ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഴങ്ങിക്കേട്ട നേതാജിയുടെ ധീരോദാത്തമായ മുദ്രാവാക്യമുണ്ട് … ” എനിക്ക് രക്തം തരൂ ! ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം !.. ബ്രിട്ടീഷ് കാരുടെ നീതി നിഷേധത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും ദുർഭരണത്തിൽ നിന്ന് ഇന്ത്യയുടെ വിമോചനത്തിന് സമര പഥങ്ങൾ തിരഞ്ഞെടുത്ത സമരോത്സുകമായ യൗവനമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെത്. ഇന്നത്തെ ഒഡീഷയുടെ ഭാഗമായ കട്ടക്കിൽ ജനിച്ച ബോസ്, വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സാമൂഹിക പ്രതിബദ്ധത മറന്നുള്ള വെള്ളക്കാരൻ്റെ വിദ്യാഭ്യാസ രീതിയെ എതിർത്തു. ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ ഉയർന്ന മാർക്കോടെ പാസായിട്ടും അദ്ദേഹം തിരഞ്ഞെടുത്തത് കോളനി വാഴ്ചക്കെതിരെയുള്ള പോരാട്ട വഴികളായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന നേതാജി, 1938 ലെ ഹരിപുര സമ്മേളനത്തിൽ വച്ച് കോൺഗ്രസിൻ്റെ ദേശീയ പ്രസിഡണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്ക് മൃദു പാതകൾ പോരെന്ന ചിന്ത അദ്ദേഹത്തെ ആൾ ഇന്ത്യാ ഫോർവേർഡ് ബ്ലോക്ക് എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണത്തിന് പ്രേരിപ്പിച്ചു. 1941 ജനുവരി മാസത്തിൽ തടവറയിൽ നിന്ന് രക്ഷപ്പെട്ട്, ജർമ്മനിയിൽ എത്തുകയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഇന്ത്യൻ പോരാളികളെ സജ്ജരാക്കുകയും ചെയ്തു. അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള ലോക ശക്തികൾ നേതാജിക്കായി കെണി ഒരുക്കിയെങ്കിലും, “ആസാദ് ഹിന്ദ് ഫൗജ്” എന്ന ഇന്ത്യൻ സേനയെ രൂപീകരിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഹിറ്റ്ലറും, മുസ്സോളിനിയുമായിപ്പോലും അദ്ദേഹത്തിന് കൈ കോർക്കേണ്ടി വന്നത് ബ്രിട്ടൻ്റെ ഇന്ത്യാ വിരുദ്ധ ചൂഷക സമീപനങ്ങൾ കൊണ്ടായിരുന്നു. തൻ്റെ ഇന്ത്യൻ നാഷണൽ ആർമിയെക്കൊണ്ട് മൗണ്ട് ബാറ്റൻ്റെ കൊളോണിയൽ പടക്കെതിരെ പൊരുതാൻ ബർമ്മ അതിർത്തി വരെ നേതാജി എത്തി . ബ്രിട്ടീഷ്കാർ ഇത്രയേറെ ഭയപ്പെട്ട മറ്റൊരു ഇന്ത്യൻ വിപ്ളവകാരി ഉണ്ടാവില്ല. നേതാജി , ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒളിവിൽ കഴിഞ്ഞേക്കാമെന്നുവരെ ബ്രിട്ടൻ ഭയപ്പെട്ടു. ! തുടർന്ന് 1941 ഫെബ്രുവരി 23 ന് മദ്രാസ് സംസ്ഥാനത്തെ റസിഡന്റ് ആയിരുന്ന ലഫ്റ്റനന്റ് കേണല്‍ ജി പി മര്‍ഫി,തിരുവിതാംകൂർ ദിവാനായ സി.പി. രാമസ്വാമി അയ്യർക്ക് ഒരു കത്തയച്ചു. ! നേതാജിയെ നിരീക്ഷിക്കാൻ ..! പക്ഷെ ആ വാറോലകൾക്കൊന്നും നേതാജിയുടെ നേതൃ ശേഷിയെ തടുക്കാനായില്ല. അതു കൊണ്ട് തന്നെയാണല്ലോ മലയാളികളായ ക്യാപ്റ്റൻ ലക്ഷ്മിയും, കണ്ണേമ്പള്ളി കരുണാകര മേനോനും, വക്കം അബ്ദുൾ ഖാദറും , എൻ. രാഘവനും എല്ലാം നേതാജിയിലേക്ക് ആകൃഷ്ടരായത്. 1945 ഓഗസ്റ്റ് മാസം 18 ന് നേതാജി വിമാനപകടത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്തയുടെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. നേതാജി സുഭാഷ് ചന്ദ്രബോസിന്റ ജന്മദിനമായ ജനുവരി 23 ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ഉചിതമായി. ..
പ്രൊഫ ജി ബാലചന്ദ്രൻ