ഈ രക്ഷാ ദൗത്യം ! . മലമ്പുഴയ്ക്കടുത്ത ചെറാട് മലയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ കണ്ണും കാതും. മല കയറുന്നതിനിടെ ഒരു ഇരുപത്തി മൂന്നുകാരൻ മലമുകളിൽ നിന്ന് കാൽ വഴുതി ഒരു ഇടുങ്ങിയ ചെങ്കുത്തായ പാറക്കെട്ടിലേക്ക് പതിച്ചു. 400 മീറ്ററോളം താഴേക്ക്. ! അതും വന്യമൃഗങ്ങളും ഇഴജന്തുക്കളും ചൂടും തണുപ്പും അഗ്നിപരീക്ഷ നടത്തുന്ന ഒരു മലയിടുക്ക്. വിവരം അറിഞ്ഞ ഉടനെത്തന്നെ നാട്ടുകാരും ഭരണകൂടവും ബാബു എന്ന യുവാവിനെ തിരികെയെത്തിക്കാൻ ശ്രമമാരംഭിച്ചു. പോലീസും, വനം വകുപ്പും, അഗ്നിശമന സേനയും, ദുരന്തനിവാരണ വിഭാഗവും കൈമെയ് മറന്ന് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒരു തുള്ളി വെള്ളം പോലും കിട്ടാതെ നിസ്സഹായനായി മകൻ പാറക്കെട്ടിൽ കഴിയുമ്പോഴും അമ്മ കണ്ണു നീർ വാർത്ത് പ്രാർത്ഥനയോടെ മലയടിവാരത്തിൽ മണിക്കൂറുകളോളം കാത്തു കിടന്നു. ഒപ്പം കണ്ണടയ്ക്കാതെ നാട്ടുകാരും ! ഇന്നലെ നടത്തിയ ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനവും, ഡ്രോൺ വഴി വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ എല്ലാവരും ഒന്നു പരുങ്ങി . അപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളുടെ പിന്തുണയും സർക്കാർ ഉറപ്പിച്ചിരുന്നു. എവറസ്റ്റ് കീഴടക്കിയ പർവ്വതാരോഹക സംഘത്തിലെ മിടുക്കരെ വരെ .. ! പറഞ്ഞ പോലെ തന്നെ ഇന്ത്യൻ കരസേനയുടെ മദ്രാസ് , ബാംഗ്ലൂർ റെജിമെൻറുകളിൽ നിന്ന് സൈനികർ അർദ്ധ രാത്രിയോടെ എത്തി. ഇരുട്ടിനെ വക വെയ്ക്കാതെ അവർ ചെങ്കുത്തായ മല കയറി . നെഞ്ചിടിപ്പോടെ പതറി നിൽക്കുന്ന നാട്ടുകാർ കേൾക്കെ ബാബുവിനോടായി സൈന്യം വിളിച്ചു പറഞ്ഞു . ഞങ്ങൾ അടുത്തുണ്ട്. ഭയക്കരുത്.! വടം കെട്ടി അവർ ബാബുവിന് അടുത്തെത്തി. കോസ്റ്റ് ഗാർഡിന് പുറമെ കോയമ്പത്തൂരിൽ നിന്ന് പ്രത്യേകം ഡ്രോൺ എത്തിച്ച് വെള്ളവും ഭക്ഷണവും എത്തിക്കാൻ ശ്രമം നടത്തി. അതിനിടെ കരസേനാ ജവാൻമാർ സ്വജീവൻ പണയം വച്ച് വടം കെട്ടി മുകളിലേക്ക് കയറി ബാബുവിന് വെള്ളമെത്തിച്ചു. ശ്വാസമടക്കിപ്പിടിച്ച പ്രവർത്തനങ്ങൾക്കിടെ വടത്തിൽ ബന്ധിച്ച് ബാലയെന്ന സൈനികനോട് ചേർത്ത് കെട്ടി ബാബുവിനെ മലമുകളിലെത്തിച്ചു. കേരളം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യം : ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ട് … ചെറുപ്പക്കാരുടെ സാഹസികമായ ട്രക്കിംഗ് ഒഴിവാക്കേണ്ടതാണ്. അതാണ് ഈ സംഭവം നൽകുന്ന അനുഭവപാഠം.
പ്രൊഫ ജി ബാലചന്ദ്രൻ