ആളിപ്പടരുന്ന അഗ്നി രാഷ്ട്രീയത്തിൽ മാത്രമല്ല

അഗ്നി ആളിപ്പടരുകയാണ് എല്ലായിടത്തും. തീയും പുകയും ബ്രഹ്മപുരത്തു മാത്രമല്ല. നാട്ടിലെല്ലായിടവും ചുടലക്കളമായി മാറുന്നു. ബ്രഹ്മപുരത്ത് 12 ദിവസമായി തീ കത്തുന്നു. മുഖ്യമന്ത്രി അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. തീ കത്തിയതോ കത്തിച്ചതോ?. കുറ്റവാളികളെ കണ്ടെത്തണം. സ്വപ്നാ സുരേഷാണ് കേരളത്തിലെ ഏറ്റവും ശക്തമായ പ്രതിപക്ഷം. സ്വപ്നയുടെ പേരിൽ ദു:സ്വപ്നം കണ്ട് മാർക്സിറ്റ് പാർട്ടി നേതാക്കൾക്കു ഉറക്കമില്ല. ശിവശങ്കറും രവീന്ദ്രനും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും എണ്ണം പറഞ്ഞ നേതാക്കളും പ്രതിക്കൂട്ടിലാണ്. കാറുകൾ കത്തുന്നു, സ്ക്കൂട്ടറുകൾ കത്തുന്നു. വീടുകൾ കത്തുന്നു. തീ നാളങ്ങൾ സർവ്വത്ര. തീപിടിച്ചാലല്ലേ കരാറുകാർക്ക് വാഴ വെട്ടാനാകൂ. എത്ര കോടി രൂപയുടെ അഴിമതിയാണ് കരാറുകാർ നേതാക്കളുടെ അറിവോടെ നടത്തിയിട്ടുള്ളത്. കൈക്കൂലിക്കും കള്ള നോട്ടിനും പ്രചാരമേറി. സെക്സ് റാക്കറ്റും മയക്കുമരുന്നു മാഫിയായും ഇവിടെ തേർവാഴ്ച നടത്തുന്നു. കേരളത്തിൽ പാർട്ടികളെല്ലാം നീർക്കയത്തിലാണ്. നേതാക്കൾ തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഗളച്ഛേദം ചെയ്യുന്നു. ഞാഞ്ഞൂലുകൾ തല പൊക്കുന്നു. പാർട്ടികൾക്കകത്ത് ഉൾപ്പോരാണ്. കോൺഗ്രസ്സിനകത്ത് വിമർശനങ്ങളും അച്ചടക്കത്തിന്റെ വാളോങ്ങലും തുടർ നാടകങ്ങളാണ്. മാർക്സിസ്റ്റ് പാർട്ടിക്കകത്തും ചേരിപ്പോരു കൊണ്ട് ജയരാജന്മാരുടെ ഗാട്ടാ ഗുസ്തി. പലരും പാർട്ടി വിട്ടു പോകുന്നു. ബി.ജെ.പിയാകട്ടെ ഉണ്ടയില്ലാ വെടിപൊട്ടിച്ച് കേരളത്തിൽ കറങ്ങി നടക്കുന്നു. മുസ്ലിംലീഗ് ശക്തി സംഭരിക്കാൻ മഹാ സമ്മേളനം നടത്തുന്നു. ആർ.എസ്സ്.പിയുടെ നേതൃത്വത്തിൽ തലമുറ മാറ്റം വരുത്തി. വേറെ ചില പാർട്ടികൾ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിൽ മുട്ടിൽ ഇഴയുന്നു. “സോണ്ടാ” കരാറുകാരന്റെ സംശയാസ്പദമായ പെരുമാറ്റത്തിന്റെ പൊരുൾ അറിയുക തന്നെ വേണം. റോഡിന്റേയും പാലത്തിന്റേയും കെട്ടിടങ്ങളുടെയും പണിയിൽ തിരിമറിയും വെട്ടിപ്പും സർവ്വസാധാരണമാണ്. മുഖ്യമന്ത്രി കറുത്ത തുണി ഭയന്ന് യാത്ര ഹെലികോപ്ടറിലാക്കാൻ ആലോചിക്കുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേളി കൊട്ടാരംഭിച്ചു. ബി.ജെ.