കണ്ണൂരിൽ കടലായി കടപ്പുറം അടങ്ങുന്ന ദേശം ഭരിച്ചിരുന്നത് അറയ്ക്കൽ ബീവിമാരാണ്. വലിയ പ്രശ്നങ്ങൾ പോലും നിസ്സാരമായി പരിഹരിക്കുന്നതിൽ അവർ വിജയച്ചിരുന്നു. നാട്ടിൽ സമ്യദ്ധിയും സമാധാനവും പുലർന്നു. വ്യാപാര ബന്ധങ്ങളിലൂടെ വലിയ സാമ്പത്തിക വരുമാനവുമുണ്ടായി. പുറത്തുള്ള കച്ചവടക്കാർ നാട്ടിൽ വന്ന് പലവിധ സാധനങ്ങൾ വാങ്ങുകയും വില്ക്കുകയും ചെയ്തിരുന്നു. ഗുണ നിലവാരമുള്ള ചരക്കിന് വലിയ പ്രിയമായിരുന്നു. കച്ചവടം പൊടി പൊടിച്ചപ്പോൾ പുറത്തു നിന്നുള്ള വ്യാപാരികൾ ഒരു ഗോഡൗൺ നിർമ്മിച്ചു. ഒരു നാൾ കച്ചവടക്കാർ അറയ്ക്കൽ ബീവിയെ സന്ദർശിച്ച് ഒരു സങ്കടം പറഞ്ഞു. അവരുടെ കച്ചവടം കുറഞ്ഞു. ശേഖരിച്ച ധാന്യങ്ങൾ എലി തിന്നു തീർക്കുന്നു. മാത്രമല്ല എലിക്കാഷ്ഠം വീണ ചരക്കുകൾ ആരും വാങ്ങാതെയുമായി . എലി പെരുകിയിരിക്കുന്നു. ഒരു രക്ഷയുമില്ല. തിന്നു കൊഴുത്ത എലികൾ നാലുപാടും പാഞ്ഞു. മനുഷ്യരേയും കടിച്ചു തുടങ്ങി. ഇതിനൊരു പരിഹാര മുണ്ടായില്ലെങ്കിൽ കച്ചവടക്കാർ വ്യാപാരം നിർത്തി തിരിച്ചു പോകും. അന്വേഷണത്തിൽ കച്ചവടക്കാർ പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞു. അതിനുള്ള പോംവഴിയെക്കുറിച്ച് അറയ്ക്കൽ ബീവി ചിന്തിച്ചു.
പിറ്റേന്നു അറയ്ക്കൽ ബീവിയുടെ വിളംബരമുണ്ടായി. നാട്ടിലുള്ള പൂച്ചകളെ പിടിച്ച് കടലായി കടപ്പുറത്തുള്ള പണ്ടികശാലയിൽ എത്തിക്കണം. വിളംബരം കേൾക്കേണ്ട താമസം അനുസരണയുള്ള ജനങ്ങൾ പൂച്ചകളെ തേടിപ്പിടിച്ച് ഗോഡൗണിൽ എത്തിച്ചു. പൂച്ചകൾ എലികളെ പിടിച്ച് തിന്നാൻ തുടങ്ങി. ഭക്ഷണം കുശാലായപ്പോൾ പൂച്ചകൾ തിന്നു കൊഴുത്തു. എലികളുടെ ശല്യം തീർന്നപ്പോൾ കച്ചവടക്കാർ സന്തുഷ്ടരായി. വ്യാപാരം അഭിവൃദ്ധിപ്പെട്ടു.
എലികൾ ഇല്ലാതായപ്പോൾ പൂച്ചകൾ പട്ടിണിയിലായി. പട്ടിണി കിടന്ന് അവ ക്ഷീണിച്ചു വശം കെട്ടു . ഈ വിവരം അറയ്ക്കൽ ബീവിയറിഞ്ഞു. തികച്ചും അപ്രതീക്ഷിതമായ പ്രശ്നം. പൂച്ചകൾക്കു ഭക്ഷണം കൊടുത്തേ തീരു. കൂർമ്മ ബുദ്ധിയുള്ള അറയ്ക്കൽ ബീവി അതിനു പരിഹാരം കണ്ടെത്തി. അറയ്ക്കൽ ബീവിയുടെ അടുത്ത വിളംബരം വന്നു. നല്ല സ്നേഹവും അനുസരണയുമുള്ള ജനങ്ങൾ അറയ്ക്കൽ ബിവീ പറയുന്നതെല്ലാം അനുസരിക്കും. ഇന്നു മുതൽ കടലിൽ മീൻ പിടിക്കുന്ന ഓരോരുത്തരും ഓരോ മീൻ പൂച്ചക്കാണത്തറയിൽ നിക്ഷേപിക്കണം. അതിനായി നിർമ്മിച്ചതാണ് പൂച്ചക്കാണത്തറ. ആരും മടിച്ചില്ല ഓരോരുത്തരും ഓരോ മീൻ നല്കിയാൽ മതിയല്ലോ. സന്തോഷ പൂർവ്വം പൂച്ചയ്ക്കു ഭക്ഷിക്കാൻ മത്സ്യത്തൊഴിലാളികൾ മീൻ കൊടുത്തു. പൂച്ചയുടെ വിശപ്പുമാറി. ആ പതിവ് തുടർന്നു. ” പൂച്ചക്കാണതറ” എന്ന പേരും പ്രചരിച്ചു.
കാലം മാറി, ഭരണം മാറി. കടലായി കടപ്പുറത്തെ വ്യാപാരം നിലച്ചു. പട്ടിണിയായപ്പോൾ പൂച്ചകൾ അവരുടെ വഴിയ്ക്ക് പോയി. കച്ചവടക്കാർ പുതിയ മേച്ചിൽപ്പുറം തേടി. ബീവിമാരുടെ ഭരണവും മാറി. എന്നാലും മീൻ പിടുത്തക്കാർ പൂച്ചക്കാണത്തറയിൽ മത്സ്യവും പണവും നിക്ഷേപിച്ചു .അത് കഴിക്കാൻ ഒറ്റപ്പൂച്ച പോലും വന്നില്ല. എന്നിട്ടും ആ കഥ ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നില്ക്കുന്നു. അറയ്ക്കൽ ബീവിയുടെ ഭരണ സാമർത്ഥ്യം ഇന്നത്തെ ഭരണാധികാരികൾക്കും മാതൃകയാകേണ്ടതാണ്.
പ്രൊഫ.ജി.ബാലചന്ദ്രൻ