ഇന്ത്യൻ ദേശീയതയുടെ വാനമ്പാടി-സരോജിനി നായ്ഡു

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പുരുഷന്മാരോടൊപ്പം സ്ത്രീകളും പങ്കെടുത്തു. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ഇന്ത്യയിലെ സമരഭടന്മാർ സടകുടഞ്ഞെഴുന്നേറ്റു. മറ്റു രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് തുലോം വ്യത്യസ്തവും നൂതനവുമായ മാർഗ്ഗമാണ് ഇന്ത്യ അവലംബിച്ചത്. സമരത്തിൽ സ്ത്രീകൾ വഹിച്ച പങ്കു കണ്ട് വിദേശീയർ പോലും അത്ഭുതപ്പെട്ടു. സരോജിനി നായിഡുവിന്റെ സമര പങ്കാളിത്തവും ത്യാഗസന്നദ്ധതയും സർവ്വരാലും ആദരിക്കപ്പെട്ടു. വാഗ്മി, കവയത്രി, രാഷ്ട്രീയ നേതാവ്,കോൺഗ്രസ്സ് പ്രസിഡന്റ്,ഗവർണ്ണർ തുടങ്ങിയ നിലകളിൽ അവർ പ്രശോഭിച്ചു.

അഹിംസയിലും സമാധാനത്തിലും പദമൂന്നിയുളള ഗാന്ധിജിയുടെ സമരവീര്യം കണ്ട് ബ്രിട്ടീഷാധിപത്യം വിറളി പൂണ്ടു. അവർ ഗാന്ധിജിയെ ജയിലിലടയ്ക്കാൻ തീരുമാനിച്ചു. സ്വാതന്ത്ര്യ സമരത്തോടൊപ്പം ഗാന്ധിജിയ്ക്കു പ്രിയപ്പെട്ടതായിരുന്നു സമുദായ മൈത്രി. ജയിലിലേക്കു പോകുമ്പോൾ ഗാന്ധിജി സരോജിനി നായിഡുവിനോടു പറഞ്ഞത് “ഭാരതത്തിന്റെ ഐക്യം ഞാൻ നിങ്ങളുടെ കൈയിൽ എല്പിക്കുന്നു” എന്നാണ്. തന്റെ അഭാവത്തിൽ ഇന്ത്യയിലെ നാനാ ജാതി മതസ്ഥരുടെ ഐക്യം പ്രിയംകരിയായ സരോജിനിയുടെ കൈകളിൽ ഭദ്രമായിരിക്കുമെന്നു ഗാന്ധിജിയ്ക്കു ഉറച്ച വിശ്വാസമുണ്ടായിരുന്നു. സരോജിനി നായ്ഡുവിന്റെ വ്യക്തി മാഹാത്മ്യം അത്രയ്ക്ക് ഉദാത്തമാണ്.

കിഴക്കൻ ബംഗാളിൽ നിന്നു ഹൈദരാബാദിൽ താമസിച്ചിരുന്ന ഒരു പ്രാചീന ബ്രാഹ്മണ കുടുംബത്തിലാണ് 1879 ഫെബ്രുവരി 13ന് സരോജിനി ജനിച്ചത്. പിതാവ് ഡോ. അഘോര നാഥ ചതോപാദ്ധ്യായ ബഹുഭാഷാ പണ്ഡിതനും പുരോഗമനാശയക്കാരനും പൊതു സേവന തത്പരനും രസതന്ത്രത്തിൽ ഗവേഷകനുമായിരുന്നു. വരദാ സുന്ദരീ ദേവിയാണ് അമ്മ. പിതാവ് ഇംഗ്ലീഷിലും മാതാവ് ഹിന്ദുസ്ഥാനിയിലുമാണ്. സരോജിനിയോട് ആശയ വിനിമയം നടത്തിയത്. മകളെ ശാസ്ത്രജ്ഞയാക്കാനായിരുന്നു പിതാവിനു മോഹം. മകളുടെ കല്പനാ ചാതുരി കണ്ടറിഞ്ഞ മാതാവ്,സരോജിനി ഒരു സാഹിത്യകാരിയായിത്തീരണമെന്നാഗ്രഹിച്ചു.

