ഒരു ദിവസം ഉച്ചയ്ക്ക് ആകാശവാണി സ്റ്റേഷന്‍ ഡയറക്ടര്‍ കോന്നിയൂര്‍ നരേന്ദ്രനാഥ് എന്നെ വിളിച്ചു. മകരവിളക്കിനു കമന്‍ററി കൊടുക്കാന്‍ വരണം. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശബരിമല എനിക്ക് ഒട്ടും പിടിയില്ലാത്ത ഭക്തിവിഷയമാണ്. ശബരിമലയെക്കുറിച്ചോ മകരവിളക്കിനെക്കുറിച്ചോ കാര്യമായ അറിവൊന്നും ഇല്ല. എന്‍റെ ബുദ്ധിമുട്ട് ഞാന്‍ പറഞ്ഞു. കോന്നിയൂര്‍ സാര്‍ വിടുന്ന ലക്ഷണമില്ല. ബാലചന്ദ്രന്‍ പോയി കമന്‍ററി പറഞ്ഞാല്‍ മതി, നന്നായിക്കോളും.അയ്യപ്പനെ പലവട്ടം ധ്യാനിച്ച് ശബരിമലയ്ക്ക് പുറപ്പെട്ടു. എല്ലാത്തിനും ധൈര്യം തരുന്നത് ഭാര്യ ഇന്ദിരയാണ്. അതിരാവിലെ തന്നെ ബസ്സില്‍ കയറി പമ്പയിലെത്തി. ആകാശവാണി ഉദ്യോഗസ്ഥര്‍ കാത്തുനില്‍പ്പുണ്ട്. പല ദേശക്കാര്‍, പല ഭാഷക്കാര്‍ ശബരീനാഥ ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളുമായി മലകയറുന്നു. ഞാനും കൂട്ടത്തില്‍ കൂടി. ശരണ മന്ത്രങ്ങൾ മുഴക്കി കരിമലയും നീലിമലയും സത്യമായ പൊന്നിൻ പതിനെട്ടാം പടിയും പിന്നിട്ട് ശബരീശ സന്നിധിയിലെത്തി. സന്നിധാനത്ത് കൊടിമരത്തിന് ഇടതു വശത്താണ് ആകാശവാണിയുടെ കമൻ്ററി ബോക്സ്.മകരവിളക്കിന് തൊട്ടു മുമ്പ് ഒരു കൃഷ്ണപ്പരുന്ത് ക്ഷേത്രത്തെ വലം വച്ച് പറക്കും’ അപ്പോൾ ആകാശത്ത് ഒരു നക്ഷത്രം ഉദിക്കും. തിരുവാഭരണപ്പെട്ടിയെത്തുന്നതോടെ ദീപയഷ്ടികളുടെ പ്രഭയിൽ മുങ്ങിയ സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമാവും. ദീപാരാധനയ്ക്ക് മണിയൊച്ച കേൾക്കുമ്പോൾ പൊന്നമ്പലമേട്ടിൽ ദീപം തെളിയും. സർവ്വാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പ ദർശനത്തോടൊപ്പം പൊന്നമ്പലമേട്ടിൽ തെളിയുന്ന ദീപവും ഭക്തർക്ക് ആത്മനിർവൃതിയുടേതാണ്. ശരണാരവങ്ങൾ, താളമേളങ്ങൾ, ആഴിയിൽ നിന്നുയരുന്ന അഗ്നിനാളങ്ങൾ, ധൂപ സുഗന്ധങ്ങൾ, ദർശന സായൂജ്യത്തിന് തിക്കിതിരക്കുന്ന ഭക്തലക്ഷങ്ങൾ, ….. ഇതെല്ലാം കാണാൻ രണ്ടല്ല രണ്ടായിരം കണ്ണുകൾ വേണം’.. ഈ കാഴ്ചകളൊക്കെ തത്സമയം കേൾവിക്കാരിലെത്തിക്കുക നന്നേ വിഷമം!’ , എങ്കിലും അയ്യപ്പ കാരുണ്യം ഞങ്ങളെ അതിന് പ്രാപ്തമാക്കുന്നു ..ഭക്തരുടെ ആവേശം ആകാശത്തോളം ഉയരുമ്പോൾ കമൻ്ററി ബോക്സിൽ നിന്ന് ഞങ്ങളും വാക്കുകളെ പ്രകാശവേഗത്തിലാക്കാൻ വെമ്പും. പലതവണ ഗാന ഗന്ധർവൻ യേശുദാസും ദൃക്സാക്ഷി വിവരണ കേന്ദ്രത്തിലെത്തി ഞങ്ങളോടൊപ്പം അയ്യപ്പ കീർത്തനം പാടിയിട്ടുണ്ട് ‘ ഓരോ മകര വിളക്ക് കാലത്തും ആ നല്ല ഓർമ്മകൾ എന്നെ ആനന്ദ നിർവൃതിയിലാഴ്ത്തും. സ്വാമിയേ ശരണമയ്യപ്പ .
പ്രൊഫ ജി ബാലചന്ദ്രൻ