ഐ. എസ്. ആർ. ഒ. യുടെ പത്താമത്തെ ചെയർമാനായി എസ്. സോമനാഥ് നിയമിതനായത് ഏറെ അഭിമാനകരമാണ്. തുറവൂർ വേടാംപറമ്പിൽ ശ്രീധരപ്പണിക്കരുടേയും അരൂർ സ്വദേശി തങ്കമ്മയുടേയും മകനായ സോമനാഥ് ഇനി അറിയപ്പെടുക ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ ചെയർമാൻ എന്ന നിലയിലും, ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ സെക്രട്ടറി എന്ന നിലയിലും ആയിരിക്കും. കേരളത്തിലെ സർക്കാർ വിദ്യാലയത്തിൽ പഠിച്ച് ഉയരങ്ങൾ കീഴടക്കിയ സോമനാഥിന് ഹൃദയാഭിവാദ്യങ്ങൾ നേരുന്നു. “ഗഗൻയാൻ ” ഉൾപ്പെടെയുള്ള ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾക്ക് ദീപശിഖ തെളിയ്ക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. വിക്രം സാരാഭായി മുതൽ നിരവധിയായ പ്രതിഭാധനർ അലങ്കരിച്ച വലിയ പദവി സോമനാഥിനെ തേടിയെത്തുമ്പോൾ അതിന് പിന്നിൽ കഠിനാദ്ധ്വാനത്തിൻ്റെയും മികവിൻ്റെയും ഒരു ഭൂതകാലമുണ്ട്. ചന്ദ്രയാൻ ഉൾപ്പെടെയുള്ള ഭാരതത്തിൻ്റെ ആകാശ മുന്നേറ്റങ്ങളിൽ സോമാനാഥിൻ്റെ കരസ്പർശം ഉണ്ടായിട്ടുണ്ട്.
ഇന്ത്യയുടെ ശാസ്ത്ര മികവിന് ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. പ്രാചീന ഭാരതം ശാസ്ത്രത്തിന്റേയും സാഹിത്യത്തിന്റേയും കലവറയായിരുന്നു. ക്രിസ്തുവര്‍ഷാരംഭത്തിന് മുന്‍പ് ഭാരതത്തില്‍ ജീവിച്ചിരുന്ന ഏതാനും അത്ഭുത പ്രതിഭാസങ്ങളെ നമ്മള്‍ അറിയാതെയും ഓര്‍ക്കാതെയും പോകുന്നത് ശരിയല്ല. അവരെക്കുറിച്ച് മുഖപുസ്തകത്തിൽ പിന്നീട് പ്രതിപാദിക്കുന്നതാണ്.
(പ്രൊഫ ജി ബാലചന്ദ്രൻ)