സരോജിനി കവിതകൾ എഴുതിയത് കേവലം 11 വയസ്സു മാത്രമുള്ളപ്പോഴാണ് . കണക്കു പഠനത്തിൽ നിന്ന് വഴിമാറി സരോജിനി ജീവിതാവസാനം വരെ കാവ്യോപാസന ചെയ്തു. 12ാമത്തെ വയസ്സിൽ മെട്രിക്കുലേഷൻ പാസ്സായി. കോളേജ് പഠനത്തേക്കാൾ അധികം കവിതകൾ വായിക്കാനും കവിതകൾ എഴുതാനുമായിരുന്നു താത്പര്യം. പതിമൂന്നാമത്തെ വയസ്സിൽ ആറു ദിവസം കൊണ്ട് 1300 വരികളുള്ള ഒരു ദീർഘ കാവ്യം ആ കുട്ടി എഴുതിത്തീർത്തു. ഈ കവിതയിൽ നൈസാം ആകൃഷ്ടനായി. അദ്ദേഹം സർക്കാർ ചെലവിൽ സരോജിനിയെ ഇംഗ്ലണ്ടിലയച്ചു പഠിപ്പിക്കാൻ തീരുമാനിച്ചു. ഇംഗ്ലണ്ടിലെ മൂന്നു വർഷത്തെ പഠന കാലത്ത് വിവിധ സാഹിത്യകാരന്മാരുമായി പരിചയപ്പെടുന്നതിനും ലോക സാഹിത്യം വായിച്ചു പഠിക്കുന്നതിനും സാധിച്ചു.

വിജാതീയനായ ഡോ. ഗോവിന്ദ രാജലു നായ്ഡുവിനെയാണ് സരോജിനി വിവാഹം കഴിച്ചത്. കോളിളക്കം സൃഷ്ടിച്ച ആ വിവാഹം സരോജിനിയെ കൂടുതൽ പ്രസിദ്ധയാക്കി. “ദി ഗോൾഡൻ ത്രഷോൾഡ്” (സ്വർണ്ണ കവാടം) എന്ന കവിതാ സമാഹാരം 1906ൽ ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തി. കവയത്രിയുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും കാവ്യ ശൈലിയുടെ സൗകുമാര്യവും പ്രശംസിക്കപ്പെട്ടു. ടാഗൂർ പോലും ശ്ലാഘിച്ചു. ഈ പുസ്തകത്തിന് ഉറുദു പരിഭാഷ സരോജിനി തന്നെ നിർവ്വഹിച്ചു. 1912-ൽ “ബേർഡ് ഓഫ് ടൈം” ( കാലത്തിന്റെ പറവ ) എന്ന രണ്ടാമത്തെ കാവ്യ സമാഹാരം പുറത്തിറക്കി. ഇംഗ്ലീഷ് ഭാഷയിലൂടെ സാഹിത്യ രചന നടത്തുന്നവരുടെ കൂട്ടത്തിൽ സരോജിനീ നായ്ഡുവിന് സമുന്നത സ്ഥാനമുണ്ടായിരുന്നു. 1917-ൽ “ദി ബ്രോക്കൺ വിംഗ് ” (തകർന്ന ചിറക് ) എന്ന മൂന്നാമത്തെ പുസ്തകവും പ്രസിദ്ധീകരിച്ചു.

കാല്പനികതയുടെ അതിഭാവുകത്വത്തിൽ നിന്ന് ജീവിത യാഥാർത്ഥ്യങ്ങളുടെ പരുപരുത്ത തലങ്ങളിലേക്ക് അവരുടെ തൂലിക ചലിച്ചു കൊണ്ടിരുന്നു. ഒന്നാം ലോക മഹായുദ്ധം നടക്കുമ്പോൾ “ഇന്ത്യയുടെ സംഭാവനകൾ” എന്ന പേരിൽ എഴുതിയ കവിത ഏറെ ശ്രദ്ധേയമായി ഭാരതാംബ തന്റെ അരുമ സന്താനങ്ങളെ യുദ്ധത്തിനായി ബലി നല്കുന്നതിനെപ്പറ്റി വിദേശികളോട് പറയുന്നതായിട്ടാണ് ആ കവിത.

ഹിന്ദു മുസ്ലിം ഐക്യത്തിന്റെ സന്ദേശ വാഹകയായിട്ടാണ് സരോജിനി പൊതു രംഗത്ത് പ്രവേശിച്ചത്. ആരെയും ആവേശം കൊള്ളിക്കുന്നതായിരുന്നു അവരുടെ പ്രസംഗം. ഒരിക്കലവർ പറഞ്ഞു: ” ഐക്യത്തെ സംബന്ധിച്ച് ഞാൻ വികാരവതിയാണെന്ന് വിമർശിക്കപ്പെടുന്നു. എന്നാൽ വിഭജനം ഒരു രാജ്യത്തിന്റെ മരണമാണെന്നും ഐകമത്യം അതിന്റെ വിമുക്തിയാണെന്നും ഞാൻ വിശ്വസിക്കുന്നു” സബർമതിയിലും വാർദ്ധയിലും ഗാന്ധിജിയുടെ ആജ്ഞാവാഹകയായി അവർ പ്രവർത്തിച്ചു.

