ഇന്ത്യയിലെ ജനാധിപത്യസംവിധാനത്തിന് എന്തുപറ്റി?




ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്നതാണ് ജനാധിപത്യം. ഇന്ത്യ ഒന്നായത് സ്വാതന്ത്ര്യത്തിനു ശേഷം അറുന്നൂറോളം നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചപ്പോഴാണ്. പഴയ ഇംഗ്ലീഷാധിപത്യത്തിന്റെ അസ്തമയവും പുതു ഭാരതത്തിന്റെ ഉദയവും അർദ്ധരാത്രിയിലാണ് സംഭവിച്ചത്. ഇന്ത്യ – പാകിസ്ഥാൻ എന്ന രാജ്യങ്ങളുടെ ഇരട്ടപ്പേറെടുത്തു കൊണ്ടാണ് ഇംഗ്ലീഷ് സൂതികർമ്മണി ഇവിടം വിട്ടത്.
ലോകം കണ്ടിട്ടുളളതിൽ വെച്ചേറ്റവും ശ്രേഷ്ഠമായ ഭരണ സംവിധാനമാണ് ജനാധിപത്യം. സുദീർഘമായ പഠനത്തിനും ഗവേഷണത്തിനും ചർച്ചയ്ക്കും ശേഷം അംഗീകരിച്ച ഭരണഘടനയാണ് നമ്മുടേത്. ജനാധിപത്യ സംവിധാനം ഉറച്ചു നില്ക്കുന്നത് നാലു നെടും തൂണുകളിലാണ്. ലെജിസ്ലേചർ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി, ഫോർത്ത് എസ്റ്റേറ്റ്( മാധ്യമം). വെള്ളക്കാർ പോയാലും കറുത്ത വർഗ്ഗക്കാരുടെ കുത്തഴിഞ്ഞ ഭരണമായിരിക്കും ഇന്ത്യയിൽ നടക്കുകയെന്ന് ചർച്ചിൽ ശപിച്ചിട്ടുണ്ട്.
പഞ്ചായത്ത് മുതൽ പാർലിമെന്റ് വരെ നിയമ നിർമ്മാണം നടത്തുന്നു. അതു നടപ്പിലാക്കുന്നത് എക്സിക്യൂട്ടീവാണ്. ജുഡീഷ്യറിയാണ് മൊത്തത്തിൽ അതിന്റെ രക്ഷാകവചമായി നിലകൊള്ളുന്നത്.

വിവാദങളും വിമർശനങ്ങളും, ജനാധിപത്യത്തിന്റെ തെറ്റും ശരിയും ചികഞ്ഞ് മാധ്യമങ്ങൾ പരിശോധിക്കുന്നു.
അധികാരം വികേന്ദ്രീകരിച്ചു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മരായി. എല്ലാ രംഗത്തും അഴിമതികൾ. ജനാധിപത്യം എല്ലായിടത്തും പൂവിട്ട് വാഴ്ച നടത്തുന്നു. വായനശാലയിലും സഹകണ സംഘത്തിലുമൊക്കെ ജനാധിപത്യത്തിന്റെ പൂവിളികളാണ്. പണക്കാരൻ എല്ലാരംഗത്തും പണം കൊടുത്തും പണം വാങ്ങിയും കോടികൾ വാരുന്നു. ഒരു ജോലിയും ചെയ്യാതെ രാഷ്ട്രീയവും സാമൂഹ്യ സേവനവും മറയാക്കി ആയിരങ്ങൾ കോടീശ്വരന്മാരായി. ദേവാലയങ്ങളും സഹകരണ ബാങ്കുകളും കോളേജുകളും ക്വാറികളും മണ്ണു കടത്തലും തുടങ്ങി എത്രയെത്ര മാർഗ്ഗങ്ങളിലാണ് പണം വിഴുങ്ങുന്നത്. പാവപ്പെട്ടവർക്ക് വീടില്ല, പട്ടയമില്ല. എന്തിന് എല്ലാത്തിനും കൈക്കുലിയും