“സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ ” (ജ്ഞാനപ്പാന)
ഞാനൊരു കോൺഗ്രസ് പ്രവർത്തകനാണ്. 136 വർഷം പ്രായമുള്ള ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ അനേകായിരം കർമഭടൻമാരിൽ ഒരാൾ. കോൺഗ്രസ് അന്നും ഇന്നും ഇന്ത്യൻ ദേശീയത നെഞ്ചോട് ചേര്‍ത്തുപിടിച്ച പാർട്ടിയാണ്. പ്രതിഭാധനരായ എ. ഒ. ഹ്യൂം , W. C ബാനർജി, ഗാന്ധിജി, നേതാജി, നെഹ്രു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവർ നേതൃത്വം നൽകിയ മഹാപ്രസ്ഥാനമായിരുന്നു കോൺഗ്രസ്. ആറ് പതിറ്റാണ്ടു കാലത്തെ എന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഒട്ടേറെ സംഘടനാ സ്ഥാനങ്ങൾ വഹിച്ചു. ആന്‍റണിയോടൊപ്പം കെ.എസ്.യു. വൈസ് പ്രസിഡണ്ടായി. മുല്ലപ്പള്ളിയും ഞാനും യൂത്ത് കോൺഗ്രസ് കൺവീനർമാരായിരുന്നു. ആലപ്പുഴ DCC പ്രസിഡണ്ടായി. AICC അംഗമായി.. ഉയർച്ചയും താഴ്ചയും ഉണ്ടായെങ്കിലും കോൺഗ്രസ് ഇന്നും എൻ്റെ ഹൃദയവികാരമാണ്. കോൺഗ്രസ് ഇപ്പോൾ രോഗശയ്യയിലാണ്. പാർട്ടി നിലനില്‍ക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. നിലവിലെ പരിതാപകരമായ സ്ഥിതി മാറ്റാൻ നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിത്. വിവാദങ്ങള്‍ ഒരു പാർട്ടിക്കും ഭൂഷണമല്ല. ഈ പാർട്ടിയെകൊണ്ട് മാത്രം രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിയവര്‍ വളരെയേറെയാണ്. എന്നാൽ പാർട്ടിക്കായ് ജീവിതം സമർപ്പിച്ച് വഴിയാധാരമായ ലക്ഷോപലക്ഷം പ്രവർത്തകരുണ്ട്. അവരുടെ വികാരം നാം ഉൾക്കൊള്ളണം. മന്ത്രിമാരും, എം.എൽ.എ മാരും എം.പിമാരും ആയവർക്ക് പെൻഷൻ ഉൾപ്പെടെ നല്ല വരുമാന സാധ്യതകൾ ഉണ്ട്. എന്നാൽ അവശത അനുഭവിക്കുന്ന സാധാരണ പ്രവർത്തകരെ തിരിഞ്ഞു നോക്കാൻ ആളില്ല. അവരെ ചേർത്തു നിർത്തണം. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. ഇനിയെങ്കിലും മിടുക്കരെയും യോഗ്യതയുള്ളവരെയും ജനസമ്മതിയുള്ളവരെയും മുഖ്യധാരയിലേക്ക് കൊണ്ടു വരണം. തമ്മിലടിച്ചാണ് യദുകുലം തകര്‍ന്നത്. ശകുനിയുടെ പകിട കൊണ്ടു കുരുകുലം മുടിഞ്ഞു. ഇന്നു വേണ്ടത് സുശക്തമായ കോൺഗ്രസാണ്. എൻ്റെ ജീവിതത്തിൻ്റെ നല്ലൊരു പങ്കും ഞാന്‍ പാർട്ടിക്കുവേണ്ടി ചിലവഴിച്ചു എന്ന ആത്മ സംതൃപ്തിയുണ്ട്. ഇപ്പോൾ എഴുപതു വയസ് പിന്നിട്ടു. ഇനി സജീവ രാഷ്ട്രീയം നിർത്തുകയാണ്. സാധാരണ കോണ്‍ഗ്രസ്സുകാരനായി ഇനിയും ഞാൻ തുടരും.
ചുമരുണ്ടെങ്കിലെ ചിത്രം വരയ്ക്കാൻ കഴിയൂ. ഇനിയും ഒരു തോല്‍വി ഏറ്റുവാങ്ങാന്‍ കോണ്‍ഗ്രസ്സിന് ശക്തിയില്ല. ഇത്രയുമായിട്ടും നേതാക്കള്‍ പാഠം പഠിക്കാത്തത് എന്ത്? പ്രിയമുള്ള നേതാക്കൾ സംയമനം പാലിക്കുമല്ലോ ? : സ്നേഹപൂർവ്വം. പ്രൊഫ ജി ബാലചന്ദ്രൻ ‘