ഗാന്ധിജിയേക്കാൾ കോൺഗ്രസ്സ് പ്രസിഡന്റാകാൻ സർവ്വഥാ യോഗ്യ സരോജിനീ നായ്ഡുവാണെന്നു ഗാന്ധിജി പറഞ്ഞു. കോൺപൂരിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ സരോജിനീയെ പ്രസിഡന്റായി തെരെഞ്ഞടുത്തപ്പോൾ ഇന്ത്യൻ ജനത മുഴുവൻ ആനന്ദാതിരേകത്താൽ ഇളകി മറിഞ്ഞു. 1923 -ൽ പാലക്കാട്ടു ചേർന്ന മലബാർ കോൺഗ്രസ്സിൽ അദ്ധ്യക്ഷത വഹിച്ചതും സരോജിനീ നായ്ഡുവാണ്. മഹാത്മജി നയിച്ച ഉപ്പു സത്യാഗ്രഹത്തിന്റെ മുൻ നിരയിൽ സരോജിനിയുണ്ടായിരുന്നു. 1942 ആഗസ്റ്റ് 8നു നടന്ന ക്വിറ്റ് ഇൻഡ്യ സമരത്തിൽ സാരോജിനീ നായ്ഡു ഉൾപ്പടെ എല്ലാ നേതാക്കളേയും ജയിലിലടച്ചു.

ഏഷ്യൻ രാജ്യങ്ങളിലെ പ്രതിനിധി സമ്മേളനത്തിൽ സരോജിനിയായിരുന്നു അദ്ധ്യക്ഷ. നിരന്തര യാത്രയും പ്രസംഗങ്ങളും ജയിൽ വാസവും കഠിനാദ്ധ്വാനവും സരോജിനിയുടെ ആരോഗ്യം ക്ഷയിപ്പിച്ചു. ഇന്ത്യാ വിഭജനം വരുത്തി വച്ച വർഗ്ഗിയ കലാപവും കൊളളയും കൊള്ളിവയ്പ്പും അസ്സഹനീയമായിരുന്നു. സരോജിനീ നായ്ഡു തന്റെ രോഗം മറന്ന് എല്ലായിടത്തും സമാധാനത്തിന്റെ ദൂതുമായി എത്തി. അത് ജനങ്ങൾക്കു ആശ്വാസവും സമാധാനവും പ്രദാനം ചെയ്തു. ഇന്ത്യ സ്വതന്ത്രയായപ്പോൾ സരോജിനി നായ്ഡുവിനെ ഉത്തർപ്രദേശ് ഗവർണ്ണറായി നിയമിച്ചു. അവരുടെ ത്യാഗ സുരഭിലമായ ജീവിതത്തിന്ന് 1949 മാർച്ച് 1 രാത്രി 11 മണിക്ക് തീരശ്ശീല വീണു. ഇന്ത്യൻ ദേശീയതയുടെ വാനമ്പാടി ചരിത്രത്തിന്റെ അഭിഭാജ്യഘടകമാണ്. അവരുടെ ത്യാഗങ്ങളുടെ സുഗന്ധവും കാവ്യസൗകുമാര്യവും ഭാരതത്തിൽ എന്നും നിറഞ്ഞു നിൽക്കും.

പ്രൊഫ.ജി.ബാലചന്ദ്രൻ

#Sarojini_Naidu

No photo description available.

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

വി കമലാസനൻ, പാർവ്വതി,തത്തംപള്ളി: ‘ഇന്നലെയുടെ തീരത്ത്’ വായിച്ചവസാനിപ്പിക്കുമ്പോള്‍ മനസ്സില്‍ പ്രതിധ്വനിച്ചത് സാനുമാസ്റ്ററുടെ നിരീക്ഷണമാണ്. ആത്മകഥ എന്ന സാഹിത്യവിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സാഹിത്യത്തിന്റെ നിര്‍ണ്ണീതമായ എലുകാവിവക്ഷകള്‍ക്കൊന്നും വിധേയമായിട്ടല്ല, ആഖ്യാനഗതി. എന്നാല്‍ കൃത്രിമമായി സാഹിത്യചാരുത ചേര്‍ക്കാനുള്ള

താൻ എഴുതിയ തൻ്റെ ജീവനചരിതമാണ് ആത്മകഥ. അന്നോളമുള്ള ജീവിത സർവ്വസ്വത്തേയോ പ്രമുഖ ഭാഗത്തേയോ ശകലങ്ങളേയോ വിനിയോഗിച്ച് അയാൾക്ക് ആത്മകഥ എഴുതാം. താൻ ജീവിച്ചതൊക്കെ മറ്റുള്ളവരുമായി വാങ്മയ കലയിലൂടെ പങ്കു വെയ്ക്കലാണ് ആത്മകഥ. വിപുലമായ സാംസ്കാരിക