കൈമടക്കുമില്ലാതെ കാര്യം നടക്കുകയില്ല. വിശപ്പകറ്റാൻ പോലും കഴിയാതെ പാവങ്ങൾ കൈകാലിട്ടടിക്കുന്നു. പിച്ചച്ചട്ടിയിൽ നിന്നു പോലും കൈയിട്ടുവരുന്നവർ. കളളും ചാരായവും കഞ്ചാവും ചരസും കൊട്ടേഷനുമായി ചെറിയ കൊള്ളയും വലിയ കൊള്ളയും നടത്തി വീരന്മാർ കറങ്ങി നടക്കുന്നു. സഹകരണ സംഘം ഭാരവാഹി മുതൽ മന്ത്രിമാരും എം.പി.മാരും എം.എൽ.എ മാരും എൻ ഫോഴ്സ്മെന്റകാരുടെ നോട്ടപ്പുള്ളികളാണ്. നിയമത്തിന്റ പഴുതുകൾ കണ്ടുപിടിച്ച് അതിലൂടെ ജനാധിപത്യം പോലും അട്ടിമറിക്കുന്നു. കോടികൾ കോഴ കൊടുത്താണ് ഭരണം പോലും മറിച്ചിടപ്പെടുന്നത്. ഒന്നു വെച്ചാൽ രണ്ടു കിട്ടും. രണ്ടു വെച്ചാൽ നാലു കിട്ടും എന്ന മട്ടിലാണ് ലേലം വിളി. മുന്നണി സംവിധാനത്തിൽ കൊച്ചു കൊച്ചു പാർട്ടികൾ കൊഴുത്തു തടിക്കുന്നു. ചെറു പാർട്ടികൾക്കാണ് വൻ കൊയ്ത്ത്. ആദിവാസികളും പട്ടികജാതി ജനങ്ങളും ദശാബ്ദങ്ങളായി ദുരിതത്തിലാണ്. അവർക്കുള്ളതെല്ലാം മദ്യവും പണവും കൊടുത്ത് ചൂഷകന്മാർ പിടുങ്ങുന്നു. വർഗ്ഗീയ സംഘടനകൾ നേരും നെറിയുമില്ലാതെ വെട്ടിയും കുത്തിയും ബോംബറിഞ്ഞും ചോരപ്പുഴയൊരുക്കുന്നു. നിയമനിർമ്മാണത്തിൽ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിൽ എതു നിയമവും പാസ്സാക്കിയെടുക്കാം. അല്ലെങ്കിൽ ഓർഡിനൻസു കൊണ്ടു വന്ന് എല്ലാം നേരെയാക്കാം. ഫലപ്രദമായ ചർച്ചകൾ പോലും നടക്കുന്നില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രം.
എക്സിക്യൂട്ടീവിലാണെങ്കിൽ പോലീസും ഉദ്യോഗസ്ഥന്മാരുമാണ് കൃത്യനിർവ്വഹണം നടത്തേണ്ടത്. പക്ഷേ അവിടെ യൂണിയനുകളും കൈക്കുലിയും മുടിയഴിച്ചാടുന്നു. പാവങ്ങൾക്കു നീതി ലഭിക്കുന്നില്ല. ഭരണ കഷിയുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കാനേ അവർക്കു കഴിയുന്നുള്ളു.
ജുഡീഷ്യറിയാണ് രക്ഷാകവചമായി നിലകൊള്ളേണ്ടത്. പക്ഷേ സത്യത്തിനല്ല തെളിവുകൾക്കാണ് അവിടെ പ്രസക്തി. ചിലപ്പോൾ നീതിയുടെ പേരിൽ സ്വമേധയാ കേസെടുക്കാറുണ്ട്. അവിടെ നിയമം വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണ് ജഡ്ജിമാർക്കു കഴിയുക. പ്രോസിക്യൂഷൻ മന:പൂർവ്വം കേസു തോറ്റുകൊടുക്കാൻ കൗശലങ്ങൾ കാണിക്കുന്നു.
