പത്രങ്ങളും ചാനലുകളും തുറന്നാൽ എന്തെന്തു വാർത്തകളാണ്. പലതും യുക്തിക്ക് നിരക്കാത്തത്. ചിലത് വിരസമായ ആവർത്തനങ്ങൾ . ബിഗ് ബ്രേക്കിംഗ് എന്നു കേൾക്കുമ്പോൾ തോന്നും സൂര്യൻ നിലം പതിച്ചെന്ന് ! ശിവശങ്കർ ഒരു കുഴിയാനയെ പുറത്ത് വിട്ടപ്പോൾ സ്വപ്ന സുരേഷ് ഒരു കൊമ്പനാനയെ ഇറക്കി. വാർത്തയുടെ നിജസ്ഥിതി അറിയുമ്പോഴെ അതിലെത്ര മാത്രം സത്യവും ഭാവനയും ഉണ്ടെന്ന് മനസിലാകൂ.. . ഇതു കൂടാതെ നടൻ ദീലിപ്ന് മുൻകൂർ ജാമ്യം അനുവദിച്ചു. ഈ വാർത്തകൾ കളം നിറഞ്ഞു നിൽക്കുന്നു. വാവാ സുരേഷ് സുഖം പ്രാപിക്കുന്നു എന്നറിയുമ്പോൾ സന്തോഷം. വൈസ് ചാൻസലർ നിയമനവും കെ റെയിലും ഒമിക്രോൺ വരവും ലോകായുക്തയും ഗുണ്ടാ വിളയാട്ടവും House Full ആയി തന്നെ ഓടുന്നുണ്ട്.
മാധ്യമ വിചാരണയും കോടതി വിചാരണയും ജനവിചാരണയും എല്ലാം പതിവു പോലെ നടക്കുന്നുണ്ടെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണ്. കൊള്ളയ്ക്കും കൊലയ്ക്കും കൊള്ളിവെയ്പ്പിനും കൊള്ളരുതായ്മകൾക്കും ഒരു കുറവുമില്ല. ദൈവത്തിൻ്റെ സ്വന്തം നാട് ചെകുത്താൻ്റെ വീടായി മാറുന്ന കാഴ്ച വേദനാജനകമാണ്. ചുവപ്പു നാടയിൽ കുരുങ്ങി ജീവൻ ഒടുക്കിയ സജീവൻ വേദനിപ്പിക്കുന്ന നേർ ചിത്രമാണ്. മുഖ്യമന്ത്രി ഇന്നലെ എത്തി. ഇനി കാര്യങ്ങൾ നേരെയാക്കുമായിരിക്കും. സ്ഥലം മാറ്റത്തിനും മാറ്റാതിരിക്കുന്നതിനും ഭരണ യൂണിയനുകൾ 2000 രൂപ വീതമാണ് മാസപ്പടി വാങ്ങുന്നത് എന്ന ആരോപണമുണ്ട്. അത് ശരിയെങ്കിൽ മൊത്തം കണക്കാക്കിയാൽ 500 കോടി വരും!
ചില സമയത്ത് നെഗറ്റീവ് വാർത്തകൾ കൊണ്ട് പത്രങ്ങൾ നിറയും. പലതും അവാസ്തവങ്ങളാണെന്നറിയാൻ കാലം കഴിഞ്ഞ് തിരുത്തു കോളത്തിൽ ടോർച്ചടിച്ച് നോക്കണം. വാർത്തകൾ പലതും വിചാരണകളാവുന്നതാണ് മറ്റൊരു കാഴ്ച. പ്രത്യേകിച്ച് സന്ധ്യാ ചർച്ചകൾ .അതിഥികളും അവതാരകനും തർക്കിച്ച് ഒരു മണിക്കൂർ കളയും. പിന്നെ അവർ പറഞ്ഞത് എന്തെന്നറിയാൻ പാഴൂർ പടിവരെ പോയി പ്രശ്നം വെയ്ക്കണം.
ഇതിനിടയിലും കച്ചവടവും, കുതിരക്കച്ചവടവും , കുതികാൽ വെട്ടും, കുത്തിത്തിരുപ്പുകളും ഭംഗിയായി നടക്കുന്നുണ്ട്. അനധികൃത നിയമനം, പെഗസാസ്…… അങ്ങനെ പലതും കേട്ടു മടുത്തു. തട്ടിക്കൂട്ടു കമ്പനികളായും, സഹകരണ സംഘങ്ങളായും, പുരാവസ്തുക്കളായും ആട് മാഞ്ചിയം മോഡലിൽ ഒരു കൂട്ടം ആളുകൾ ഇപ്പോഴും കബളിപ്പിക്കപ്പെടുന്നു.
രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും വായ് നിറച്ച് പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു. സമരങ്ങൾ ചെയ്യുന്നു. ഇതിൽ നിന്നൊക്കെ മാറി അഴിമതിക്കെതിരെ ശബ്ദിക്കാനോ സമരം ചെയ്യാനോ ഒരു യുവജന സംഘടനയും തയ്യാറാവുന്നില്ല. രാഷ്ട്രീയത്തിലും അടിപിടിയിൽ കുറവൊന്നുമില്ല.. ഭരണപക്ഷത്ത് യോജിപ്പിനേക്കാൾ വിയോജിപ്പാണെങ്കിൽ പ്രതിപക്ഷത്ത് കാര്യതടസ്സത്തിന് ഒരു മുട്ടറുക്കൽ വേണ്ടി വരും. പാർട്ടി സമ്മേളനങ്ങളിൽ നിന്ന് തിരുവാതിര ഒഴിഞ്ഞു പോയതാണ് ഈ കാലത്തെ പുതിയ വാർത്ത . അതിനിടയിൽ കേന്ദ്രം ഒരു ബജറ്റിറക്കി. കണക്ക്കൊണ്ടുള്ള ഇന്ദ്രജാലവും ഡിജിറ്റൽ പ്രഹസനവും അടങ്ങുന്ന സാമ്പത്തിക ബജറ്റ് ഈ വർഷം കണ്ടു കഴിഞ്ഞു. എല്ലാം കൂട്ടിക്കുറച്ച് നോക്കുമ്പോൾ , “കോരന് കഞ്ഞി കുമ്പിളിൽ തന്നെയാണ് ” . ഇതൊക്കെ കാണുമ്പോൾ ചോദിച്ചു പോകും
” ആർക്കാണ് ഭ്രാന്ത്. ? ഭ്രാന്തനോ ?അതോ ചങ്ങലയ്ക്കോ?”
പ്രൊഫ ജി ബാലചന്ദ്രൻ