പ്രശസ്തിയുട കൊടുമുടിയിൽ നില്ക്കുന്ന പിക്കാസോയോട് ഒരിക്കൽ ഒരു പത്ര പ്രവർത്തകൻ ചോദിച്ചു. “കൈ കാലുകൾ ബന്ധിച്ച് കാരാഗൃഹത്തിൽ പൂട്ടിയിട്ടാൽ താങ്കൾ എങ്ങനെ വരയ്ക്കും?” പിക്കാസോയുടെ മറുപടി “ഞാൻ നാവുകൊണ്ട് ഭിത്തിയിൽ ചിത്രം വരയ്ക്കും”. അദമ്യമായ ആത്മാവിഷ്ക്കാര ത്വര അദ്ദേഹത്തിന്റെ സൃഷ്ടികളിലെല്ലാം കാണാം.
പാബ്ലോ പിക്കാസോ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാണ്. രൂപങ്ങളെ യഥാതഥമായി പുന:സൃഷ്ടിച്ച ക്ലാസ്സിക്കൽ പാരമ്പര്യവും ഇംപ്രഷനിസവും എല്ലാം പിക്കാസോയുടെ മോഡേൺ ആർട്ടിനു മുൻപിൽ അമ്പരന്നു നിന്നു. ക്യൂബിസം എന്ന ചിത്രകലാ പ്രസ്ഥാനത്തെ അദ്ദേഹം സൃഷ്ടിച്ചു. 1881 ൽ സ്പെയിനിലാണ് പിക്കാസോ ജനിച്ചത്. അദ്ദേഹം പാരീസിലെത്തി. പാശ്ചാത്യ ചിത്രകലയുടെ തലസ്ഥാനമായിരുന്നു പാരീസ്.
ചിത്രകലയുടെ പുതുയുഗത്തിന്റെ സ്രഷ്ടാവാണ് പിക്കാസോ. അഞ്ചു സ്ത്രീകളുടെ നഗ്നരൂപങ്ങൾ വരച്ചു. പക്ഷേ അത് കാഴ്ചയിൽ നഗ്നരൂപങ്ങളായിരുന്നില്ല. പൊട്ടിയ കണ്ണാടിക്കഷണങ്ങൾ ചേർത്തു വച്ചതു പോലെയാണ് സ്ത്രീശരീരങ്ങൾ അദ്ദേഹം വരച്ചത്. പുതിയ രീതിയിൽ സ്ത്രീ രൂപത്തിന്റെ ഭംഗി, സ്ഥലമാനം തുടങ്ങിയവ ഈ ചിത്രം ഇല്ലാതാക്കി. ക്യൂബിസം എന്ന പേരിലാണ് പിക്കാസോയുടെ ചിത്രങ്ങൾ അറിയപ്പെട്ടത്. പിക്കാസോയും ബ്രാക്കും സഹകരിച്ചു വരച്ച ചിത്രങ്ങൾ ഒരു വസ്തുവിന്റെ യഥാർത്ഥ പ്രതിബിംബം എന്ന ആശയത്തെ തകിടം മറിച്ചു. ചിത്രകലയുടെ ദൃശ്യ ഭാഷ തന്നെ മാറി.
ക്യാൻവാസിൽ പെയിന്റ് ചെയ്ത ഭാഗങ്ങൾക്കൊപ്പം ഒരു കഷണം ഓയിൽത്തുണിയും കടലാസും ഒട്ടിച്ചു വച്ച് പിക്കാസോ ആദ്യത്തെ കൊളാഷ് സൃഷ്ടിച്ചു. തുണി കടലാസ് മുതലായ സാമഗ്രികൾ ഒരുമിച്ചു ചേർത്തു സൃഷ്ടിക്കുന്ന സങ്കര ചിത്രങ്ങളാണ് കൊളാഷുകൾ. ജീവിതത്തിലുടനീളം പിന്നീട് ഈ ശൈലിയാണ് സ്വീകരിച്ചത്.
പിക്കാസോയുടെ ഏറ്റവും പ്രശസ്തമായ ചിത്രം ഗെയ്ർണിക്ക ആണ്. 20ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. സ്പെയിനിലെ “ഗെവ്ർണിക്ക” നഗരം ബോംബിട്ടു നശിപ്പിച്ചു. ഈ നിഷ്ഠൂരാക്രമണം പിക്കാസോയുടെ ഹൃദയത്തെ മഥിച്ചു. അതിന്റെ ബഹി: സ്ഫുരണമായിരുന്നു ഗെയ്ർണിക്ക എന്ന ചിത്രത്തിന്റെ സൃഷ്ടിക്ക് ആധാരം. കറുപ്പ്, വെളുപ്പ്, ചാരം എന്നീ വർണ്ണങ്ങൾ മാത്രമാണ് പിക്കാസോ ഈ ചിത്രത്തിലുപയോഗിച്ചത്. ഈ കൂറ്റൻ ചിത്രത്തിൽ നിലവിളിക്കുന്ന മനുഷ്യ ശിരസുകളും മൃഗത്തലകളും നിറഞ്ഞു നില്ക്കുന്നു. ഗെയ്ർണിക്കയിൽ യുദ്ധത്തിന്റെ നിരർത്ഥകതയും ഭീകരതയും വെളിപ്പെടുത്തി. കാളത്തല, മരിക്കുന്ന കുതിര,വീണു കിടക്കുന്ന പോരാളി, അമ്മയും മരിക്കുന്ന ശിശുവും, കത്തുന്ന വീട്ടിൽ കുടുങ്ങിയ സ്ത്രീയുടെ ജനാലയിൽ നിന്ന് വിളക്കേന്തി നിൽക്കുന്ന കൈ തുടങ്ങിയ ബിംബങ്ങളാണ് ചിത്രത്തിലുള്ളത്. നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് ആ ചിത്രത്തിൽ നോക്കി മിഴിച്ചു നിലക്കുവാനേ കഴിയൂ. അതിന്റെ വിശദീകരണവും വ്യാഖ്യാനവും വായിച്ചു കഴിഞ്ഞപ്പോഴാണ് ആ ചിത്രത്തിന്റെ മഹത്ത്വം വെളിവായത്. ചിത്രങ്ങൾ മാത്രമല്ല ശില്പങ്ങളും അദ്ദേഹം സൃഷ്ടിച്ചു. പാഴ് വസ്തുകൾ കൊണ്ട് അസാധാരണ ശില്പങ്ങൾ നിർമ്മിച്ചു.
സൈക്കിൾ സീറ്റിൽ ഹാൻഡിൽ ബാർ വെൽഡു ചെയ്തു നിർമ്മിച്ച “കാളത്തല” പ്രശസ്തമാണ്.
പ്രഥമ വീക്ഷണതിൽ ദുരൂഹമായ പിക്കാസോയുടെ ചിത്രങ്ങൾ മനസ്സിലാകണമെങ്കിൽ ഒരു ടിപ്പണി കൂടി വേണമെന്ന് വിമർശകർ കളിയാക്കി പറഞ്ഞിരുന്നു.
പ്രൊഫ.ജി.ബാലചന്ദ്രൻ
ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ
ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി