അന്ധന്മാർ ആനയെ കണ്ടതു പോലെ.

അന്ധന്മാർ ആനയെ കണ്ടതു പല രൂപത്തിലാണ്. അതുപോലെയാണ് ശ്രീ നാരായണ ഗുരുവിനെ പലരും കണ്ടതും വിലയിരുത്തിയതും. അടിമകളെപ്പോലെ കഴിഞ്ഞിരുന്ന, അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തെ ഒരു തുള്ളി രക്തം പോലും ചിന്താതെ പരിവർത്തനത്തിന്റെ രാജപാതയിലേക്കു നയിച്ചതു നാരായണ ഗുരുവായിരുന്നു. അരുവിപ്പുറം മുതൽ ആരംഭിച്ച അദ്ദേഹത്തിന്റെ ജീവിത യാത്ര കേരളത്തിന്റെ മഹാ ചരിത്രമാണ്. 41 വർഷം അവിശ്രമം പ്രവർത്തിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രവചന സമാനമായ സന്ദേശങ്ങളും കർമ്മ പദ്ധതികളും ഒരു കാലത്തിന്റേയോ ദേശത്തിന്റേയോ പരിമിതികൾക്കുള്ളിൽ ഒതുങ്ങുന്നതല്ല. ക്ഷേത്രത്തിനു പുറത്തു കൂടിപ്പോലും വഴി നടക്കാനോ ക്ഷേത്രത്തിൽ പ്രവേശിക്കാനോ പോലും കഴിയാതിരുന്ന ഒരു ജനതയുടെ അകക്കണ്ണു തുറപ്പിച്ചത് അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയതു മുതലാണ്. ക്രിസ്തുദേവനും മുഹമ്മദ് നബിയുമൊക്കെ പ്രവാചകരായിരുന്നു. അവരുടെ പേരിൽ മതങ്ങൾ സ്ഥാപിച്ചു. ശ്രീ നാരായണൻ മതം സ്ഥാപിക്കാത്ത പ്രവാചനായിരുന്നു. കാഷായം ധരിക്കാത്ത സന്യാസി ആയിരുന്നു. ചരിത്ര പുരുഷനായ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠയ്ക്കടുത്ത് എഴുതി ചേർത്തത് ” ജാതി ഭേദം മതദ്വേഷം: ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ” എന്നാണ്. കളവങ്കോടത്തു പ്രതിഷഠിച്ചത് കണ്ണാടിയാണ്. പ്രതിഷ്ഠകളെല്ലാം ലക്ഷ്യത്തിലെത്താനുളള മാർഗ്ഗമായിരുന്നു. ” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്നദ്ദേഹം അരുളി ചെയ്തു. അതിനെ അന്ധന്മാർ ആനയെ കണ്ടതു പോലെയാണ് വിലയിരുത്തിയത്. ഒരു ജാതി ഈഴവ ജാതിയാണെന്നും ഒരു മതം ഹിന്ദു മതമാണെന്നും ഒരു ദൈവം ശ്രീനാരായണ ഗുരു ആണെന്നും ഈ മണ്ടന്മാർ പ്രചരിപ്പിച്ചു. വിദ്യ കൊണ്ടു പ്രബുദ്ധരാകാനും സംഘടന കൊണ്ടു ശക്തരാകാനും ഗുരു ഉപദേശിച്ചു. വിദ്യാലയങ്ങൾ സ്ഥാപിച്ച് കോഴ വാങ്ങാനും സംഘടനയിലൂടെ അഴിമതിക്കു മറപിടിക്കാനും സമർത്ഥരായ കള്ളന്മാർ പരിശ്രമിക്കുന്നു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും വേണ്ടി അദ്ദേഹം സർവ്വമത സമ്മേളനം നടത്തി. യോഗ കൊണ്ടും പാണ്ഡിത്യം കൊണ്ടും ഗുരു സ്വാമികൾ സിദ്ധിനേടി ആത്മാവില്ലാത്ത മനുഷ്യർക്ക് ആത്മാവിന്റെ വിജ്ഞാനം പകർന്നു. ബ്രാഹ്മമണർ ക്ഷത്രിയ,വൈശ്യ, ശൂദ്രന്മാരെ അടക്കി