ഇപ്പോഴത്തെ ഏറ്റവും വലിയ ബിസിനസ്സ് ആശുപത്രി നടത്തുകയാണ്. വലിയ സൂപ്പർ മാളുകൾ തുടങ്ങിയപ്പോൾ ചെറിയ ചെറിയ കച്ചവടക്കാരുടെ വയറ്റത്തടിച്ചു. പുതിയ ഉപകരണങ്ങളും മുന്തിയ ഡോക്ടർമാരും സ്റ്റാർ ഹോട്ടൽ മുറികളും സജ്ജീകരിച്ച വമ്പൻ ആശുപത്രികൾ തുടങ്ങി. സർക്കാർ ആശുപത്രികളേയും നാടൻ ആശുപത്രികളേയും ജനങ്ങൾ കയ്യൊഴിഞ്ഞു. ഒരു രോഗി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചെന്നു പെട്ടാൽ അവർ കുത്തുപാളയെടുക്കും. ചെറിയ പനിയുമായി ചെന്നാൽ രക്ത പരിശോധന മുതൽ എക്സ്റേ, സ്കാൻ തുടങ്ങിയവയക്കു ഡോക്ർമാർ കുറിക്കും. പിന്നെ ഒരു ചുമടു മരുന്നുകളും. നെഞ്ചുവേദനയുമായി ചെന്നാൽ ആൻജിയോഗ്രാം,എക്കോ ടെസ്റ്റുകൾ ഇതൊക്കെ കഴിഞ്ഞാൽ ഡോക്ടർ വിധിക്കും: “ബ്ളോക്കുണ്ട്”, ആൻജിയോ പ്ലാസ്റ്റിയോ ഓപ്പൺ ഹാർട്ട് ഓപ്പറേഷനോ നടത്തണം . മുട്ടുവേദനയുമായി ചെന്നാൽ മുട്ടുമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കാണ് നിർദ്ദേശിക്കുന്നത്. വയറു വേദനയുമായി ചെന്നാൽ കുടലിനും കരളിനും ചികിത്സ വിധിക്കും. ചില ആശുപത്രികളിൽ മെഡിക്കൽ കോളേജും നഴ്സിംഗ് കോളേജും ഉണ്ട്. ഇവരെ കൊണ്ട് പണിയത്രയും ചെയ്യിക്കും. രോഗികളും കൂട്ടിരുപ്പുകാരും ഭക്ഷണം അവിടുന്ന് തന്നെ കഴിക്കണം. ഡയറ്റ് മുടക്കാൻ പറ്റുമോ. ആശുപത്രിയിൽ രോഗികൾ ചെന്നാലുടനെ അവരുടെ ചുറ്റു പാടുകൾ, വരുമാനവുമെല്ലാം അന്വേഷിച്ചു കണ്ടുപിടിക്കും. അവിടുത്തെ ഉദ്യോഗസ്ഥർക്കോ ഡോക്ടർമാർക്കോ ഒരു മയവുമില്ല. രോഗിയുടെ ബന്ധുക്കളെ വിരട്ടിയാണ് ചികിത്സ തുടങ്ങന്നത്. ഐ.സി.യു., ബൈ സ്റ്റാൻഡേഴിന് മുറി തുടങ്ങിയവയ്ക്കെല്ലാം ചാർജ്ജു വേറെ. വിദേശങ്ങളിൽ നിന്ന് എത്തുന്ന രോഗികൾക്ക് റേറ്റ് വേറെയാണ്.
അഡ്വാൻസ് തുക മുൻകൂറായി അടച്ചാലേ രോഗിയെ അഡ്മിറ്റ് ചെയ്യൂ. പിന്നെ ഓരോ ആഴ്ചയിലും ബില്ലടയ്ക്കണം. രോഗിയെ ഡിസ്ചാർജ്ജു ചെയ്യുമ്പോൾ കൊടുക്കുന്ന ബില്ലു കണ്ട് ഞെട്ടും. ബില്ലു മുഴുവൻ അടച്ചാലേ ഡിസ്ചാർജ്ജു ചെയ്യൂ. അഥവാ രോഗി അവിടെ കിടന്നു മരിച്ചു പോയാൽ ബില്ലു മുഴുവൻ അടച്ചാലേ മൃതശരീരം വിട്ടു നല്കുകയുള്ളൂ. മരിച്ച രോഗികളെ പുറകു വശത്തെ വാതിലിലൂടെയാണ് പുറത്തേക്കയക്കുന്നത് .മറ്റാരും അറിയരുതല്ലോ. വല്ല സർക്കാർ ആശുപത്രിയിലും പോകാൻ വാഹനം വിളിക്കുമ്പോൾ ചില ഓട്ടോക്കാരും ടാക്സിക്കാരും അവരെ വലിയ ആശുപത്രിയിൽ കൊണ്ടിടും. അവർക്കു കമ്മീഷൻ കിട്ടുമോ എന്തോ?
മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്ന ധാരാളം സുഹൃത്തുകൾ എനിക്കുണ്ട്. ചിലർക്ക് ആശുപത്രികൾ വ്യാപാര സ്ഥാപനങ്ങളാണ്. സ്വാതന്ത്ര്യമുള്ളതു കൊണ്ട് വമ്പൻ ആശുപത്രികളുടെ വലിയ ഫീസിനെ കുറിച്ച് ഞാനവരോടു ചോദിച്ചു. അവർ പറയുന്നത് കോടികൾ മുടക്കിയാണ് ആശുപത്രിക്കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.അത്യന്താധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് കോടികൾ വേണ്ടി വരും. അതു മുതലാക്കുന്നതിന് രോഗികളിൽ നിന്ന് ആ തുക വസൂലാക്കിയാലല്ലേ ഒക്കൂ. എല്ലാ സജ്ജീകരണങ്ങളും ഞങ്ങൾ ഒരുക്കുന്നു. സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് വമ്പൻ ശമ്പളം കൊടുക്കണം. പിന്നെ ഓരോ ഓപ്പറേഷനും പകുതി തുക അവർക്കുള്ളതാണ്.
മെഡിക്കൽ ഇൻഷ്വറൻസിൽ ചേർന്നാൽ ആ തുക കിട്ടാൻ ഭഗീരഥപ്രയത്നം നടത്തണം. ആശുപത്രികളിൽ നിന്ന് രോഗിയുമായി ബന്ധുക്കൾ പോകുന്നത് കണ്ണീരും കൈയ്യുമായാണ്. ഒന്നാം തരം ഡോക്ടർമാരും പുതിയ ഉപകരണങ്ങളും സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമുണ്ട്. പക്ഷേ അവിടുത്തെ ഉപകരണങ്ങൾ പലപ്പോഴും അവിടുത്തെ ജീവനക്കാർ തന്നെ കേടു വരുത്തിയിടും. എല്ലാ ആശുപത്രികളും ഇങ്ങനെയാണെന്നല്ല. അപൂർവ്വം ചില ആശുപത്രികൾ സ്നേഹ പ്പറ്റോടെ നടത്തുന്നുണ്ട്. എന്നാലും രോഗികൾ ഈ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്കാണ് ഇടിച്ചു കയറി ചെല്ലുന്നത്.
മന്ത്രിമാരും വമ്പൻ ഉദ്യോഗസ്ഥന്മാരും രോഗം വന്നാൽ ഇവിടെ ചികിത്സിച്ചു ഭേദമാക്കാമെന്നിരിക്കെ വിദേശങ്ങളിലേക്കു വിമാനം കയറും. പലരുടേയും മെഡിക്കൽ ബില്ലുകൾ ഭാരിച്ചതാണ്. ലക്ഷങ്ങളല്ല, കോടികളാണ്. ഇതൊക്കെക്കാണുമ്പോൾ നമ്മുടെ നാടിന്റെ ദുർഗ്ഗതിയെയോർത്തു വിലപിക്കാനെ കഴിയൂ. നമ്മൾ നൽകുന്ന ടാക്സാണ് വാരിക്കോരി അവരുടെ ചികിത്സ യ്ക്ക് കൊടുക്കുന്നത്.
സേവനമോ സ്നേഹമോ അല്ല പിടിച്ചു പറി കേന്ദ്രങ്ങളായി പല ആശുപത്രികളും അധ:പതിച്ചതിനെക്കുറിച്ച് ആരോടു പരാതിപ്പെടാൻ. ദൈവം തന്നെ കരുണ കാണിക്കട്ടെ.
ഓരോ അവയവത്തിനും ഓരോ സ്ഷ്യാലിറ്റി ആശുപത്രികളാണ്. ഇത്തരത്തിൽ മാളുകൾ സ്കൂളുകൾ അങ്ങനെ പലതും നടത്തുന്നുണ്ട്. അവിടെയേക്കെ തിരക്കാണുതാനും. ആയൂർവേദം, ഹോമിയോ,സിദ്ധ,യൂനാനീ എന്നി ചികിത്സകൾ തമ്മിൽ പൊരുത്തപ്പെടുത്തരുതെന്നാണ് അലോപ്പതിക്കാർ ശഠിക്കുന്നത്.
പ്രൊഫ.ജി.ബാലചന്ദ്രൻ