അരിയും തിന്നു ആശാട്ടിയേയും കടിച്ചു പിന്നെയും …… !!

പിണറായി സർക്കാർ ഇപ്പോൾ രണ്ടാം ഊഴത്തിലെ രണ്ടാം വർഷത്തിൽ എത്തി നില്ക്കുന്നു. ആനയും അമ്പാരിയുമായി വാർഷികാചരണം പൊടിപൂരമാക്കാനാണ് സർക്കാർ തീരുമാനം.

എല്ലാം ശരിയാക്കും അവതാരങ്ങളെ പുറത്താക്കും അധികാര ദല്ലാളന്മാരെ അകറ്റി നിർത്തും എന്നൊക്കെപ്പറഞ്ഞാണ് പിണറായി സർക്കാർ ഭരണക്കസേരയിൽ കയറിയത്. ഒന്നു തിരിഞ്ഞു നോക്കുമ്പോൾ, എല്ലാവരും മൂക്കത്ത് വിരൽവച്ചു പോവും. കമ്യൂണിസ്റ്റു സർക്കാർ കേവലം കമ്മീഷൻ സർക്കാരായി മാറി എന്നാണ് ലൈഫ് മിഷൻ മുതൽ ക്യാമറ വരെ എല്ലാ കഥകളും പറയുന്നത്.

ശിവശങ്കരനും രവീന്ദ്രനും കാണിച്ചുകൂട്ടിയ കൊള്ളയുടെ തനിനിറം പുറത്തായിട്ടും പിണറായിക്കു മിണ്ടാട്ടമില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങളിലെ വസ്തുത അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇപ്പോൾ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവും അഴിമതിയുടെ കുരുക്കിലാണ്. സ്വർണ്ണക്കടത്തും കറൻസി പെട്ടിയും ഈന്തപ്പഴവും ബിരിയാണി ചെമ്പും എല്ലാം ചേർന്ന് ഈജിയൻ തൊഴുത്തു പോലെ മലീമസമായിരിക്കുന്നു.

ട്രാൻസ്പോർട്ടു കട്ടപ്പുറത്ത് തന്നെ. കശുവണ്ടി, കയർ, കൈത്തറിത്തൊഴിലാളികൾ കഷ്ടത്തിലാണ്. പെൻഷൻകാർക്ക് കൊടുക്കാൻ ഖജനാവിൽ പണമില്ല. പഞ്ചായത്തുകൾക്കുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചു. ഗുണനപ്പട്ടിക തെറ്റിച്ചു പഠിച്ച കുട്ടി ചെയ്യുന്ന കണക്കുകളെല്ലാം തെറ്റും എന്നതു പോലെയാണ് കേരള സർക്കാരിന്റെ സാമ്പത്തിക മാനേജുമെന്റ്. ഗുരുതരമായ ക്രമക്കേടുകൾ സി.എ.ജി. കണ്ടെത്തിയിട്ടും ഒരു കുലുക്കവും സർക്കാരിനില്ല. സ്വന്തം സുരക്ഷയ്ക്കും വീട്ടിൽ തൊഴുത്തും ലിഫ്റ്റും നിർമ്മിക്കാനും ലക്ഷങ്ങൾ വാരിക്കോരി ചെലവിടുന്നു.

‘എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും’ എന്നതു പോലെയാണ് സ്ഥിതി. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തിരിമറിയും സാമ്പത്തിക അപഹരണവും നടത്തി.

ദുരന്ത നിവാരണ ഫണ്ട് നേരും നെറിയുമില്ലാതെ ഇഷ്ടക്കാർക്കെല്ലാം വീതം വച്ചു കൊടുത്തു.

ലക്ഷങ്ങളും കോടികളും ഡൽഹി വക്കീലന്മാർക്കു കൊടുത്താണ് പല കേസുകളിലും പിടിച്ചു നില്ക്കുന്നത്. ലോകായുക്തയെ നിർവീര്യമാക്കി. വിജിലൻസിനെയും, ക്രൈംബ്രാഞ്ചിനെയും ആഭ്യന്തരമന്ത്രി കൈയ്യിലിട്ടു അമ്മാനമാടുന്നു. ലോട്ടറിയും ബിവറേജസ് കോർപ്പറേഷനുമാണ് സർക്കാരിന്റെ കറവപ്പശു. പല ബില്ലുകളുടേയും പേരിൽ ഗവർണ്ണറും മുഖ്യമന്ത്രിയും കൊമ്പു കോർത്തു നില്ക്കുന്നു. അർഹതയില്ലാത്ത പലരേയും താക്കോൽ സ്ഥാനത്തു പ്രതിഷ്ഠിച്ചു.

