്നിദഹനം കഴിഞ്ഞ വീട്ടിലേക്ക് വിറയ്ക്കുന്ന കാലുകളോടെയാണ് കയറിയത്. അതിനു മുന്‍പേ തന്നെ അച്ഛന്റെ കത്തിക്കരിഞ്ഞ ശരീരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിലെ തീ അണച്ചെങ്കിലും ഞങ്ങളുടെ ഉള്ളിലെ തീ പുകഞ്ഞുകൊണ്ടിരുന്നു.
കല്ലേലി സാറിന്റെ ഭാര്യ വിദ്യാവതി ടീച്ചറാണ് അന്ന് ഞങ്ങളെ ആശ്വസിപ്പിക്കാനുണ്ടായിരുന്നത്. അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നൊമ്പരപ്പെടുത്തുകയാണ്. വട്ടക്കഴുത്തുള്ള വെള്ള ഷര്‍ട്ടും വെള്ള മുണ്ടും തോളത്ത് പച്ചക്കരയുള്ള വെള്ള ടര്‍ക്കി ടൗവ്വലുമായുള്ള അച്ഛന്റെ രൂപം മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
പ്രൊഫ ജി ബാലചന്ദ്രൻ