പിയുടെ തന്ത്രജ്ഞൻ അമിത് ഷാ തൃശ്ശൂരിൽ വമ്പിച്ച ജനാവലിയുടെ റാലിയിൽ വികാരപരമായ പ്രസംഗം കാഴ്ചവച്ചു. മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്ന് ആഹ്വാനം ചെയ്തു. ലൈഫ് മിഷൻ വിഷയത്തിൽ മുഖ്യമന്ത്രിയെക്കൊണ്ടു മറുപടി പറയിപ്പിക്കുമത്രേ! കേരളത്തിൽ പിടി മുറുക്കുവാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. കാളിമ പടർന്ന് നില്ക്കുന്ന മാർക്സിസ്റ്റ് പാർട്ടിക്കു ഊർജ്ജം പകരാൻ പാർട്ടി സെക്രട്ടറി സഖാവ് ഗോവിന്ദൻ ചുവപ്പു വാളന്റിയറന്മാരുടെ അകമ്പടിയോടെ ജാഥ നടത്തുന്നു. കൊയ്ത്തും കയറ്റിറക്കും മാറ്റി വച്ച് സമ്മേളനങ്ങളിൽ സംബന്ധിച്ചില്ലെങ്കിൽ ജോലിയും കുലിയും തരികയില്ലെന്ന് കുട്ടി സഖാക്കൾ പ്രഖ്യാപിച്ചിരിക്കുന്നു. കോൺഗ്രസ്സ് കൈയോടു കൈ ചേർത്ത് ഭവന സന്ദർശനവും സമരവും നടത്തി തെരഞ്ഞുപ്പിലേക്കു വിരൽ ചൂണ്ടുന്നു. അണികളെ ശക്തിപ്പെടുത്തിയതിന് ശേഷം ബിജെ.പി പ്രസിഡന്റ് സുരേന്ദ്രൻ ജാഥ നടത്താനാണ് ഒരുങ്ങുന്നത്. ഈ.ഡി. പലരേയും വല വീശി പിടിച്ചിട്ടുണ്ട്. പലരും കൈകാലിട്ടടിക്കുകയാണ്. മുസ്ലിം സമുദായാംഗങ്ങളും ക്രിസ്ത്യൻ വിശ്വാസികളും സമരത്തിന്റെ പാതയിലാണ്. സമസ്തയും പോപ്പുലർ ഫ്രണ്ടും മാവോ വാദികളും ഇടുങ്ങിയ പാതകൾ തേടുന്നു. രാഷ്ട്രീയത്തോട് ജനങ്ങൾ മടുപ്പു കാട്ടിത്തുടങ്ങി. എല്ലാവരുടെ മനസ്സ് നീറിപ്പുകയുകയാണ്. തെരഞ്ഞെടുപ്പു ദിനത്തിൽ ചൂണ്ടാണി വിരൽ കുത്തി അവർ ജനാധിപത്യത്തിന്റെ തനിനിറം പ്രകടിപ്പിക്കും. ബ്രഹ്മപുരത്തിന്റെ കരാറുകാരൻ കണ്ണൂരിലും തിയിട്ടു കോരാൻ പദ്ധതിയിട്ടെങ്കിലും ഫലിച്ചില്ല. പാണ്ടൻ നായുടെ പല്ലിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ഭരണാധികാരികൾക്ക് ഭരിക്കാനും പ്രശ്നങ്ങൾക്കു പരിഹാരം തേടാനും സമയമില്ല. അവരെല്ലാം നെട്ടോട്ടമാണ്. ലൈഫ് മിഷൻ മുതൽ വിദേശ യാത്ര വരെ ഉത്തരമില്ലാ കടം കഥകളാണ്. കൽത്തുറുങ്കിനകത്ത് ആരെല്ലാം കിടക്കാൻ പോകുന്നു എന്ന് വഴിയേ കാണാം. ധന ധൂർത്തു കൊണ്ട് ഖജനാവ് കാലി. ട്രാൻസ്പോർട്ട് നാൾക്കുനാൾ മെലിയുന്നു. ഉത്സവാഘോഷങ്ങൾക്കുകെടികുത്താനാണ് സഖാക്കൾക്കാവേശം. വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ പേരിൽ സർക്കാർ ഭൂമി വിറ്റു തുലയ്ക്കുന്നു. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാൻ കഴിയുകയില്ലെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. പ്രൊഫ.ജി. ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