ചില കേസുകളിൽ മുഖം നോക്കാതെ വിധി പറയാൻ പ്രഹത്ഭരായ ജഡ്ജിമാർ തയ്യാറാകുന്നത് ശുഭോദർക്കമാണ്. ഒരു കൊള്ളയോ കൊലപാതകമോ നടന്നാൽ അത് കോടതിയിൽ വരാനും വിധി പറയാനും വർഷങ്ങൾ എടുക്കും. ചില പ്രമാദമായ കേസുകൾ വലിച്ചു നീട്ടുന്നതിന് വക്കീലന്മാർ എന്തും ചെയ്യും. ആയിരക്കണക്കിന് ഫയലുകളാണ് കോടതികളിലും സർക്കാർ ഓഫീസുകളിലും കെട്ടിക്കിടക്കുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥന്മാരില്ലന്നും പരാതി പറയുന്നു.
മാധ്യമങ്ങളാണ് എല്ലാക്കാര്യങ്ങൾക്കും നേർക്കാഴ്ച കൊടുക്കേണ്ടത്. സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തുന്നവരുണ്ട്. ചിലർ അവർക്ക് കിട്ടുന്ന പരസ്യങ്ങളുടെ പേരിൽ വാർത്തകൾ തമസ്ക്കരിക്കുകയും വച്ചു താമസിപ്പിക്കുകയും നിറംപിടിപ്പിക്കുകയും ചെയ്യുന്നു.

ഏതാണ്ട് എട്ടേകാൽ കോടി ദരിദ്രർ ഇന്ത്യയിലുണ്ട്. പാവം ജനങ്ങൾ നോക്കു കുത്തികളായിരിക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ടിരിക്കുന്നു. പാർട്ടികൾ സംഘടിത മുഷ്ക്കു കൊണ്ട് പാവം ജനങ്ങളെ അടിച്ചൊതുക്കുന്നു. എല്ലായിടത്തും യൂണിയന്റെ ആധിപത്യവും ഭരണവുമാണ്. സ്വന്തം ആളുകളാകുമ്പോൾ കണ്ണടച്ചു കൊടുക്കാനല്ലേ ഭരണക്കാർക്ക് പറ്റൂ. കേരളത്തിലും കേന്ദ്രത്തിലും ഇതേ ഗതി തന്നെ.
വോട്ടു പിടിക്കാൻ ജാതി-മത പ്രദേശ സ്വാധീനം കൊടികുത്തി വാഴ്ച നടത്തുന്നു. രാഷ്ട്രീയാതിപ്രസരം കൊണ്ട് കണ്ണു മഞ്ഞളിച്ചു പോകുന്നു. സമരത്തിന്റേയും പ്രതിരോധത്തിന്റേയും പെരുമഴ സ്വൈര്യ ജീവിതത്തിന്റെ സമാധാനം തകർക്കുന്നു. മൂന്നാമതും ദുതിരപ്പെയ്ത്തു തുടങ്ങി ഡിസാസ്റ്റർ മാനോജ്മെന്റ് ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഡിജിറ്റൽ സക്ഷരത തുലോം തുച്ചമാണ് പാവങ്ങൾ ഈ പറയുന്നത് പോലെ ഓൺലൈൻ ചെയ്യാൻ പഠിച്ചിട്ടില്ല.
ഇതിനൊക്കെ ഒരു പരിഹാരമില്ലേ. പലരും എന്നോടു ചോദിക്കുന്നു. അതേ ഞാനും ഉറക്കമൊഴിഞ്ഞ് തല പുകഞ്ഞ് ആലോജിക്കുകയാണ് ഇതിനെന്താണൊരു പരിഹാര മാർഗ്ഗം?


പ്രൊഫ.ജി.ബാലചന്ദൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