അദമ്യമായ ഇച്ഛാശക്തിയോടെ ഉദിച്ചുയർന്ന പ്രതിഭ.

ആ പയ്യൻ കണക്കിലും സയൻസിലും മിടുക്കനായിരുന്നു. അതു കൊണ്ട് തന്നെ മുതിർന്ന കുട്ടികൾക്കും അവനെ ഇഷ്ടമായിരുന്നു. പ്രകാശവേഗത്തിലായിരുന്നു അവൻ ശാസ്ത്ര പാഠങ്ങൾ ഹൃദിസ്ഥമാക്കിയത്. അച്ഛൻ സ്ക്കൂൾ മാഷാണെങ്കിലും പട്ടിണിയും പരിവട്ടവും ഒട്ടും കുറവായിരുന്നില്ല. ഐ.ഐ.ടി (Indian Institute of Technology) ആയിരുന്നു അവൻ്റെ സ്വപ്ന ഭൂമിക.

ഐ.ഐ. ടി മോഹം കലശലായപ്പോൾ അവൻ സതീർത്ഥ്യരോടൊപ്പം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ നൽകി. മൈസൂരിലെ ചാമുണ്ഡിക്കുന്നിനു കീഴിലെ കൽമണ്ഡപത്തണലിൽ ഇരുന്ന് കൂട്ടുകാരോടൊപ്പം അവൻ പഠിച്ചു, അവരെക്കൂടി പഠിപ്പിച്ചു.

ബാംഗ്ലൂരിൽ പോയി ഐ.ഐ.ടി പരീക്ഷ എഴുതി. റാങ്ക് പട്ടിക വന്നു. മിടുക്കനായി അവനും സ്ഥാനം പിടിച്ചു. റാങ്ക് കിട്ടിയ ത്രില്ലിൽ അവൻ അച്ഛൻ്റെയടുത്തേക്ക് ഓടി. അഭിനന്ദനങ്ങൾ കൊണ്ട് മൂടിയപ്പോഴും അച്ഛൻ്റെ ഹൃദയമിടിപ്പ് ഘനഗംഭീരമായി. അച്ഛൻ പറഞ്ഞു ” നീ മിടുക്കനാണ്. നമ്മുടെ ധനസ്ഥിതി നിനക്കുമറിയാം. കെട്ടിച്ചയക്കാൻ അഞ്ച് പെൺമക്കൾ , പള്ളിക്കൂടത്തിലയക്കാൻ മൂന്ന് ആൺമക്കൾ. മാസ ശമ്പളമാണ് എൻ്റെ ആകെയുള്ള വരവ്. ഐ.ഐ.ടി ചിലവുകളൊന്നും എനിക്ക് താങ്ങാനാവില്ല. ഇവിടെ , മൈസൂരിൽ നിനക്ക് എത്ര വേണമെങ്കിലും പഠിക്കാം. ഇടനെഞ്ചു പൊട്ടുന്ന വേദനയോടെ അച്ഛൻ പറഞ്ഞു നിർത്തി. വിടരാനിരുന്ന പൂമൊട്ടുകൾ കരിഞ്ഞതുപോലെ അവൻ്റെ സ്വപ്നങ്ങൾ ചാരമായി.

അച്ഛൻ്റെ നിസ്സഹായത കണ്ട് ഹൃദയത്തിൽ നിന്ന് നിണമൊഴുകിയിട്ടും അവൻ പതറിയില്ല. കൂടെ പഠിച്ചവരെല്ലാം മദ്രാസ് ഐ. ഐ.ടി . യിലേക്ക് പോവുകയാണ്. യാത്രയയക്കാൻ അവനും പോയി. കൂട്ടുകാരുടെ ചർച്ചകളെല്ലാം ഹോസ്റ്റലിനെയും, കോഴ്സിനെയും, വരാനിരിക്കുന്ന അവസരങ്ങളെയും കുറിച്ചായിരുന്നു. നിർന്നിമേഷനായി അവൻ നിന്നു. വിഷാദമോ നൈരാശ്യമോ ഇല്ലാതെ ! ട്രെയിൻ ചൂളം വിളിച്ചത് അവൻ കേട്ടില്ല. ! കൂട്ടുകാർ കൈ വീശിയത് കണ്ടില്ല.

അവൻ്റെ മനസ്സ് പറഞ്ഞു. ഐ. ഐ.ടിയിലെ കുട്ടികൾ ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്യുന്നു, പക്ഷെ സ്ഥാപനമല്ല.. നീ.. നീ മാത്രമാണ് കഠിനാദ്ധ്വാനത്തിലൂടെ നിൻ്റെ ജീവിതം തിരുത്തി എഴുതേണ്ടത് ..

“നിൻ്റെ മികച്ച സുഹൃത്തും നശിച്ച ശത്രുവും നീ തന്നെയാണെന്ന ഭഗവത് ഗീതാസത്യം” അവൻ മനസ്സിലേക്ക് പകർത്തുകയായിരുന്നു. അത് ഒരു വഴിത്തിരിവായി. അത്യദ്ധ്വാനത്തിൻ്റെ പടവുകൾ കയറുമ്പോൾ വ്യക്തി ജീവിതത്തിൻ്റെ സുഖശീതളിമയിൽ അവൻ്റെ കണ്ണ് മഞ്ഞളിച്ചില്ല.

ആ പയ്യൻ പിന്നീട് ഇന്ത്യൻ സോഫ്റ്റ് വെയർ വ്യവസായത്തിൻ്റെ മുമ്പേ പറക്കുന്നപക്ഷിയായി. ധാർമികമായും നിയമപരമായും എങ്ങനെ പണം ഉണ്ടാക്കാമെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ച മഹാൻ! ലാളിത്യത്തിൻ്റെ , വിട്ടുവീഴ്ച ഇല്ലാത്ത ഗുണനിലവാരത്തിൻ്റെ പ്രതീകമാണദ്ദേഹം.

. ഇൻഫോസിസിൻ്റെ സ്ഥാപകനും ചെയർമാനുമായിരുന്ന നാഗവര രാമറാവു നാരായണ മൂർത്തിയാണ് ആ മനുഷ്യൻ. ഇൻഫോസിസ് ഇന്ന് ഐ.ടി രംഗത്തെ അത്ഭുതമാണ്.

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക