“അമ്മേ ഞങ്ങള്‍ പോകുന്നു കണ്ടില്ലെങ്കില്‍ കരയരുതേ. ഓരോ തുള്ളിച്ചോരയ്ക്കും, പകരം ഞങ്ങള്‍ ചോദിക്കും”

കേരള രാഷ്ട്രീയത്തിൽ ശക്തമായ പ്രകമ്പനങ്ങൾ സൃഷ്ടിച്ച വിദ്യാർത്ഥി മുന്നേറ്റമായിരുന്നു ഒരണാ സമരം. 1958 ജൂലൈ 14-ാം തീയതി ആരംഭിച്ച ഒരണാ സമരത്തിനു അഗ്നിപകര്‍ന്നത് വയലാര്‍ രവിയും, എം.എ. ജോണുമായിരുന്നു. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയെ ഒരണാ സമരത്തിൻ്റെ തീച്ചൂളയിലേക്കിറക്കിയതും എം.എ. ജോണായിരുന്നു. . ആലപ്പുഴയില്‍ നിന്ന് കുട്ടനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ബോട്ടു മാത്രമായിരുന്നു ശരണം. വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടില്‍ യാത്രക്കൂലി ഒരണയായിരുന്നു. അതായത് ആറു പൈസ. സർക്കാർ അത് 10 പൈസയാക്കി കൂട്ടി.. ചാർജ് വർദ്ധന കുറയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇ.എം.എസ് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. സമരത്തെ നേരിടാന്‍ പോലീസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങി. കുട്ടനാട്ടില്‍ തുടങ്ങിയ സമരം ആലപ്പുഴ ജില്ലയിലാകെ പടര്‍ന്നു. തുടര്‍ന്ന് കൊല്ലത്തേക്കും കോട്ടയത്തേക്കും, മറ്റു ജില്ലകളിലേക്കും വ്യാപിച്ചു. സമരത്തിന്‍റെ പ്രധാന കേന്ദ്രം ആലപ്പുഴ ബോട്ടുജട്ടിയായിരുന്നു. സമരംമൂലം സ്കൂളുകളെല്ലാം അടച്ചു. ആദ്യ ദിവസങ്ങളില്‍ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. ദിവസങ്ങൾ പിന്നിട്ടപ്പോൾ കഴിഞ്ഞപ്പോള്‍ അവരെ ലാത്തികൊണ്ടും ചൂരല്‍കൊണ്ടും അടിച്ചോടിക്കലായി.. സമരം തീജ്വാല പോലെ പടർന്നപ്പോൾ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ പിക്കറ്റിംഗ് ആരംഭിച്ചപ്പോള്‍ പോലീസ് കൈയ്യും കാലും തലയുമെല്ലാം അടിച്ചുപൊട്ടിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ കല്ലെറിഞ്ഞു. രക്ഷകര്‍ത്താക്കള്‍ രോഷാകുലരായി. പിക്കറ്റിംഗുകൾ അക്രമാസക്തമായി. വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് ജൂലൈ 23ന് നടത്തിയ ജാഥയെ കമ്യുണിസ്റ്റനുകൂലികളും പോലീസുകാരും വളഞ്ഞിട്ടു തല്ലുകയും കല്ലെറിയുകയും ചെയ്തു. ചോരത്തുള്ളികള്‍ റോഡില്‍ ചിതറിവീണു. ഒരണാസമരത്തിന്‍റെ ആവേശം ഭരണത്തെ ഉലച്ചു. ” അമ്മേ ഞങ്ങള്‍ പോകുന്നു കണ്ടില്ലെങ്കില്‍ കരയരുതേ.ڈ ഓരോ തുള്ളിച്ചോരയ്ക്കും പകരം ഞങ്ങള്‍ ചോദിക്കും” എന്നീ മുദ്രാവാക്യങ്ങള്‍ കേരളമാകെ ഉയർന്നു.. വിദ്യാര്‍ത്ഥികള്‍ക്ക് തല്ലു കൊണ്ടപ്പോള്‍ രക്ഷിതാക്കളും നാട്ടുകാരും സമര രംഗത്തിറങ്ങി. വിമോചന സമരത്തിനു പോലും വഴിമരുന്നിട്ടത് ഒരണാസമരമാണ്. എനിക്കന്ന് 14 വയസ്സേ പ്രായമുള്ളു, അതുകൊണ്ട് എനിക്ക് ആ സമരത്തില്‍ പങ്കെടുക്കാനായില്ല. വീട് ബോട്ടുജെട്ടിക്കടുത്തായത് കൊണ്ട് സമരാവേശം കാണാൻ എതിര്‍കരയില്‍ കമ്പിയില്‍ പിടിച്ചുകൊണ്ട് ഞാൻ നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്ന ശബ്ദം കേട്ടാലുടനെ ഉണ്ണിപ്പിള്ള ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസു സംഘം ഓടിവന്ന് അടിതുടങ്ങിയതും കുട്ടികൾ ചിതറി ഓടുന്നതും ഇന്നും ഞാൻ ഓർക്കുന്നു. . തൊട്ടടുത്തുള്ള ശ്രീകൃഷ്ണഭവന്‍ ഹോട്ടല്‍ ആന്‍റ് ലോഡ്ജിന്‍റെ മുകളിലത്തെ നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടൗണ്‍ കമ്മിറ്റി ഓഫീസിലിരുന്ന് സഖാക്കൾ ലാത്തിയടി രംഗം കണ്ടു ഹരം പിടിക്കും .സമരകാലത്ത്

ചേര്‍ത്തലക്കാരന്‍ പി.കെ. കുര്യാക്കോസിനെ പോലീസ് മൃഗീയമായി മര്‍ദ്ദിച്ചു. വെളുത്തു ചുവന്ന കുര്യാക്കോസിന്‍റെ ശരീരം മുഴുവന്‍ ലാത്തിയുടെ കരുവാളിച്ച പാടുകള്‍ കാണാമായിരുന്നു. ഒടുവിൽ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. 1958 ആഗസ്റ്റ് മൂന്നാം തീയതി സമരം തീര്‍ന്നു. അതിന്‍റെ വിജയാഹ്ലാദ ജാഥ കാണാന്‍ ഞാനും പോയിരുന്നു. മുല്ലയ്ക്കല്‍ ജംഗ്ഷനില്‍ നിന്നാണ് ജാഥ തുടങ്ങിയത്. ആനപ്പുറത്തിരുന്നുകൊണ്ട് കുര്യാക്കോസ് ജാഥ നയിക്കുന്നത് കണ്ട് കുട്ടികള്‍ക്ക് ആവേശം കൂടി. അറിയപ്പെട്ട ആദ്യത്തെ കെ.എസ്.യു ഒരണാസമര നേതാവ് കുര്യാക്കോസാണ്. ഒരുകാലത്ത് വീരോചിതമായി ജാഥ നയിച്ച കുര്യാക്കോസിന്‍റെ അവസാന കാലം ദയനീയമായിരുന്നു. ഞങ്ങളുടെ സമകാലികരില്‍ ഉമ്മന്‍ചാണ്ടിയും കുര്യാക്കോസും മാത്രമേ ഒരണാ സമരത്തില്‍ പങ്കെടുത്തിട്ടുള്ളു. ഞാൻ ഒരണാ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും ആ സമരത്തിൻ്റെ നേർക്കാഴ്ചയാണ് എന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാക്കിയത്. (DC ബുക്ക്സ് പ്രസിദ്ധീകരിച്ച എൻ്റെ ഇന്നലെയുടെ തീരത്ത് എന്ന ആത്മകഥയിൽ നിന്ന്)

പ്രൊഫ ജി ബാലചന്ദ്രൻ. #ഒരണ#സമരം# #ഇന്നലെയുടെ#തീരത്ത്# H

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