53 വർഷം അജയ്യനായി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിക്കു ശേഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ ഏവരും ഉറ്റുനോക്കുന്നു. ചാണ്ടി ഉമ്മനും (UDF) ജെയ്ക് സി തോമസും (LDF) ജി. ലിജിൻ ലാലും (NDA) തെരഞ്ഞെടുപ്പു ഗോദായിലിറങ്ങിയിട്ടുണ്ട്. സഹതാപ തരംഗവും വികസന നയവും ഭരണ വിരുദ്ധ വികാരവും കൊട്ടിക്കയറാൻ തുടങ്ങി. മൂന്നുകൂട്ടരും ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്തു പ്രയോഗിക്കുമെന്നുറപ്പാണ്. അതിനിടയിൽ മിത്തും മറ്റു ചില വികാരങ്ങളും വലിച്ചിഴക്കാനിടയുണ്ട്. മൂവരും ഓർത്തഡോക്സ്, യാക്കോബാ കത്തോലിക്കാ സഭാനാഥന്മാരെയും NSS, SNDP സമുദായ നേതാക്കളെയും വണങ്ങി ആശീർവാദം വാങ്ങിയിട്ടുണ്ട്. ജെയ്ക് സി. തോമസ് മൂന്നാം വട്ടമാണ് പുതുപ്പളളിയിൽ അങ്കത്തിനൊരുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യം ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഒമ്പതിനായിരത്തിലേക്ക് ഒതുക്കാൻ ആ യുവാവിനു കഴിഞ്ഞു. ജി.ലിജിൻലാൽ രണ്ടാം വട്ടമാണ് അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ചാണ്ടി ഉമ്മന്റെ കന്നിയങ്കമാണ്. പിതാവിന്റെ നിഴലായി നിന്ന് കോൺഗ്രസ്സ് പ്രവർത്തനത്തിൽ വ്യാപൃതനായിരുന്നു. നാലായിരം കിലോ മീറ്റർ ജോഡോ യാത്രയിൽ നഗ്ന പാദനായി രാഹുൽ ഗാന്ധിയോടൊപ്പം നടന്നു. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപ തരംഗമാണ് യൂ.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. കേരളത്തിൽ സഹതാപ തരംഗത്തിന് വലിയ പ്രസക്തിയുണ്ട്. ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ മകൻ ശബരീനാഥൻ മത്സരിച്ച് വിജയം നേടി. PT തോമസിന്റെ നിര്യാണത്തെത്തുടർന്ന് ഭാര്യ ഉമാ തോമസ് മത്സരിച്ചപ്പോൾ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. അക്കണക്കിനു ചാണ്ടി ഉമ്മനും വിജയ സാദ്ധ്യത കാണ്മാനുണ്ട്. എന്നാൽ ക്രൈസ്തവ സഭയ്ക്കിടയിലുള്ള തർക്കങ്ങളും മറ്റും ചില സമവാക്യങ്ങൾ തെറ്റിച്ചു. മിത്തു വിവാദം NSS നെ പ്രകോപിപ്പിച്ചിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളി NDA യിൽ ഉറച്ചു നില്ക്കുന്നു. എന്നാൽ വെള്ളാപ്പളളി നടേശന്റെ മനസ്സിലിരുപ്പ് പുറത്തു വന്നിട്ടില്ല. കോമൺ സിവിൽ കോഡിനെച്ചൊല്ലിയുള്ള എതിർപ്പും പോപ്പുലർ പാർട്ടിക്കെയ്തിരെയുണ്ടായ റെയിഡും മുസ്ലിം സമുദായത്തിനിടയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. വാദങ്ങളും പ്രതിവാദങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉരുളയ്ക്കുപ്പേരി പോലെ മൂന്നു മുന്നണികളും പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു നല്ല രാഷ്ട്രീയപ്പോരാട്ടം നടക്കും. മൂന്നു സ്ഥാനാർത്ഥികളും നിരന്നു കഴിഞ്ഞപ്പോൾ മിത്തു വിവാദവും, വികസനവും കരിമണൽ മാസപ്പടിയും ചികിത്സാ വിവാദവും ഭരണത്തിലെ അഴിമതിയും ധൂർത്തും എല്ലാം പ്രചരണ വിഷയങ്ങളായിട്ടുണ്ട്. തെരഞ്ഞെടുപ്പിനു ഒരു ലക്ഷ്യമേ ഉള്ളു; എങ്ങിനെയും ജയിക്കുക. BJP സ്ഥാനാർത്ഥി രംഗത്തിറങ്ങിയത് ഒടുവിലാണ്. NDA സർവ്വ ശക്തിയും സമാഹരിച്ച് കഴിഞ്ഞ പ്രാവശ്യത്തെക്കാൾ വോട്ടു ശതമാനം കൂട്ടുന്നതിനാണ് ശ്രമിക്കുന്നത്. യുവത്വത്തിന്റെ തീ പാറുന്ന മത്സരമായിരിക്കും ഇത്. കുടിവെള്ള പ്രശ്നം മുതൽ പല പ്രാദേശിക പ്രശ്നങ്ങളും പൊന്തി വരും. കുടിവെള്ളത്തിന്റെയും വൈദ്യുതിച്ചാർജിന്റെയും വർദ്ധനയും സിവിൽ സപ്ലൈയിസിൽ അവശ്യ സാധനങ്ങളുടെ ഇല്ലായ്മയും ചൂണ്ടിക്കാട്ടുന്നു. ഭരണ വിരുദ്ധ വികാരം മുതലാക്കാനാണ് UDF ഉം BJP യും കിണഞ്ഞു ശ്രമിക്കുന്നത്. സെപ്റ്റംബർ 5-ാം തീയതിയാണ് തെരഞ്ഞെടുപ്പ്. ഇതിനിടയിൽ ഓണത്തിന്റെ തയ്യാറെടുപ്പാണ്. രാമായണ മാസം കഴിഞ്ഞു. ഗണേശോത്സവം നടക്കാനിരിക്കുന്നു. മണർകാട് പള്ളിയിലെ എട്ട് നോമ്പ് പെരുന്നാൾ. ഇതിനിടയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ചൂടും ചൂരും കുറയാനിടയുണ്ട്. ഉമ്മൻ ചാണ്ടിയില്ലാത്ത ഒരു തെരഞ്ഞെടുപ്പ്. ആ സ്നേഹവും സഹതാപവും ചാണ്ടി ഉമ്മന് അനുകൂലമായാൽ അത്‌ഭുതപ്പെടേണ്ടതില്ല; ചാണ്ടി ഉമ്മൻ ജയിക്കും.
പ്രൊഫ.ജി.ബാലചന്ദ്രൻ
#chandyoommen
#JaickCThomas
#glijinlal
#UDF
#LDF
#NDA