എനിക്കന്ന് പത്തുവയസ്സേ പ്രായമുള്ളു. വീട്ടില്‍ മൂന്നാലു വിരുന്നുകാര്‍ വന്നിട്ടുണ്ട്. രാത്രി കഞ്ഞിക്ക് ഒരു കൂട്ടാനുമില്ല. മൂന്നാലു കോഴിമുട്ട വേണം. സന്ധ്യ കഴിഞ്ഞ നേരം. നന്നായി ഇരുട്ടു പരന്നിട്ടുണ്ട്. ഞാന്‍ മെഹബൂബിന്‍റെ വീട്ടുപടിക്കല്‍ എത്തി. മെഹബൂബിന്‍റെ വീട്ടുകാരുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. അന്ന് മെഹബൂബ് കൊച്ചു കുട്ടിയാണ്. കരണ്ടില്ലാത്ത കാലം. വീട്ടില്‍ മണ്ണെണ്ണ വിളക്കേയുള്ളു. വീട്ടു വരാന്തയില്‍ മുതിര്‍ന്നവരും കുട്ടികളുമായി എട്ടുപത്തു പേര്‍വട്ടം കൂടിയിരുന്ന് ഏതോ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. ഞാന്‍ ചെന്നത് അവര്‍ അറിഞ്ഞില്ല. ഞാനൊന്നു ചുമച്ചിട്ടു വിളിച്ചു പറഞ്ഞു മുട്ട …. അതുകേട്ടപാടെ അള്ളാ ഇബിലീസ്…. എന്നുപറഞ്ഞ് എല്ലാവരും ചിതറിയോടി. ഞാന്‍ പുറകെ വിളിച്ചിട്ടും മുട്ടയുടെ ആവശ്യം പറഞ്ഞിട്ടും ആരും നില്‍ക്കുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമാണ്. ഞാന്‍ വീണ്ടും വീണ്ടും വിളിച്ചു. ഇതു ഞാനാണ് ബാബു. എന്നെ വീട്ടില്‍ വിളിക്കുന്നത് അങ്ങനെയാണ്. വെട്ടത്തേക്കു മാറിനിന്നു. റാന്തല്‍ വിളക്കിന്‍റെ വെളിച്ചത്തില്‍ അവര്‍ എന്നെ കണ്ടു. കിതച്ചുകൊണ്ട് അവര്‍ മടങ്ങിയെത്തി. മുതിര്‍ന്നവരുടെ കണ്ണുകളില്‍ ഭയം തളം കെട്ടി നില്‍ക്കുകയാണ്. കുഞ്ഞുങ്ങള്‍ വിതുമ്പിക്കരയുന്നുണ്ട്. ഞാനാകെ അന്ധാളിച്ചു. കുറെച്ചേറെ കഴിഞ്ഞാണ് അവര്‍ സമനില വീണ്ടെടുത്തത്. ങ്ഹാ ബാബുവോ? ഞങ്ങളങ്ങു പേടിച്ചു പോയി. പ്രേതങ്ങളുടെ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പിശാചുക്കളെക്കുറിച്ചുള്ള അനുഭവകഥകള്‍ പറഞ്ഞുകേട്ടപ്പോള്‍ അത് ഉള്ളതോ കള്ളമോ എന്നു പിള്ളേര്‍ക്ക് സംശയം. ഇബിലീസ് ഉള്ളതു തന്നെയെന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ബാബു കയറി വന്നത്. ഞങ്ങള്‍ സത്യത്തില്‍ ഞെട്ടി. സാക്ഷാല്‍ ഇബിലീസ് നേരിട്ടെത്തിയതാണെന്നു വിചാരിച്ചു. അതാ പേടിച്ചോടിയത്ڈ ഉമ്മ വിറച്ചുകൊണ്ട് പറഞ്ഞു. ഇതുകേട്ടപ്പോള്‍ എനിക്കും പേടി തോന്നി.
പിന്നീടാണ് മുട്ടയുടെ കാര്യം പറഞ്ഞത്. നാലു മുട്ടയ്ക്കു രണ്ടണയാണ് വില. ഞാനതു കൊടുത്തു. മുട്ടയും വാങ്ങി വീട്ടിലേക്ക് നടന്നു. ഇരുട്ടും വിജനതയും. രണ്ടും കല്‍പ്പിച്ച് വീട്ടിലേക്ക് ഒരോട്ടമായിരുന്നു. തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. വിയര്‍ത്തു കുളിച്ചാണ് വീട്ടില്‍ ചെന്നു കയറിയത്. വീട്ടുകാര്‍ പരിഭ്രമിച്ചു. ഞാന്‍ നടന്ന സംഭവങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു. വീട്ടുകാരും വിരുന്നു വന്നവരും കൂട്ടച്ചിരിയായി. മെഹബൂബ് ഇപ്പോൾ ആലപ്പുഴയിൽ നഗരസഭാ കൗൺസിലറാണ്. അദ്ദേഹത്തിൻ്റെ ഉമ്മ ഈയിടെ നിര്യാതയായി. കാലം ഏറെ കഴിഞ്ഞു .. ഇന്നെനിക്ക് ഇബിലീസിനെ പേടിയില്ല. കാരണം എൻ്റെ ഉള്ളിൽ അലാവുദ്ദീൻ്റെ ഒരത്ഭുത വിളക്കുണ്ട്. അത് എൻ്റെ ആത്മവിശ്വാസം തന്നെയാണ്. ! (DC ബുക്ക്സ് പ്രസിദ്ധീകരിച്ച “ഇന്നലെയുടെ തീരത്ത് ” എന്ന എൻ്റെ ആത്മകഥയിൽ നിന്ന്)
പ്രൊഫ ജി ബാലചന്ദ്രൻ