പ്രഹസനങ്ങളുടെ പെരുമ്പറ ഘോഷമാണ് എല്ലാ പദ്ധതികളിലും. എല്ലാത്തിനും കമ്മീഷൻ കിട്ടണം. പൂച്ച കണ്ണടച്ചു പാൽ കുടിക്കുന്നതു പോലെയാണ് വെട്ടിപ്പു നടത്തുന്നത്. സിവിൽ ഭരണവും പോലീസ് സംവിധാനവും കുത്തഴിഞ്ഞു. ഉപദേശകർ കേരളത്തിലും ഡൽഹിയിലും എന്താണവോ ചെയ്യുന്നത് ?

ലൈഫ് മിഷൻ മുതൽ ക്യാമറ വരെ പണാപഹരണത്തിന്റെ കേളീരംഗമാണ്. കെൽട്രോണിനെ മറയാക്കി Al ക്യാമറകളുടെ പേരിൽ കോടികളാണ് കൊള്ളയടിക്കുന്നത്. അതിലൂടെ പാവപ്പെട്ട വാഹന യാത്രക്കരെ പിഴിയാനും ശ്രമിക്കുന്നു.

സഹകരണ സംഘങ്ങളിലെ തിരിമറി പലതും പുറത്തു വരുന്നു. കെ.റെയിലിനും കെ.ഫോണിനും വേണ്ടി ദീപാളികുളിച്ച് കളഞ്ഞത് കോടികളാണ്. മാത്രമോ,എത്ര പാവങ്ങളുടെ അടുക്കളയിലാണ് മഞ്ഞക്കല്ല് സ്ഥാപിച്ച് അവരെ ഭീതിയുടെ നിഴലിലാക്കിയത്. പ്രധാനമന്ത്രിയുടെ വന്ദേ ഭാരത് ട്രെയിൻ വന്നപ്പോൾ ജയരാജൻ വരെ ഹാരാർപ്പണം ചെയ്യാൻ ഓടുന്നത് കണ്ടു. ഇപ്പോഴുള്ള ദേശീയ പാത ഇരട്ടിപ്പിക്കുകയും റെയിൽപ്പാതയുടെ വളവു നിവർത്തുകയും ചെയ്താൽ യാത്രാ പ്രശ്നവും സമയവും കുറയും.

കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചിട്ട് അവർക്കു പണം നല്കുന്നില്ല. റേഷൻ കടകൾ അടച്ചതു മൂലം ജനങ്ങളുടെ അന്നം മുട്ടി. വെള്ളത്തിനും കറന്റിനും വീടിനും ഭൂമിക്കും കരം വർദ്ധിപ്പിച്ചത് എല്ലാം നാടിനെ കുട്ടിച്ചോറാക്കി. കണ്ണല്ലാത്തതെല്ലാം പൊന്നാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയവർ കണ്ണിൽ ചോരയില്ലാതെ ജനങ്ങളെ പിഴിയുന്നു.

ഇനിയും വിദേശ യാത്രയ്ക്കു മന്ത്രിമാർ വട്ടം കുട്ടുന്നു.കമ്മീഷനു ഇനിയും സാധ്യതയുണ്ടോ എന്നു പരിശോധിക്കാനാവും. ‘ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്നാണ് കേരള സർക്കാരിന്റെ മനോഭാവം.

സരിതയെ മുൻ നിർത്തി ഭരണം പിടിച്ചവർ ഇപ്പോൾ സ്വപ്നാ സുരേഷിന്റെ മുമ്പിൽ പതറി നില്ക്കുന്നു.

ഇത് ഒരു തിരുട്ടു കേരളമോ?

പ്രൊഫ.ജി.ബാലചന്ദ്രൻ.

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