കുട്ടിക്കാലം മുതലേ ദുര്യോധനന് ഭീമനോട് ശത്രുതയുണ്ട്. ഭീമന്റെ ശക്തി കൗരവന്മാർക്ക് ആർക്കും രസിച്ചിരുന്നില്ല. പാണ്ഡുവിന്റേയും മാദ്രിയുടേയും മരണ ശേഷം ഹസ്തിനപുരത്ത് ധ്യതരാഷ്ട്രരുടെ സംരക്ഷണയിൽ കൗരവരും പാണ്ഡവരും കഴിഞ്ഞു. കുട്ടികളെല്ലാം കൂടി പ്രമാണകോടി എന്ന സ്ഥലത്ത് വിനോദയാത്രയ്ക്കു പുറപ്പെട്ടു. വനങ്ങളിലൂടെ കളിച്ചു രസിച്ച് ഒടുവിൽ പുഴയിൽ കുളിക്കാൻ തീരുമാനിച്ചു. അതിനു മുൻപ് എല്ലാവരും ഭക്ഷണം കഴിച്ചു. ഭീമനെ വകവരുത്താൻ തക്കം പാർത്തിരുന്ന ദുര്യോധനൻ ഭീമന് നല്കിയ ഭക്ഷണത്തിൽ കാളകൂട വിഷം കലർത്തിയിരുന്നു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും പുഴയിൽ ചാടി നീന്തിത്തുടിച്ചു. വിഷബാധയേറ്റ ഭീമൻ ദൂരെയൊരിടത്ത് മയങ്ങിക്കിടന്നു പോയി. കുളിയും കളിയും കഴിഞ്ഞ് എല്ലാവരും കരയ്ക്കു കയറി. കൊട്ടാരത്തിലേക്കു പുറപ്പെട്ടു. ഭീമൻ മരിച്ചു എന്നു കരുതി ദുര്യോധനൻ അയാളെ കാട്ടുവള്ളി കൊണ്ട് വരിഞ്ഞു കെട്ടി പുഴയിലെറിഞ്ഞു. മടങ്ങി കൊട്ടാരത്തിലെത്തിയപ്പോൾ കുട്ടികളോടൊപ്പം ഭീമനെ കാണാതെ കുന്തിയും മറ്റുള്ളവരും ഏറെ ദുഃഖിച്ചു.
ജലത്തിന്നടിയിലേക്കു താണുപോയ ഭീമൻ ബോധം തെളിഞ്ഞപ്പോൾ എണീറ്റ് കെട്ടുകൾ പൊട്ടിച്ചു. ജലത്തിൽ വീണു കിട്ടിയ മനുഷ്യനെ കൊത്തിത്തിന്നാനായി നാഗങ്ങൾ പാഞ്ഞടുത്തു. ഭീമനാകട്ടെ അടുത്തു കണ്ട നാഗങ്ങളെ മുഴുവൻ തല്ലിയോടിച്ചു. സർപ്പവിഷമേറ്റിട്ടും കയർക്കുന്ന മനുഷ്യൻ ആരെന്നറിയാൻ വാസുകി എത്തി. ഭീമനെ കണ്ട് സ്നേഹ വാത്സല്യങ്ങളോടെ ഭീമനെ കെട്ടിപ്പുണർന്നു. സമ്മാനമായി സഹസ്രനാഗ ബലദായകമായ രസായനം നല്കി. ഭീമൻ അത് ഒറ്റവീർപ്പിൽ എട്ടു കുടത്തോളം കുടിച്ചു.
ഭീമനെ കാണാതെ പരിഭ്രാന്തിയിലായ പാണ്ഡവർ ദുര്യോധനാദികൾ ഭീമനെ ചതിച്ചു വധിച്ചിരിക്കാമെന്ന് ധരിച്ചു. എല്ലാവരും ദുഃഖത്തോടെ വിതുമ്പിക്കരഞ്ഞു.
എട്ടു ദിവസം കഴിഞ്ഞപ്പോൾ രസപാനത്തിൽ മയങ്ങിയ ഭീമൻ ഉണർന്നു. കൂടുതൽ കരുത്തനായിത്തീർന്ന ഭീമൻ സർപ്പ ദേവതയായ വാസുകിയുടെ അനുഗ്രഹം വാങ്ങി വിടപറഞ്ഞ് ഭൂലോകത്തേക്കു മടങ്ങി.
കൊട്ടാരത്തിലെത്തിയ ഭീമനെ കണ്ട് കുന്തിയും കുമാരന്മാരും ആനന്ദാശ്രുക്കളോടെ ഭീമനെ കെട്ടിപ്പുണർന്നു. ഭീമൻ കഥകളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു. അതിനു ശേഷം കുന്തിയും കുമാരന്മാരും കരുതലോടെ കഴിഞ്ഞു കൂടി. വീണ്ടും ദുരോധനൻ ഭീമനു പലവട്ടം വിഷം നല്കി. പക്ഷേ നാഗലോകത്തു നിന്നു കിട്ടിയ രസായനം കുടിച്ച ഭീമനെ ഒരു വിഷവും ബാധിച്ചില്ല.
കുട്ടിക്കാലത് തുടങ്ങിയ വിദ്വേഷവും പകയും കൗരവ പാണ്ഡവന്മാർക്കിടയിൽ വളർന്നു കൊണ്ടിരുന്നു. എത്രയെത്ര അപകടങ്ങളാണ് പാണ്ഡവർ തരണം ചെയ്തത്. സൂചി കുത്താൻ പോലും സ്ഥലം പാണ്ഡവർക്ക് നല്കാഞ്ഞപ്പോഴാണ് ഒരു മഹായുദ്ധത്തിലേക്കുള്ള കരിമരുന്നു ശാലയ്ക്കു തീ പിടിച്ചത്. കുരുക്ഷേത്രയുദ്ധത്തിന്റെ ഒടുവിൽ ഗദായുദ്ധത്തിൽ ദുര്യോധനന്റെ തുടയെല്ല് അടിച്ചു തകർത്തു കൊണ്ടാണ് ഭീമൻ പ്രതികാരം വീട്ടിയത്.
പ്രൊഫ. ജി. ബാലചന്ദ്രൻ