ഗ്രീക്ക് മിഥോളജിയിലെ അത്യുജ്ജ്വല കഥാപാത്രമാണ് പ്രൊമിത്യൂസ് . ഗ്രീസ് ഒരു മിത്തിലൂടെ പ്രൊമിത്യൂസിനെ സൃഷ്ടിച്ചു,പ്രൊമിത്യൂസ് മറ്റൊരു മിത്തിലൂടെ ഗ്രീക്ക് ജനതയേയും സൃഷ്ടിച്ചു. ഗ്രീക്കിന്റെ തേജസ്സാണ് പുരാണ പ്രസിദ്ധനായ പ്രൊമിത്യൂസ് . കാരുണ്യത്തേയും വിജ്ഞാനത്തേയും നെഞ്ചിലേറ്റിയ മനുഷ്യ സ്റ്റേഹി. സ്വർഗ്ഗവാസിയായ പ്രൊമിത്യൂസ് സ്വർഗ്ഗത്തിൽ നിന്ന് അഗ്നി കൊണ്ടു വന്നു ഭൂമിയിലെ മനുഷ്യർക്കു നൽകി. ഇതറിഞ്ഞ ദേവാധിദേവനായ സീയൂസ് പ്രൊമിത്യൂസിനെ ശിക്ഷിച്ചു. “കാക്കസസ്” മലയിൽ കിഴുക്കാൻ തുക്കായി നിന്ന ഒരു പാറയിൽ ചങ്ങലക്കിട്ടു പൂട്ടി. ശിക്ഷ തീർന്നില്ല. പകൽ മുഴുവൻ പ്രൊമിത്യൂസിന്റെ കരൾ കൊത്തിത്തിന്നാൻ ഒരു കഴുകനെ നിയോഗിച്ചു. രാത്രിയിൽ പ്രൊമിത്യൂസിന്റെ കരൾ താനേ വളർന്നു വന്നു.പകൽ കഴുകൽ വീണ്ടും വന്ന് ബന്ധനസ്ഥനായ പ്രൊമിത്യൂസിന്റെ കരൾ കൊത്തിപ്പറിക്കും. ഈ പീഡനം കാലങ്ങളോളം നീണ്ടു. ഒരിക്കലും അവസാനിക്കാത്ത വേദന കൊണ്ട് പിടഞ്ഞപ്പോഴും സീയൂസിനോട് ക്ഷമായാചനം നടത്താൻ ആ ധീരൻ തയ്യാറായില്ല , താൻ എന്തെങ്കിലും അപരാധം ചെയ്തതായി പ്രൊമിത്യൂസിനു തോന്നിയില്ല. കല്ലേപ്പിളർക്കുന്ന സീയൂസിന്റെ കല്പനയെ മറികടന്ന് പ്രൊമിത്യൂസിനെ രക്ഷിക്കാൻ മനുഷ്യർക്ക് കഴിഞ്ഞില്ല. അവർ പ്രൊമിത്യൂസിനു വേണ്ടി ഹൃദയം നൊന്തു പ്രാർത്ഥിച്ചു. അവസാനം അവരുടെ പ്രാർത്ഥനയ്ക്കു ഫലമുണ്ടായി. ഹെരാക്ലീസ് എന്ന രക്ഷകൻ ജന്മമെടുത്തു. അദ്ദേഹം പ്രൊമിത്യൂസിനെ മോചിപ്പിച്ചു. പ്രൊമിത്യൂസ് ജനങ്ങൾക്കു കൊടുത്ത അഗ്നി അന്വേഷണത്തിന്റേയും കണ്ടുപിടുത്തത്തിന്റേയും നൈസർഗ്ഗികമായ മനസ്സായിരുന്നു. ആത്മജ്ഞാനവും വിജ്ഞാനവും മനുഷ്യനു നല്കിയ കാരുണ്യ പ്രതിഭാസമായിരുന്നു പ്രൊമിത്യൂസ്. അഗാധമായ ഗീക്ക് മനസ്സിന്റെ പ്രതീകമാണ് ഈ കഥാപാത്രം. വൈകാരിക സത്തയുടെ ആന്തരിക ഭൂമികയാണ്. അത് സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും സമർപ്പണമാണ്.
പ്രൊമിത്യൂസ് എന്ന കാരുണ്യ മൂർത്തിയുടെ ജീവിത കഥയെ അധികരിച്ച് ലോക സാഹിത്യത്തിലെ എല്ലാ ഭാഷകളിലും പുതിയ പുതിയ ആഖ്യാനങ്ങളും കവിതകളും ഉണ്ടായിണ്ട്. കെ.അയ്യപ്പപ്പണിക്കരും പ്രൊമിത്യൂസിനെക്കുറിച്ച് ഹൃദ്യമായ ഒരു കവിത രചിച്ചു.
ഭാരതവും ഗ്രീസുമാണ് മിത്തുകളുടെ കേദാരഭൂമി. വ്യത്യസ്ത വിചിത്രമായ നൂറു നൂറു മിത്തുകൾ ഇരു രാജ്യത്തുമുണ്ട്.ഹോമറിന്റെ ഇലിയഡിനും വാത്മീകിയുടെ രാമായണതത്തിനും തമ്മിൽ അന്യാദൃശ്യമായ സാദ്യശ്യമുണ്ട്. പ്രൊമിത്യൂസ് മനുഷ്യർക്ക് നൽകിയ അഗ്നി പുതു വെളിച്ചവും ഊർജ്ജവും ശക്തിയും പുരോഗതിയും സമ്മാനിച്ചു. ആ ദേവനെ നമിക്കുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