പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിൽ രാജകീയ വരവേല്പ് ലഭിച്ചു. ജോ ബൈഡനും ഭാര്യയും വൈറ്റ് ഹൗസിൽ മോദിക്ക് അത്താഴ വിരുന്നൊരുക്കി. ഐക്യ രാഷ്ട്ര സഭയുടെ ആസ്ഥാനത്തു നടന്ന ലോക യോഗാ ദിനത്തിൽ മോദി മുഖ്യാതിഥിയായിരുന്നു. 195 രാജ്യങ്ങളിൽ നിന്നു പങ്കെടുത്ത യോഗാ പ്രതിനിധികൾക്കൊപ്പം പ്രധാന മന്ത്രിയും യോഗാ ചെയ്തു. ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ അകക്കാമ്പായ യോഗയെ ലോകം ഏറ്റെടുത്തു.
ഉഭയക്ഷി ചർച്ചകളിലൂടെ വിവിധ വ്യാപാര തീരുമാനങ്ങൾ കൈക്കൊണ്ടു. നരേന്ദ്ര മോദിയുടെ ഒരു ഫാനാണ് താൻ എന്ന് അമേരിക്കൻ പ്രസിഡന്റ് തുറന്നു പറഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മിൽ ഐക്യം ഊട്ടി ഉറപ്പിക്കുമ്പോൾ ചൈനയ്ക്കും പക്കിസ്ഥാനും റഷ്യയ്ക്കും ഇന്ത്യ നൽകുന്ന സന്ദേശത്തിന്റെ അകപ്പൊരുൾ എല്ലാവർക്കും മനസ്സിലാകുന്നതാണ്. അമേരിക്കൻ സേന നല്കിയ ഗൺ സല്യൂട്ട് മോദി അഭിമാനത്തോടെ സ്വീകരിച്ചു. അമേരിക്കൻ കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തപ്പോൾ മോദിയും ബൈഡനും പരസ്പരം ആലിംഗനം ചെയ്തത് ഇന്ത്യയുടെ അഭിമാനം ജ്വലിപ്പിച്ചു.
ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്ന് അമേരിക്കൻ പ്രതിധിനി സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ചരിത്ര പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. ഇന്ത്യയിലെ 140 കോടി ജനതയുടേയും അഭിമാന മുഹൂർത്തമായിരുന്നു അത്.
ഇന്ത്യൻ സമൂഹം ഭൗതികമായി വളരുകയാണ്. എന്നാൽ ഭരണത്തിൽ ഹിന്ദുത്വ അജന്റാ അടിച്ചേല്‌പ്പിക്കാനുള്ള ശ്രമം ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ മേൽ കത്തിവയ്ക്കുന്നതാണ്.
കേരളത്തിലെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അമേരിക്കൻ പര്യടനം നടത്തി. വിദ്വാൻ വേഷം കെട്ടി മഠയനാകുന്നത് ആർക്കും ഭൂഷണമല്ല. അദ്ദേഹം ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ പ്രസംഗിച്ചു. ബഹളമയമായ ഒരു കവലയിൽ നിന്ന് പ്രസംഗിച്ചാൽ ആരു കേൾക്കാൻ. ദൂബായിലും ക്യൂബയിലും വിനോദ സഞ്ചാരം കൂടി നടത്തിയിട്ടാണ് അദ്ദേഹം തിരിച്ചു വന്നത്. അപ്പോഴേയ്ക്കും കേരളത്തിൽ വ്യാജ വിദ്യയുടെ ആക്ഷേപങ്ങളാണ് എതിരേറ്റത്.
പ്രഹസനം ആരു നടത്തിയാലും അപഹാസ്യരാകും. പിണറായി ഭാര്യയും പരിവാരങ്ങളുമായുള്ള പര്യടനം കോഴി കോട്ടുവായിടുന്നതു പോലെയായി.
നല്ലതു ആരു ചെയ്താലും പ്രശംസിക്കണം തെറ്റ് ആരു ചെയ്താലും വിമർശിക്കണം.
പ്രൊഫ.ജി.ബാലചന്ദ്രൻ