ഒരു യുഗം അവസാനിച്ചു,
മറ്റൊരു യുഗം ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലേറിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പതിനേഴര വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഭാരതത്തിൻ്റെ സർവ്വതോൻമുഖമായ പുരോഗതിക്കാവശ്യമായ എണ്ണമറ്റ വികസന പദ്ധതികൾക്ക് അടിത്തറയിട്ട രാഷ്ട്ര ശില്പിയാണ് നെഹ്റുജി. അദ്ദേഹത്തിന്റെ പരമ്പരയിലാണ് ഇന്ദിരാജിയും രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും പിറന്നത്. അതൊരു കുടുംബാധിപത്യമാണെന്നു പറയുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും കളമൊരുക്കിയ അവരെ തള്ളിപ്പറയുന്നവരാരായാലും അവർ ചരിത്രത്തെ വിസ്മരിക്കുന്നവരാണ്. ഇന്ദിരാജിയുടേയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വം കോൺഗ്രസ്സിനെ മഹത്വവൽക്കരിച്ചു.
പാർട്ടിക്കകത്ത് ദേശീയ തലത്തിൽ ചില പ്രശ്നങ്ങളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം കോൺഗ്രസ്സിന്റെ മുഖമുദ്രയാണ്. സൃഷ്ടിപരമായ വിമർശനങ്ങളെ സമന്വയത്തോടെ ഉൾക്കൊള്ളുന്നതാണ് കോൺഗ്രസ് സംസ്കാരം .. കോൺഗ്രസ്സിനകത്ത് സംവദിക്കാൻ അവസരം ഒരുക്കണം. പല സംസ്ഥാനങ്ങളിലും ചിലർ കൊഴിഞ്ഞു പോകുകയും കാലുമറുകയും ചെയ്യുന്നു.
എത്രയും വേഗം AlCC വിളിച്ചു കുട്ടി തെരഞ്ഞെടുപ്പു നടത്തണം. രാജീവ് ഗാന്ധിയുടെ നയം തന്നെ രാഹുൽ പിൻതുടരുന്നത് ശ്രേഷ്ഠമാണ്. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം രാജീവ് ഗാന്ധി ലോക് സഭ പിരിച്ചു വിട്ടു. പുതിയ മാൻഡേറ്റ് നേടാൻ തൊരഞ്ഞെടുപ്പു നടത്തിയത് നാം ഓർക്കണം. അതേ മാതൃകയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് രാഹുൽ ഗാന്ധി എത്തുന്നതാണ് അഭികാമ്യം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള യുവാക്കൾക്കും ജനപിന്തുണയുള്ളവർക്കും പരിചയ സമ്പന്നർക്കും പ്രതിഭാധനർക്കും മാത്രമേ കോൺഗ്രസിൻ്റെ പ്രതാപം വീണ്ടെടുക്കാൻ കഴിയൂ.കേരളത്തിലെ പുതിയ കോൺഗ്രസ്സ് നേതൃത്വം ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അവരുടെ പ്രവർത്തനങ്ങൾ അടിമുടി ചലനാത്മകമാക്കി. വിമർശനങ്ങൾക്കും എതിർപ്പുകൾക്കും നമുക്കിനി അവധി കൊടുക്കാം. കേന്ദ്രത്തിലും കേരളത്തിലും ഇപ്പോൾ ഭരണമില്ല. ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ കോൺഗ്രസ്സിനേ കഴിയുകയുള്ളൂ. 136 കൊല്ലത്തെ പാരമ്പര്യവും പ്രതിഭാധനരായ നേതാക്കളും ലോകത്ത് കോൺഗ്രസിനല്ലാതെ ഒരു പാർട്ടിക്കും അവകാശപ്പെടാൻ കഴിയില്ല. . കോൺഗ്രസ്സിലേക്ക് കനയ്യകുമാറിനെ പോലെയുളള ചുണക്കുട്ടൻമാർ വരുന്നത് നമുക്കു ശക്തി പകരും. നല്ല നാളെയ്ക്കു വേണ്ടി എല്ലാവർക്കും ഒരുമിച്ച് “കൈ” കോർക്കാം.
പ്രൊഫ ജി ബാലചന്ദ്രൻ