സ്വാമി വിവേകാനന്ദനാണ് സിസ്റ്റർ നിവേദിതയുടെ ജീവിതത്തിൽ പുതിയ പന്ഥാവ് വെട്ടിത്തെളിച്ചത്. ഐർലണ്ടിൽ ജനിച്ച ‘മാർഗരറ്റ് എലിസബത്ത് നോബിളാണ്’ വിവേകാനന്ദന്റെ ശിഷ്യയായ ശേഷം ‘സിസ്റ്റർ നിവേദിത’ ആയത്. ഇംഗ്ലണ്ടിൽ വച്ചുള്ള സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങൾ മാർഗരറ്റിന് ഇന്ത്യൻ ആത്മീയതയുടെ ആത്മാവിലേക്കു കടന്നു ചെല്ലാൻ പ്രചോദനമായി. ദീർഘമായ കത്തുകളിലൂടെ അവരുടെ ആശയങ്ങൾ പങ്കുവച്ചു. മനുഷ്യൻ ആദ്ധ്യാത്മിക ശക്തിയെപ്പറ്റി അറിഞ്ഞിരിക്കണമെന്നും അന്ധവിശ്വാസങ്ങളിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കണമെന്നും ഉപദേശിച്ചു. അതാണ് തന്റെ ദൗത്യമെന്നും വിവേകാനന്ദൻ അറിയിച്ചു. രാമകൃഷ്ണ മിഷന്റെ പ്രവർത്തനങ്ങളിൽ പ്രാപ്തരായ വനിതാ പ്രവർത്തകർ ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് സ്വാമികൾ ബോധ്യപ്പെടുത്തി. സേവന സന്നദ്ധതയോടെ ഇന്ത്യയിലേക്കു വരുവാൻ മാർഗരറ്റ് തിരുമാനിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങൾ മൂലം മാർഗരറ്റ്,സിസ്റ്റർ നിവേദിത എന്ന പേരിൽ പ്രസിദ്ധയായി. ഇന്ത്യയിലെത്തിയ സിസ്റ്റർ നിവേദിത ഇന്ത്യയിലെ സാമൂഹ്യ അസമത്വങ്ങൾ ദൂരികരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതയായി. കുട്ടികളെ പഠിപ്പിക്കുന്നതിലും സാധു ജനങ്ങളെ സഹായിക്കുന്നതിലും താത്പര്യം കാണിച്ചു. തന്റെ കർമ്മഭൂമി ഇന്ത്യയാണെന്നവർ കണ്ടെത്തി. കല്ക്കട്ടയിൽ 1898ൽ കപ്പലിറങ്ങിയ നിവേദിത സ്ത്രീ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനും സാമൂഹ്യമായ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കുന്നതിനുമാണ് ആദ്യമായി ശ്രമിച്ചത്.
രവീന്ദ്രനാഥ് ടാഗൂറിനെ നിവേദിത ചെന്നു കണ്ടു. അപ്പോൾ ടാഗൂർ വിചിത്രമായ ഒരാവശ്യം നിവേദിതയോടു പറഞ്ഞു: തന്റെ മകളെ ഒരു ഇംഗ്ലീഷ് കുട്ടിയായി വളർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ട് മകളുടെ പഠനച്ചുമതല നിവേദിത ഏറ്റെടുക്കണമെന്നും. നിവേദിത അതിന് പറഞ്ഞ മറുപടി: ” അതു ശരിയല്ല ഇന്ത്യാക്കാരിയായ പെൺകുട്ടി ഇന്ത്യക്കാരിയായിത്തന്നെ വളരണം . ഭാരതത്തിന്റെ ആദർശങ്ങളും സംസ്ക്കാരവും അവളെ ആവേശം കൊളളിക്കണം. വിദേശാദർശങ്ങൾ അവളുടെ മേൽ കെട്ടിവയ്ക്കുന്നത് ശരിയല്ല”. അതാണ് നല്ലതെന്ന് ടാഗൂർ തല കുലുക്കി സമ്മതിച്ചു. എന്നുമാത്രമല്ല പില്ക്കാലത്തുണ്ടായ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്ഥാപിച്ചത് നിവേദിതയുടെ മേൽനോട്ടത്തിലാണ്. അവിടെ ഭാരതീയ സംസ്കാരത്തിനു പ്രാമുഖ്യം കൊടുത്തു.
ബംഗാളിൽ മാരകമായ പ്ളേഗ് പൊട്ടിപുറപ്പെട്ടപ്പോൾ ചേരി നിവാസികൾക്കു സാന്ത്വനമേകിക്കൊണ്ട് അവർ ഒരു ‘മാലാഖ’യെപ്പോലെ പ്രവർത്തിച്ചു. അവരുടെ സ്നേഹവും പരിചരണവും കൊണ്ട് സിസ്റ്റർ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചു. ബംഗാളിലെ വിപ്ളവാവേശവും രാമകൃഷ്ണ മിഷന്റെ പ്രവർത്തനവും പൊരുത്തപ്പെടുത്തിക്കൊണ്ടു പോകുവാൻ നിവേദിത ശ്രമിച്ചു. ഇന്ത്യയിൽ ഒരു നീണ്ട പര്യടനത്തിന് അവർ പുറപ്പെട്ടു. ബറോഡയിലെത്തിയപ്പോൾ അരവിന്ദഘോഷ് എന്ന മഹാനെ സന്ദർശിക്കാൻ അവസരം ലഭിച്ചു. വിദേശീയാധിപത്യത്തെ എന്തു വില കൊടുത്തും തുത്തെറിയണമെന്ന് ഇരുവരും തീരുമാനിച്ചു. ബറോഡയിൽ നിന്ന് പ്രവർത്തന കേന്ദ്രം അരവിന്ദഘോഷ് ബംഗാളിലേക്കു മാറ്റണമെന്ന് അപേക്ഷിച്ചത് നിവേദിതയാണ്. തന്റെ എല്ലാ സേവനവും വാഗ്ദാനം ചെയ്യുന്നതായി നിവേദിത അറിയിച്ചു. സാമൂഹ്യ പ്രവർത്തക മാത്രമല്ല നല്ല ഒരദ്ധ്യാപികയും എഴുത്തുകാരിയും വാഗ്മിയുമായിരുന്നു നിവേദിത.
