നോർഫോക്കിലെ പ്രഭുകുമാരനായ എഡ്വിൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്നു. പ്രഭു രക്തത്തിന്റെ തിളപ്പും ഗർവ്വും ആ യുവാവിനെ മറ്റു സഹപാഠികളിൽ നിന്നകറ്റി. ഒരു തരത്തിൽ വെറുക്കപ്പെട്ടവനായി. അയാൾക്കു ചുറ്റും വിദ്വേഷം പുകഞ്ഞു.
ഒരു മദ്ധ്യാഹ്നത്തിൽ സ്റ്റെയർ കെയിസിന്നരികിൽ എഡ്വിൻ നില്ക്കുകയായിരുന്നു. തങ്ങളെ നികൃഷ്ട ജീവികളെപ്പോലെ പുച്ഛത്തിൽ നോക്കുന്ന എഡ്വിനോടുള്ള പക ഇരട്ടിച്ച ഒരു സഹപാഠി എഡ്വിനെ പുറകിൽ നിന്നു തൊഴിച്ചു. കുട്ടിക്കരണം മറിഞ്ഞ് ഉരുണ്ടുരുണ്ട് നിസ്സാര പരിക്കുകളോടെ നിലം പതിച്ചു. ചാടിയെഴുന്നേല്ക്കാൻ ശ്രമിച്ചപ്പേഴാണറിയുന്നത് ഇച്ഛയ്ക്കൊത്ത് അവയവങ്ങളൊന്നും വഴങ്ങുന്നില്ല. സഹപാഠികൾക്ക് സഹതാപം തോന്നിയില്ല. അപ്പോഴാണ് എഡ്വിൻ ആത്മ പരിശോധന നടത്തിയത്. ഒരു മാനസിക പരിവർത്തനമുണ്ടായതപ്പോഴാണ്. എഡ്വിൻ എണീക്കാൻ ശ്രമിച്ചുകൊണ്ട് സഹായത്തിനു ഒരു കൈ നീട്ടി. നീട്ടിയ കൈപിടിച്ചുയർത്തിയത് പ്രതിയോഗിയായിരുന്നു. ആ നിമിഷത്തിലാണ് എഡ്വിന്റെ ജീവിതത്തിൽ സൗഹൃദവും സഹകരണ മനോഭാവവും നാമ്പിട്ടത്. അദ്ദേഹം സഹപാഠികളോടു പറഞ്ഞു എല്ലാം മറക്കുക, ക്ഷമിക്കുക. ഈ മാനവിക പരിവർത്തനത്തെ സഹപാഠികളെല്ലാം അത്‌ഭുതത്തോടെയാണു വീക്ഷിച്ചത്. പഠനം കഴിഞ്ഞ് അദ്ദേഹം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ പ്രവേശിച്ചു. പല സംഘടനകളുടേയും പ്രസിഡന്റായി. ബ്രീട്ടീഷ് പാർലിമെന്റിലേക്കു വൻ ഭൂരിപക്ഷേത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ഒടുവിൽ ലോർഡ് മേയർ ഓഫ് ലണ്ടനായി അവരോധിക്കപ്പെട്ടു. സ്നേഹം കൊണ്ട് ശത്രുക്കളെ കീഴ്പ്പെടുത്താം പക്ഷേ വെറുപ്പു കൊണ്ട് ഒരാളെ മാത്രമേ തോല്പിക്കാനാവൂ എന്ന ക്രിസ്തു വചനം അദ്ദേഹം ജീവിത പാഠമാക്കി. അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിച്ചു. എല്ലാ അധികാര പദവികളുമുപേക്ഷിച്ച് വിശ്രമ ജീവിതത്തിലേക്കു കടക്കാൻ ജീവിത സായഹ്നത്തിൽ അദ്ദേഹം ആഗ്രഹിച്ചു. കളിയും വിനോദവും വായനയും കൊണ്ട് ദിനങ്ങൾ കഴിക്കാമെന്നു വിചാരിച്ചിരുന്നപ്പോഴാണ് തന്റെ ആരാധകരും സുഹൃത്തുക്കളും ഒരു പുതിയ നിർദ്ദേശം മുന്നോട്ടു വച്ചത്. ആത്മകഥ എഴുതുക. അങ്ങനെ എല്ലാം തുറന്നെഴുതാൻ തുടങ്ങി. സുന്ദരമായ രചന. ആ ഗ്രന്ഥത്തിനു ഒരു പേര് നല്കണം. എഡ്വിൻ പ്രഭു കൂലംകഷമായി ആലോചിച്ചു. ഒട്ടും വൈകാതെ ആത്മകഥയ്ക്കു അദ്ദേഹം ഒരു പേരു കണ്ടെത്തി. The Frist Kick Made Me A Gentleman ( ദി ഫസ്റ്റ് കിക്ക് മെയ്ഡ് മീ എ ജെന്റിൽ മാൻ) അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് എഡ്വിന്റെ ആ ആത്മകഥയാണ്.
ഇവിടെയും പലർക്കും തൊഴി കിട്ടിയാലേ അവർ നന്നാവൂ.
പ്രൊഫ.ജി.ബാലചന്ദ്രൻ