ഇത്തവണ ഓസ്കാർ പുരസ്കാരം സമ്മാനിക്കുന്ന വേദിയിൽ ഒരു അടി പൊട്ടി. തല്ലിയത് വിഖ്യാത ഹോളിവുഡ് നടനും ഇത്തവണത്തെ ഓസ്കാർ ജേതാവുമായ വിൽ സ്മിത്താണ്. തല്ലുകൊണ്ടത് ചടങ്ങിൻ്റെ അവതാരകനും കോമഡി താരവുമായ ക്രിസ് റോക്കിന്.
ആ അടി കൊള്ളാൻ ക്രിസ് റോക്കിന് തികഞ്ഞ അർഹതയുണ്ടെന്നു ചടങ്ങിൻ്റെ ദൃശ്യങ്ങൾ കണ്ടവർക്ക് മനസ്സിലായി. അവതാരകനായ ക്രിസ് റോക്ക് വേദിയിലുണ്ടായിരുന്ന വിൽ സ്മിത്തിൻ്റെ ഭാര്യ ജേയ്ഡ പിങ്കറ്റിനെ പരിഹസിക്കാൻ തുടങ്ങി. *അലോപെഷ്യ രോഗം ബാധിച്ച സ്മിത്തിൻ്റെ ഭാര്യ ജേയ്ഡയുടെ തലമുടി കൊഴിഞ്ഞതിനെയും അവതാരകൻ കളിയാക്കി. അപ്പോൾ അവതാരകനായ ഹാസ്യതാരത്തെ സ്മിത്ത് താക്കീത് ചെയ്തു.* *തമാശ ക്രൂരമായപ്പോൾ സ്മിത്ത് എണീറ്റ് ചെന്ന് ക്രിസ് റോക്കിൻ്റെ കരണത്ത് ഒന്നു പൊട്ടിച്ചു.* ലോകം മുഴുവൻ ആ ദൃശ്യം തത്സമയം കണ്ടു. സ്മിത്ത് പിന്നീട് അതിൽ ഖേദം രേഖപ്പെടുകയും ചെയ്തു.
സെറീനാ വില്യംസ് സഹോദരിമാരുടെ പിതാവ് റിച്ചാർഡ് വില്യംസ് എന്ന പരിശീലകന്റെ കഥ പറഞ്ഞ “കിങ് റിച്ചാർഡ്സ്” എന്ന സിനിമയിലെ അഭിനയത്തിനാണ് സ്മിത്തിന് ഓസ്കാർ അവാർഡ് ലഭിച്ചത്.
സ്മിത്തിൻ്റെ അടി മുന്നറിയിപ്പാണ്. എല്ലാ അവതാരകർക്കും. മൈക്ക് കയ്യിൽ കിട്ടിയാൽ മുന്നിലുള്ളവരെയൊക്കെ അപഹസിക്കുന്ന പ്രവണത ഇപ്പോൾ കൂടിവരുന്നുണ്ട്. വാർത്താ ചാനലുകളിലാണ് അതേറെ. മിമിക്രിക്കാരുടെയും അനുകരണം വികൃതമാവുന്നുണ്ട്. ഇത്തരത്തിലുള്ള ചില അവതാരകർ സമനിലവിട്ട് ചാനൽ ചർച്ചയ്ക്ക് വരുന്നവരെ ശാസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് കേരളത്തിലും പതിവാണ്. ഈയിടെ ഒരു അവതാരകൻ ഒരു നേതാവിനെ ആക്ഷേപിച്ചത് നിന്ദ്യമായിരുന്നു. കാര്യങ്ങൾ വിവരിക്കാം. ദൃക്സാക്ഷി വിവരണം നടത്താം. അതിൽ കവിഞ്ഞ് അവതാരകൻ സ്വയം ശോഭിക്കാനും ചാനലിൻ്റെ റേറ്റിംഗ് കൂട്ടാനും ശ്രമിക്കുമ്പോഴാണ് മുഖത്തടിയേൽക്കുന്നതും വിവാദങ്ങളിൽ പെടുന്നതും. ഇതൊക്കെ ഒഴിവാക്കേണ്ടതു തന്നെ.
പ്രൊഫ ജി ബാലചന്ദ്രൻ