ഇങ്ങനെ വേണം ഒരു ഐ.പി. എസ്. ഓഫീസർ

സത്യസന്ധതയും ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധത യുമുള്ള ഉദ്യോഗസ്ഥർക്ക് എന്നും ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാകും . അതിനുദാഹരണമാണ് ആർ.എൻ. രവി ഐ.പി.എസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ. ആലപ്പുഴയിൽ പോലീസ് സൂപ്രണ്ടായി ചാർജ്ജെടുത്ത വേളയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനശൈലി നേരിട്ട് ബോദ്ധ്യമായത്. 1984 ലാണ് ആർ. എൻ. രവി. ഐ.പി.എസ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി ചുമതലയേൽക്കുന്നത്. ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തെ പറ്റി അദ്ദേഹം നല്ല രീതിയിൽ ഗൃഹപാഠം ചെയ്തിരുന്നു. സാധാരണ ഗതിയിൽ ആഭ്യന്തര വകുപ്പു കൈവശമുളള പാർട്ടിയുടെ നേതാക്കൾ പോലീസ് ഓഫീസറെ ഉപയോഗിച്ച് ഭരണം നടത്തും. ഭരണക്കാരെ പിണക്കണ്ട എന്നു കരുതി ഉദ്യോസ്ഥർ വഴങ്ങിക്കൊടുക്കുകയും ചെയ്യും. തച്ചടി പ്രഭാകരൻ അന്ന് ഡി.സി.സി പ്രസിഡന്റും ഞാൻ സെക്രട്ടറിയുമാണ്. ഒരിക്കൽ ഒരു പ്രമാദമായ കേസിനു വേണ്ടി തച്ചടി എസ്.പി.യെ വിളിച്ചു. കേട്ടപാടെ അദ്ദേഹം പറഞ്ഞു : “അതു നടക്കത്തില്ല. നീതിയില്ലാത്ത കാര്യങ്ങൾക്കു ദയവുചെയ്ത് എന്നെ വിളിക്കരുത്.” ഞങ്ങൾക്കത് വലിയ ഷോക്കായിരുന്നു. ഒരിക്കൽ യാത്രക്കിടെ ആഭ്യന്തരമന്ത്രി വയലാർ രവിയുടെ കാർ ബ്രേക്ക്ഡൗൺ ആയി. പിന്നാലെയെത്തിയ ആർ. എൻ. രവി തന്റെ കാറിൽ മന്ത്രിക്കു പോകാനുളള സൗകര്യമൊരുക്കി. മന്ത്രിയോടൊപ്പമുണ്ടായിരുന്ന ഒരു കോണ്ഗ്രസ്

നേതാവ് കാറിൽ കയറാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വിലക്കി. “ഈ കാറിൽ മന്ത്രിക്കു സഞ്ചരിക്കാം

മറ്റുള്ളവരെ കയറ്റാൻ പറ്റില്ല” നേതാവിനു വലിയ ക്ഷിണമായി. അത് നാടാകെ അറിഞ്ഞു. ആ സംഭവം അദ്ദേഹത്തേക്കുറിച്ചുള്ള മതിപ്പു വർദ്ധിച്ചു. വയലാർ രവി ഞങ്ങളോട്

പിന്നീട് പറഞ്ഞത് ” അയാൾ പ്രത്യേക മട്ടുകാരനാണ്-പിണക്കേണ്ട, സ്ഥലം മാറ്റത്തെയൊന്നും അയാൾക്ക് ഭയമില്ല”.

ബിഹാറുകാരനായ രവി കൃശഗാത്രനാണ്. കൊമ്പൻമീശയോ ജാഡയോ ഇല്ല. ചിലപ്പോഴൊക്കെ സൈക്കിളിലാണ് സഞ്ചാരം. സിവിൽ ഡ്രസ്സിൽ ആരും തിരിച്ചറിയില്ല. ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി, ബസ് സ്റ്റോപ്പുകൾ തുടങ്ങിയയിടങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചു. ജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ അതിൽ പരാതിയും

നിർദ്ദേശങ്ങളും എഴുതിയിടാം. ദിവസവും പോലീസുകാർ

അതിലെ പരാതികളെല്ലാം ശേഖരിച്ച് എസ്.പി. ഓഫീസിൽ എത്തിക്കും. അതിൽ നിന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചീട്ടുകളി, കഞ്ചാവ്, കമന്റടി, ഗുണ്ടായിസം നടത്തുന്ന ടീമിനെയെല്ലാം പൊക്കും. ആലപ്പുഴയിൽ ഗുണ്ടാ ആക്രമണവും വെട്ടും കുത്തും പതിവായിരുന്നു. ആർ. എൻ രവിയുടെ ഉത്തരവനുസരിച്ച് കുപ്രസിദ്ധരായ ഗുണ്ടകളെ അറസ്റ്റു ചെയ്ത് പോലീസ് അകമ്പടിയോടെ റൂട്ട് മാർച്ച് നടത്തി. അതൊരു താക്കീതും മുന്നറിയിപ്പും ആയിരുന്നു. മുൻപിലും പിൻപിലും പോലീസ് ജീപ്പ് . ഏറ്റവും പുറകിലായി എസ്.പി. കാറിലുണ്ട്. ഇതു കണ്ട് വഴിയോരത്ത് ആളുകൾ കൂട്ടം കൂടി. കൈയ്യിൽ വിലങ്ങുമായി നടക്കുന്ന ഗുണ്ടകളെ നാട്ടുകാർക്കറിയാം. പോലീസുകാർ പോലും അവരെ പേടിച്ചിരുന്ന കാലം. കണ്ടവർ കണ്ടവർ മൂക്കത്തു വിരൽ വച്ചു!

അതോടെ ആർ.എൻ രവിയെക്കുറിച്ചുള്ള വീരകഥകൾ നാട്ടിൽ പ്രചരിച്ചു. രാഷ്ട്രീയക്കാരാരും പിന്നെ ശുപാർശയ്ക്ക് വിളിക്കാറില്ല. ന്യായമായ ഏതു പരാതിക്കും ഉടനടി പരിഹാരമുണ്ടാക്കും. ഓഫീസ് സമയത്ത് ആർക്കും അദ്ദേഹത്തെ കാണാം,പരാതി പറയാം. ന്യായമായതെല്ലാം നിഷ്പക്ഷമായും നിർഭയമായും ചെയ്യാൻ നിർദ്ദേശം കൊടുക്കും. പോലീസ് സ്റ്റേഷനുകളിൽ മിന്നൽ പരിശോധന നടത്തും. രാത്രി പെട്രോളിംഗിന് എസ്.പിയുമുണ്ടാകും. ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് “ക്യൂ” സിസ്റ്റം ഏർപ്പെടുത്തി. അദ്ദേഹം ആളുകളെ തല്ലുകയോ പത്രാസ് കാണിക്കുകയോ ചെയ്യില്ല. ഒരു മാസം കൊണ്ട് ആലപ്പുഴയിലെ ക്രമസമാധാന നില മെച്ചപ്പെട്ടു. ഒന്നര വർഷം അദ്ദേഹം ആലപ്പുഴയിലിരുന്ന കാലത്ത് കാര്യമായ ഒരനിഷ്ട സംഭവവും ഉണ്ടായില്ലെന്നു മാത്രമല്ല സാമൂഹ്യ വിരുദ്ധർ തല പൊക്കിയതുമില്ല. മൂന്നാം മുറയും, ഉരുട്ടിക്കൊലയും, സ്വജനപക്ഷപാതവും, അഴിമതിയുമെല്ലാം പോലീസിൻ്റെയും ഭരണകൂടത്തിൻ്റെയും യശസ്സ് കളങ്കപ്പെടുത്തുന്ന കാലത്ത്, “മൃദുഭാവേ ദൃഢ കൃത്യേ” എന്ന കേരള പോലീസിൻ്റെ ആപ്തവാക്യം അന്വർത്ഥമാക്കുവാൻ കഴിഞ്ഞു എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം. സ്ഥലം മാറിപോകുന്ന രവിക്ക് സ്നേഹനിർഭരമായ യാത്രയയപ്പാണ് ആലപ്പുഴക്കാർ നൽകിയത്.സ്വന്തം മേധാ ശക്തികൊണ്ട് അദ്ദേഹം ഉയരങ്ങളിലെത്തി. ഇപ്പോൾ അദ്ദേഹം തമീഴ്നാട് ഗവർണറാണ്. ഇന്ത്യൻ പോലീസ് സർവ്വീസിൽ പ്രവേശിച്ചപ്പോൾ എൻ്റെ മകളോട് ഞാൻ പറഞ്ഞത് “ആർ. എൻ. രവിയെ ഒരു റോൾ മോഡല്‍ ആക്കണമെന്നാണ്”

പ്രൊഫ ജി ബാലചന്ദ്രൻ

#ഇന്നലെയുടെതീരത്ത് (ആത്‍മകഥ)

#RNRavi#IPS

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക