“ഒരേയൊരു ഭൂമി” എന്ന പ്രമേയത്തിൽ 1974 ജൂൺ 5 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നത്. “പ്ലാസ്റ്റിക് മാലിന്യത്തെ ചെറുക്കാം” എന്നാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം. നാം അധിവസിക്കുന്ന ഭൂമിയെ വാസയോഗ്യമാക്കി നിലനിർത്തുക എന്ന വലിയ അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ വേണ്ടിയാണ് സ്റ്റോക്ഹോം പ്രഖ്യാപനത്തോടെ പരിസ്ഥിതി ദിനം ലോകമെങ്ങും ആചരിച്ചു തുടങ്ങിയത്. മനസ്സിലും ഹൃദയത്തിലും നന്മയുടെ പച്ചപ്പ് സൂക്ഷിച്ച് നല്ല നാളെക്കായ് പുതുശ്വാസം പകരുന്നതിൽ പരിസ്ഥിതി ദിനത്തിന് ഏറെ പങ്കു വഹിക്കാനുണ്ട്.പ്രപഞ്ചത്തിലെ ഏക വാസയോഗ്യമായ ഭൂമിയും അതിജീവനത്തിനായി പോരടിക്കുകയാണ്. അതിനു കാരണം അനുദിനം പെരുകുന്ന മാലിന്യക്കൂമ്പാരങ്ങളാണ്. കരയും പുഴയും കടലും കായലും മാത്രമല്ല മഞ്ഞ് മാമലകളുടെ രാജാവായ എവറസ്റ്റിനെ പോലും പാസ്റ്റിക് മാലിന്യം കീഴടക്കുന്നു എന്നറിയുമ്പോഴാണ് അതിൻ്റെ ഭീകരത നമുക്ക് അറിയാൻ കഴിയൂ. മനുഷ്യനെ മാത്രമല്ല പരിസ്ഥിതി സംതുലാനാവസ്ഥ നിലനിർത്തുന്ന സസ്യജന്തുജാലങ്ങളെയെല്ലാം നശിപ്പിക്കാനുള്ള ശേഷി പ്ലാസ്റ്റിക്കിനുണ്ട്. നമ്മുടെ കൂട്ടായ പ്രവർത്തനങ്ങൾ മാത്രം പോര, സർക്കാരിൻ്റെ ആത്മാർത്ഥമായ നയസമീപനങ്ങൾ കൂടി ഇക്കാര്യത്തിൽ ആവശ്യമാണ്. ബ്രഹ്മപുരത്തെ തീപിടുത്തവും അതിൽ സർക്കാർ കാണിച്ച കെടുകാര്യസ്ഥതയും വരും നാളുകളിൽ നാടിനെ പ്രതികൂലമായി ബാധിക്കും എന്ന് തീർച്ചയാണ്. സി.പി.എമ്മിനായി സ്വന്തം വിടും ഭൂമിയും പോലും സമർപ്പിച്ച മലപ്പുറത്തെ ഒരു പൊതു പ്രവർത്തകൻ ജീവാഹുതി നടത്തേണ്ടി വന്നത് പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിനിടെയാണ്. ശുദ്ധവായുവും ശുദ്ധജലവുംകൊണ്ട് സമൃദ്ധമായ പച്ചപ്പട്ടുടുത്ത കേരളം വീണ്ടെടുക്കാൻ നമുക്കും യത്നിക്കാം.
പ്രൊഫ.ജി.ബാലചന്ദ്രൻ