സ്വാതന്ത്ര്യ സമരത്തിനു വിദേശ സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനായി നിവേദിത യൂറോപ്പിലേക്കു തിരിച്ചു. രണ്ടു വർഷത്തോളം ലണ്ടനിൽ താമസിച്ചു .അത് കഴിഞ്ഞ് വന്നപ്പോൾ നിവേദിത കേട്ടത് ഒരു ത്തെട്ടിക്കുന്ന വാർത്തയാണ്. ജ്വലിക്കുന്ന വിപ്ലവ ബോധമുണ്ടായിരുന്ന അരവിന്ദഘോഷ് രാഷ്ട്രീയം വിട്ട് പോണ്ടിച്ചേരിയിൽ സന്യാസ ജീവിതം നയിക്കുന്നു എന്നാണ്. ഈ മാറ്റം ദേശസ്നേഹികൾക്കു മുഴുവൻ ദുഃഖമുണ്ടാക്കി. ഈ സംഭവം രാഷ്ട്രീയ രംഗത്തു നിന്നു പിൻമ്മാറാൻ നിവേദിതയ്ക്കും പ്രേരകമായി.
നിവേദിതയുടെ ആർജ്ജവവും പാണ്ഡിത്യവും കൊണ്ട് ഡോ: ജഗദീഷ് ചന്ദ്രബോസ്, ടാഗൂർ , വിപിൻ ചന്ദ്രപാൽ, ഗോപാലകൃഷ്ണ ഗോഖലെ സുരേന്ദ്രനാഥ ബാനർജി തുടങ്ങിയ അതുല്യ പ്രതിഭകൾ സിസ്റ്റർ നിവേദിതയെ കണ്ട് ഉപദേശങ്ങൾ ആരാഞ്ഞു. അവർ കുറേക്കാലം ഉത്തരേന്ത്യയിലെ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. കൂടെ ഡോക്ടർ ജഗദിഷ് ചന്ദ്രബോസും ഉണ്ടായിരുന്നു. ഇന്ത്യയിലെ നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ച് ഒരു ലേഖന പരമ്പര തന്നെ നിവേദിത മോഡേൺ റിവ്യൂ എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ മഹത്ത്വവും സംസ്ക്കാരവും വിദേശീയരെ ധരിപ്പിക്കുവാനുള്ള ഒരവസരവും അവർ പാഴാക്കിയില്ല. ഇന്ത്യയിലെ അന്ധവിശ്വാസങ്ങളെയും ആചാര സമ്പ്രദായങ്ങളെയും നാനാ ജാതി മതസ്ഥരുടെ ജീവിതവും നേരിട്ടറിഞ്ഞതുകൊണ്ട് വിവിധ പുസ്തകങ്ങൾ എഴുതാൻ അവർക്കു കഴിഞ്ഞു. ഇന്ത്യയിലും യൂറോപ്പിലും ഈ ഗ്രന്ഥങ്ങൾ വലിയ പ്രശംസ നേടി. നിവേദിതയുടെ “മതവും ധർമ്മവും” എന്ന ഗ്രന്ഥത്തിന്റെ നിരവധി പ്രതികൾ വിറ്റഴിഞ്ഞു. വിവേകാനന്ദനെക്കുറിച്ചെഴുതിയ “എന്റെ ഗുരു” എന്ന പുസ്തകം നിവേദിതയുടെ ആഴമേറിയ അറിവിന്റെ നിദർശനമാണ്. ‘ഹിന്ദൂയിസത്തിന്റേയും ബുദ്ധിസത്തിന്റേയും മിത്തുകൾ’ ‘കാളിമാതാ’ എന്നീ ഗ്രന്ഥങ്ങൾ ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിൽ നിന്ന് വിട പറഞ്ഞ് ഇന്ത്യയിലെ പുണ്യ തീർത്ഥങ്ങളിൽ സഞ്ചരിച്ച് ആത്മീയ ദർശനത്തിന്റെ പ്രചാരകയായി. ഒടുവിൽ വിവേകാനന്ദാശ്രമത്തിൽ എത്തിച്ചേർന്നു. അവിടെ അനേകം നാളുകൾ ധ്യാനനിരതയായി കഴിഞ്ഞു. അജ്ഞാനത്തിന്റേയും അന്ധവിശ്വാസത്തിന്റേയും ഇരുൾ നീക്കാൻ സിസ്റ്റർ നിവേദിത ജീവിതത്തിലുടനീളം ശ്രമിച്ചു. അടിമത്തത്തിന്റേയും ദാരിദ്ര്യത്തിന്റെയും സ്ഥാനത്ത് സ്വാതന്ത്രത്തിന്റെ അഗ്നി സ്ഫുലിംഗങ്ങളും സേവനത്തിന്റെ സ്നേഹവും പകർന്നു നല്കി. പുതിയ തലമുറയ്ക്കു പോലും മാർഗ്ഗദർശകമായ മഹത്ത്വത്തിന്റെ മൂർത്തീമത് ഭാവമാണ് നിവേദിത. ഇന്ത്യയിൽ എന്നും അവർ നക്ഷത്രത്തിളക്കമായി ശോഭിക്കും.
പ്രൊഫ. ജി .ബാലചന്ദ്രൻ