ഭരിച്ചു. ഈഴവർ തുടങ്ങിയ പഞ്ചമ ജാതിക്കാർ വെറും കീടങ്ങളെപ്പോലെയാണ് ജീവിച്ചത്. അവരെ മനുഷ്യത്വത്തിലേക്കു ഉയർത്തി. അദ്ദേഹത്തെ സാമൂഹ്യ പരിഷ്ക്കർത്താവായും നവോത്ഥാന നായകനായും പലരും കാണുന്നു. അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും അദ്ദേഹം തൂത്തെറിഞ്ഞു. മദ്യം ഉണ്ടാക്കരുത്, കുടിക്കരുത്, വില്ക്കരുത് എന്ന അദ്ദേഹത്തിന്റെ പ്രബോധനം തല തിരഞ്ഞ് വ്യാഖാനിച്ചാണ് അബ്കാരികൾ ലാഭമുണ്ടാക്കുന്നത്. കേരളത്തിന്റെ കാതലായ പ്രശ്നങ്ങളെ അദ്ദേഹത്തെക്കാൾ സ്പഷ്ടമായും . ലളിതമായും മറ്റാരും കണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം ഗഹനങ്ങളായ കാവ്യങ്ങൾ എഴുതി. അതിന്റെ ഉളളറകളിലേക്കു കടക്കാൻ ഇനിയുമെത്രനാൾ വേണ്ടി വരും. ക്രിസ്തു കുരിശിൽ കയറിയത് ലോകത്തെ ഉദ്ധരിക്കാനാണ്. ബ്രൂണോ തീയിൽ വെന്തു മരിച്ചതും ഗലീലിയോയും സോക്രട്ടീസും ഗാന്ധിജിയും കൊല ചെയ്യപ്പെട്ടതും മനുഷ്യ ശ്രേഷ്ഠതയ്ക്കു വേണ്ടി പ്രവർത്തിച്ചതിനാലാണ്. ശ്രീ നാരായണനെ വധിക്കാതിരുന്നത് ലോകത്തിന്റെ ഭാഗ്യം. വ്യക്തിഗതമായി ഒരു കളങ്കവു മുണ്ടാക്കാതെ,ക്ഷോഭിച്ച് ഒരു മുള്ളു വാക്കുപോലും പറയാതെ മാറ്റത്തിന്റെ കൊടുങ്കാറ്റു സൃഷ്ടിച്ച മഹാ മനുഷ്യനാണ് നാരായണ ഗുരു. കൊച്ചു കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ച നാണു വിശ്വ ഗുരുവായിത്തീർന്നത് അദ്ദേഹത്തിന്റെ കർമ്മ കുശലത കൊണ്ടു മാത്രമാണ്. കുമാരനാശാനും, സഹോദരൻ അയ്യപ്പനും ഡോ പല്പ്പുവും നടരാജ ഗുരുവും ശ്രീനാരായണ ഗുരുവിന്റെ പതാകാ വാഹകരായിരുന്നു. കേരളത്തിന്റെ കീഴാള വർഗ്ഗം പ്രത്യേകിച്ച് സ്ത്രീകൾ അനുഭവിച്ച ദുരിതവും അടിമത്തവും അന്തമില്ലാത്തതാണ്. മേൽമുണ്ട് ധരിക്കാനോ ആഭരണങ്ങൾ അണിയാനോ അവർക്കു അവകാശമില്ലായിരുന്നു. എന്നു മാത്രമല്ല അവർ ‘മുലക്കരം’ കൊടുക്കണമായിരുന്നു. അതിൽ പ്രതിഷേധിച്ച് മാറുഛേദിച്ച നങ്ങേലി എന്ന സ്ത്രീ ഓർക്കപ്പെടേണ്ടവളാണ്. ഇപ്പോഴാണ് നാരീ ശക്തി സാർത്ഥകമായത്. രാജ്യസഭയിലും ലോക്സഭയിലും 33% സംവരണം സ്ത്രീകൾക്കു അനുവദിച്ചു കൊണ്ടുള്ള ബിൽ പാസ്സാക്കിയത് ശൂഭോദർക്കമാണ്. അതു പ്രാവർത്തികമാകാൻ എത്ര നാൾ കാത്തിരിക്കണമോ എന്തോ? ആൺകോയ്മയുടെ ഒരു മൂലയിൽ സ്ത്രീകൾക്കും സ്ഥാനം നല്കുമ്പോൾ അതിൽ പിന്നോക്ക ജാതിക്കാർക്കു കൂടി അവസരം കൊടുക്കേണ്ടതല്ലേ?പ്രൊഫ.ജി.ബാലചന്ദ്രൻ#SreeNarayanaGuru

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