അമ്പലപ്പുഴ ക്ഷേത്രം പണികഴിപ്പിച്ചത് 1623-ലാണ്. അവിടത്തെ പാല്‍പ്പായസം ലോകപ്രസിദ്ധമാണ്. പാല്‍പ്പായത്തെക്കുറിച്ച് ഒരു കഥയുണ്ട്. ചെമ്പകശ്ശേരി രാജാവ് ബ്രാഹ്‌മണനായ ഒരു ജന്മിയില്‍ നിന്ന് സൈനികാവശ്യത്തിനായി കുറച്ചു നെല്ലു കടം വാങ്ങി. മുതലും പലിശയും പലിശയ്ക്കു പലിശയുമായി കടം വര്‍ദ്ധിച്ചു. പറഞ്ഞ അവധിക്കു പണം തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. പതിവു ദര്‍ശനത്തിനു ക്ഷേത്രനടയിലെത്തിയ രാജാവിനെ അവിടെ കാത്തുനിന്ന ജന്മി തടഞ്ഞു നിര്‍ത്തി. ‘കടം മടക്കിത്തന്നിട്ട് ദര്‍ശനം നടത്തിയാല്‍ മതി’യെന്ന് പറഞ്ഞു. ഇതറിഞ്ഞ മന്ത്രി പാറയില്‍ മേനോന്‍ ഉടന്‍തന്നെ രാജാവിന്റെ രക്ഷയ്‌ക്കെത്തി. മന്ത്രിയുടെ അറിയിപ്പനുസരിച്ച് നാടിന്റെ നാനാഭാഗത്തു നിന്നും പ്രജകള്‍ മുപ്പതിനായിരപ്പറ നെല്ല് ക്ഷേത്രമുറ്റത്തെത്തിച്ചു. അവിടം ഒരു നെല്ലുമലയായി. ‘ഉച്ചപ്പൂജയ്ക്കു തടസ്സം വരാതെ മുഴുവന്‍ നെല്ലും ഉടന്‍ മാറ്റണം’ മന്ത്രി ആജ്ഞാപിച്ചു. പണിക്കാരെ വരുത്തി എത്ര ശ്രമിച്ചിട്ടും ജന്മിക്ക് നെല്ലു മാറ്റാന്‍ കഴിഞ്ഞില്ല. നെല്ല് ക്ഷേത്രനടയില്‍ തന്നെ കിടന്നു. ഗത്യന്തരമില്ലാതെ അയാള്‍ അതു മുഴുവന്‍ ഭഗവാനു സമര്‍പ്പിച്ചു. ആ നെല്ലുകൊണ്ട് എല്ലാ ദിവസവും വഴിപാടായി പാല്‍പ്പായസ നിവേദ്യം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെയാണ് പാല്‍പ്പായസ നിവേദ്യം ആരംഭിച്ചത്. പുഞ്ച നെല്ലിന്റെ തവിടൊട്ടും കളയാത്ത ഉണക്കലരിയും പാലും പഞ്ചസാരയുമാണ് പാല്‍പ്പായസത്തിലെ ചേരുവകള്‍. അതിന് നല്ല തങ്കത്തിന്റെ നിറമാണ്. പ്രത്യേകമായ സുഗന്ധവുമുണ്ട്. രാവിലെ മുതല്‍ അടുപ്പത്തുവച്ച് ഉച്ചവരെ തിളപ്പിച്ച് ജലാംശം വറ്റിച്ചതിനു ശേഷമാണ് പാല്‍പ്പായസം നിവേദ്യത്തിനെടുക്കുന്നത്.അമ്പലപ്പുഴ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ നിര്‍മ്മിച്ച വിഗ്രഹത്തിനു കേടുപാടുള്ളതായി പുതുമന വലിയ തിരുമേനി കണ്ടെത്തി. മുഹൂര്‍ത്തത്തിന് പ്രതിഷ്ഠ നടത്താന്‍ ലക്ഷണമൊത്ത കൃഷ്ണവിഗ്രഹം വേണം. പുതുതായുണ്ടാക്കാന്‍ സമയമില്ല. കുറിച്ചി കരുകുളം ക്ഷേത്രത്തിലെ കൃഷ്ണവിഗ്രഹം രാജ കിങ്കരന്മാര്‍ കൗശലത്തില്‍ കൈക്കലാക്കി. അതുമായി അമ്പലപ്പുഴയ്ക്ക് തിരിച്ചു. ചമ്പക്കുളം ആറിന്റെ കരയിലുള്ള മാപ്പിളശ്ശേരി കടവിലെത്തിയപ്പോഴേക്കും സമയം സന്ധ്യയോടടുത്തു. പൂജയ്ക്കുള്ള നേരമായി. അവര്‍ വിഗ്രഹം അവിടെയിറക്കി വച്ച് പൂജിച്ചു. പ്രഭാതപൂജ കൂടി കഴിച്ചിട്ട് പുറപ്പെടാന്‍ തീരുമാനിച്ചു. രാവിലെ തന്നെ അമ്പലപ്പുഴ രാജാവ് പരിവാരസമേതം അവിടെയത്തി. പൂജാദി കര്‍മ്മങ്ങള്‍ക്കുശേഷം ആര്‍ഭാടത്തോടെ അമ്പലപ്പുഴയ്ക്ക് പുറപ്പെട്ടു. അന്ന് മിഥുനമാസത്തിലെ മൂലം നക്ഷത്രം ആയിരുന്നു. അതുമുതല്‍ക്കാണ് പമ്പയാറ്റില്‍ മൂലം വള്ളംകളി നടത്താന്‍ തുടങ്ങിയത്. തിരുവിതാംകൂറിലെ ആദ്യത്തെ ജലമേളയാണ് മൂലം വള്ളംകളി. (DC ബുക്സ് പ്രസിദ്ധീകരിച്ച ഇന്നലെയുടെ തീരത്ത് എന്ന ആത്മകഥയിൽ നിന്ന്). പ്രൊഫ ജി ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി