ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ തുടക്കമായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു അറബ് രാജ്യം ഫിഫാ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യമരുളുന്നത്. 32 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന കാൽപ്പന്തുകളിയുടെ ആവേശം കേരളത്തിലും അലതല്ലുന്നു. One World One Home എന്നാണ് ഖത്തർ ലോകകപ്പിൻ്റെ മുദ്രാവാക്യം. 1930 ൽ തുടങ്ങിയ ലോകകപ്പ് മത്സരം അന്നും ഇന്നും കോടിക്കണക്കിന് കായിക പ്രേമികളുടെ ആവേശമാണ്. കളി ഖത്തറിൽ ആണെങ്കിലും നമ്മുടെ നാടും നഗരവും എല്ലാം ഇഷ്ട ടീമിൻ്റെയും താരങ്ങളുടെയും കൂറ്റൻ കട്ട്ഔട്ട്കളാൽ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പതിവുപോലെ ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലിനും അർജൻറീനയ്ക്കും തന്നെയാണ് ആരാധകർ കൂടുതൽ. വരും ദിനങ്ങളിൽ നെയ്മറിൻ്റെയും മെസ്സിയുടേയും റൊണാൾഡോയുടെയും മാന്ത്രിക സ്പർശമേൽക്കുന്ന ഗോൾമഴകളുടെ ധന്യ മുഹൂർത്തത്തിനായി ലോകം കാത്തിരിക്കുന്നു. ഒരു ഭാഗത്ത് കളി കൊഴുക്കുമ്പോൾ മറുഭാഗത്ത് വാതുവെപ്പുകളും സജീവമാണ്. ലോകജനതയെ ഒന്നായി കാണാനും രാഷട്രങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പ്രൊഫ ജി ബാലചന്ദ്രൻ.