സ്വാർത്ഥതയുടെയും അഹംഭാവത്തിൻ്റെയും മാത്സരികതയുടേയും കാലമാണിത്. രാഷ്ട്രീയത്തിലും, കലയിലും, സാഹിത്യത്തിലുമെല്ലാം കാലുവാരലും കുതികാൽ വെട്ടും വഞ്ചനയുമെല്ലാം സാർവ്വത്രികമാകുന്ന ലോകക്രമം. സ്നേഹവും ആത്മാർത്ഥതയും എന്തിനേറെ ഹൃദയപൂർവ്വമായ പുഞ്ചിരിപോലും അന്യമാകുന്ന കാലം. അയൽവാസികൾ പോലും അതിരുകൾതീർത്ത് അകലം തീർത്ത് അകന്ന് പോയിക്കൊണ്ടേയിരിക്കുന്നു. കുട്ടികളെ സ്കൂളിൽ അയക്കുന്നത് മത്സരികത തുടങ്ങും. എല്ലാവരും മക്കളെ ഒന്നാമനാക്കാൻ ശ്രമിക്കും. അതു മാത്രം പോരാ അടുത്തിരിക്കുന്നവൻ തോൽക്കുകയും വേണം എന്ന ഒരു ചിന്ത.
അങ്ങനെയുള്ള സമയത്താണ് മനസ്സിനും ഹൃദയത്തിനും കുളിർമയുണ്ടാക്കുന്ന ചില നല്ല വാർത്തകൾ ഓർമയിലെത്തുക. ഒരിക്കൽ സ്പെയിനിലെ ബുർലാഡ നവാരെയിൽ ഒരു അന്തർദേശീയ ഓട്ടമത്സരം നടന്നു. ഓട്ടത്തിൽ പങ്കെടുക്കുന്നവരിൽ ഒളിംപിക്സ് വെങ്കലമെഡൽ ജേതാവായ കെനിയയുടെ കറുത്തമുത്ത് ആബേലുമുണ്ട് . ലണ്ടൻ ഒളിംപിക്സിൽ ആബേലിൻ്റെ കുതിപ്പ് ലോകം കണ്ടതാണ്. അദ്ദേഹം തന്നെ ഓട്ടത്തിൽ ജയിക്കുമെന്ന് ഉറപ്പാണ്.
സ്പെയിനിനെ പ്രതിനിധീകരിച്ചത് ഓടുന്നത് ഇവാൻ ഫെർണാണ്ടസാണ്. ഗാലറിയിൽ ജനം തിങ്ങിനിറഞ്ഞിരിക്കുന്നു. മത്സരം തുടങ്ങി. കെനിയയുടെ ആബേൽ ഓടി മുന്നേറുകയാണ്. .. തൊട്ടു പിന്നിൽ ഇവാൻ ഫെർണാണ്ടസുമുണ്ട്. ജനം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു,. ഫിനിഷിംഗ് പോയിൻ്റിലെത്തി എന്ന് തെറ്റിദ്ധരിച്ച് ആ കെനിയക്കാരൻ ഓട്ടം നിർത്തി.
അപ്പോഴാണ് ഇവാൻ ഫെർണാണ്ടസ് ഓടിക്കിതച്ച് പിറകിൽ എത്തിയത്. ആബേൽ ഓട്ടം നിർത്തിയതിനാൽ സ്പെയിൻ താരം ഇവാന് നിഷ്പ്രയാസം ഓടി ഒന്നാമനാവാമായിരുന്നു. എന്നാൽ അയാൾ അതു ചെയ്തില്ല ! ഇവാൻ , ആബേലിനോട് വിളിച്ചു പറഞ്ഞു…. ” ആബേൽ നീ ഓടുക….. ഫിനിഷിംഗ് പോയൻ്റിലെത്താൻ കുറച്ച് ദൂരം കൂടിയുണ്ട്… ഇവരുടെ ഭാഷയും നിറവും വിത്യസ്തമാണ്. ഇവാൻ പറഞ്ഞത് ആബേലിന് മനസ്സിലായില്ല.
വിജയിച്ചെന്ന് ധരിച്ച് സ്തംഭിച്ചു നിൽക്കുന്ന കെനിയക്കാരൻ ആബേലിനെ പിന്നിൽ നിന്ന് ഫിനിഷിംഗ് ലൈനിലേക്ക് ഇവാൻ ആഞ്ഞു തള്ളി: ആബേൽ അങ്ങനെ ഒന്നാമനായി. ഇവാൻ രണ്ടാമനും. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഇവാൻ പറഞ്ഞത് “വിജയത്തിന് താനല്ല അർഹൻ. ആബേൽ തന്നെയാണ്. ഞാൻ വിജയിക്കുകയാണെങ്കിൽ അത് വഞ്ചനയുടെയും ചതിയുടേയും വിജയമായേനെ”
യഥാർത്ഥ സ്പോർട്സ് മാൻ സ്പിരിറ്റ് സത്യസന്ധതയാണ്. കുറുക്കുവഴിയിൽ നേടാവുന്ന മെഡലുകളേക്കാൾ വലിയ പേരും പെരുമയും ഇവാൻ എന്ന സ്പെയിൻകാരന് ലഭിച്ചു. അസത്യം അരങ്ങുവാഴുന്ന ഈ കപടലോകത്ത് ഇവാൻ ഫെർണാണ്ടസിനെ പോലെയുള്ളവർ ലോകത്തിന് തന്നെ മാതൃകയാണ്. സത്യം എന്നും അനശ്വരമാണ്.
പ്രൊഫ ജി ബാലചന്ദ്രൻ