സൗത്ത്ഏഷ്യൻ അന്താരാഷ്ട്ര -ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം പ്രിയ നടൻ ഇന്ദ്രൻസ് നേടിയിരുന്നു. പാർശ്വവൽക്കരിക്കപ്പെടുകയും കുടിയിറക്കപ്പെടുകയും ചെയ്ത ഒരു ജനതതിയുടെ കഥ പറയുന്ന വെയിൽ മരങ്ങൾ 2019 ലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പുരസ്കാരം കരസ്ഥമാക്കിയിരുന്നു. ഏറെ വൈകിയാണെങ്കിലും ആ വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫാൻസു ക്ലബ്ബുകളും വൻ ആരാധകവൃന്ദങ്ങളും പെരുമ്പറകൾ മുഴക്കാത്തതിനാലാവും ഇന്ദ്രൻസിനെ തേടിയെത്തിയ ആ വലിയ അവാർഡ് അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് ? തൊലി വെളുപ്പിനോടും ജാതിമത വാലുകളോടുമെല്ലാം ഒരു മാനസിക അടിമത്തം മലയാളത്തിൻ്റെ പൊതു ബോധത്തിന് വന്നു കൂടാത്തതാണ്. താരശോഭയല്ല അഭിനയ ചാതുരിയാണ് വേണ്ടത് എന്ന് നമ്മെ ഇടയ്ക്കിടക്ക് ഓർമ്മപ്പെടുത്താൻ ചില അവാർഡുകൾ വേണ്ടി വരുന്നു എന്നത് സങ്കടകരമാണ്. . ഈയിടെ പുറത്തിറങ്ങിയ റോജിൻ തോമസ് സംവിധാനം ചെയ്ത “ഹോം” എന്ന സിനിമയിലുടെയും ഇന്ദ്രൻസ് ലോകമാകെയുള്ള പ്രേക്ഷക ലക്ഷങ്ങളുടെ കയ്യടി നേടി. ഒലിവര്‍ ട്വിസ്റ്റ് എന്ന മുഖ്യ കഥാപാത്രത്തെ ഇന്ദ്രന്‍സ് അനശ്വരമാക്കുമ്പോൾ ഉയരുന്നത് ഇന്ത്യൻ സിനിമയുടെ യശസ്സ് കൂടിയാണ്. സുരേന്ദ്രൻ കൊച്ചു വേലു എന്ന ഇന്ദ്രൻസ് അഭിനയ ജീവിതത്തിൽ തുന്നിയെടുത്ത സ്വപ്നങ്ങൾ വിസ്മയകരമാണ്. കോമഡി വേഷങ്ങൾക്കപ്പുറത്തേക്ക് നായക വേഷങ്ങൾക്കുള്ള മെയ് വഴക്കവും ഈ നടൻ കരഗതമാക്കിയിരിക്കുന്നു. വെള്ളിത്തിരയിൽ മിന്നും താരമായിട്ടും സലീം കുമാറും വേണ്ടത്ര ആദരിക്കപ്പെടാതെ പോയിട്ടുണ്ട്. ആദാമിൻ്റെ മകൻ അബു എന്ന സിനിമയിലെ അബു എന്ന കഥാപാത്രത്തിലൂടെ സലീം കുമാറും ദേശീയ അവാർഡ് നേടിയിരുന്നു. കലാ ജീവിതത്തിൻ്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സലീം കുമാറിനും എല്ലാ ഭാവുകങ്ങളും നേരുന്നു. പുതിയ താരോദയങ്ങളാൽ മലയാള സിനിമ സമൃദ്ധമാവട്ടെ, !
പ്രൊഫ ജി ബാലചന്ദ്രൻ .